സന്തോഷം, അത് അവനവൻ തിരഞ്ഞെടുക്കുന്നതു തന്നെയാണ്

1628

ഷെറീഫ് കോഴിക്കോട്

കാഴ്ചക്കപ്പുറത്തേക്ക് മാറ്റി വെക്കുന്നവരെ കണ്ണീരിന്റെ മേലാപ്പ് ചാർത്താതെ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്ന മികച്ച ഒരു ഷോർട്ട് ഫിലിമാണ് ” വാനിൽ”

സന്തോഷിക്കാൻ നമ്മളങ്ങ് തീരുമാനിച്ചാൽ പിന്നെ ഒരാൾക്കും അത് തടയാൻ പറ്റില്ലെന്ന്, “അപ്പോൾ എന്താണ് സന്തോഷം …, അത് അവനവന്റെ തെരഞ്ഞെടുപ്പ് തന്നെയാണ്.” “വാനിൽ ” എന്ന ഹൃസ്വ ചലച്ചിത്രം നമ്മളെ
അത് ബോധ്യപ്പെടുത്തുന്നു .

നാം കാഴ്ചക്കപ്പുറത്തേക്ക് മാറ്റി വെക്കുന്നവരെ കണ്ണീരിന്റെ മേലാപ്പ് ചാർത്താതെ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്ന മികച്ച ഷോർട്ട് ഫിലീമാണ്. ഭിന്ന ശേഷിക്കാരുടെ ലോകത്തിലേക്ക് സഹതാപത്തിന്റെ മേൽപുതപ്പ് മാത്രം വലിച്ച് വെക്കുന്ന സാധാരണ ചിത്രങ്ങളെക്കാൾ എന്ത് കൊണ്ടും വഴി മാറി നടക്കുന്നതാണ് ഞാൻ കണ്ട “വാനിൽ, “

കഥ പറയുന്ന രീതിയിൽ എവിടെയെങ്കിലും കുറവ് കാണാമെങ്കിലും, അഞ്‍ജുവായും, ജേക്കായും അഭിനയിച്ച കാർത്തികയുടെയും ,എറിക് ജോണിന്റെയും നൈസർഗികമായ അഭിനയം മാത്രം മതി പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ, ഒപ്പം ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറയും, ദൃശ്യങ്ങളെ കോർത്തിണക്കി തന്ന എഡിറ്റിംഗും, അനുയോജ്യമായ സംഗീതവും, കൈയടക്കം നേടിയ സംവിധാനവും മികച്ച നിലവാരത്തിലാണ്.

മെയ് മാസ പൂവുകൾ വീണടിഞ്ഞ അനാഥാലയ വഴികളിൽ നിന്നും ജാക്കിന്റെ പാദങ്ങളെ തിരകളുടെ വെൽവെറ്റണിയിക്കുന്ന അഞ്‍ജുവിന്റെ ഹൃദയം നോക്കി നോക്കി നിൽക്കുമ്പോൾ നമ്മളിലേക്കും മനുഷ്യത്വത്തിന്റെ മഹാസാഗരം ഇരമ്പിയാർക്കുകയാണ്. കുറെക്കൂടി ശ്രദ്ധിച്ചാൽ പത്തരമാറ്റുള്ള സംഭവങ്ങൾ അരുൺ പത്മനാഭനും സുഹൃത്തുക്കളിൽ നിന്നും കലാ കേരളം കാണുക തന്നെ ചെയ്യും.