വെസ്റ്റിൻഡീസിനെതിരായ വിജയം; ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി വിരാട് കൊഹ്‍ലിക്ക് സ്വന്തം

95

കിങ്സ്റ്റൻ : വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ 257 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി വിരാട് കൊഹ്‍ലിക്ക് സ്വന്തം. എം.എസ് ധോണിയുടെ റെക്കോര്‍ഡാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്. 48 ടെസ്റ്റുകളില്‍ 28 എണ്ണം സ്വന്തമാക്കിയാണ് കൊഹ്‍ലി, ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയ നായകനായത്.

ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങള്‍ എന്ന നേട്ടത്തെയാണ് കൊഹ്‍ലി പിന്നിലാക്കിയത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചാണ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് വിജയം സ്വന്തമാക്കിയിത്. ധോണിയ്ക്ക് കീഴില്‍ 18 മത്സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ 15 മത്സരങ്ങള്‍ സമനിലയിലായി. 45 ആണ് ധോണിയുടെ വിജയശതമാനം. എന്നാല്‍ വെറും 48 മത്സരങ്ങളില്‍ മാത്രം ഇന്ത്യയെ നയിച്ചാണ് കൊഹ്‌ലി 28 വിജയങ്ങള്‍ സ്വന്തമാക്കിയത്. പത്ത് വീതം തോല്‍വിയും സമനിലയുമാണ് കൊഹ്‌ലിയ്ക്ക് കീഴില്‍ ഇന്ത്യയുടെ റെക്കോര്‍ഡ്. 58.33 ആണ് കൊഹ്‌ലിയുടെ വിജയശതമാനം. സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാമത്. 49 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി 21 വിജയങ്ങള്‍ നേടിയപ്പോള്‍ 13 മത്സരങ്ങള്‍ തോല്‍ക്കുകയും 15 മത്സരങ്ങള്‍ സമനിലയിലാകുകയും ചെയ്തു. 42.86 ആണ് ഗാംഗുലിയുടെ വിജയശതമാനം. 2014 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയാണ് കൊഹ്‌ലി നായകസ്ഥാനത്തേക്കെത്തുന്നത്.