പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും എന്നാണ് വിവരം.
രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷംഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.
അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര് ഹൈറിസ്ക് വിഭാഗത്തിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സ്ഥിതി പരിശോധിക്കാനായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയിരുന്നു.