സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി

2478

തിരുവനന്തപുരം:സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി . മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഒപ്പിട്ട് നല്‍കിയ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ്സര്‍വകലാശാലകളില്‍ അദാലത്തുകള്‍ നടത്തിയത്. അദാലത്തുകളില്‍ നേരിട്ട് ഇടപെട്ടിട്ടില്ല എന്ന മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന കുറിപ്പ് ഒരു ചാനൽ പുറത്തുവിട്ടു

അദാലത്തിനെ കുറിച്ച് ചോദിക്കുബോള്‍ സര്‍വകലാശാലകളുടെ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം എന്നാണ് മന്ത്രി മറുപടി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പാണ് പുറത്തായത്.

ഇതില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കത്തെഴുതുന്നത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടാതെ മന്ത്രിയുടെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും ഷറഫുദ്ദീന്‍റെ കുറിപ്പില്‍ പറയുന്നു. ഷറഫുദ്ദീനാണ് എം.ജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ പങ്കെടുത്തതും, ബി.ടെകിന് എല്ലാ ചട്ടങ്ങളും മറികടന്ന് മാര്‍ക്ക് കൂട്ടി നല്‍കാൻ നിര്‍ദേശം നല്‍കിയതും. ഇത് വിവാദമായിരുന്നു.

സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ഉത്തരവിറക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ നേരിട്ട് ഉത്തരവ് നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ഷറഫുദ്ദീന്‍റെ കുറിപ്പില്‍ ഒരു മാറ്റവും വരുത്താതെ രണ്ട് ദിവസം കഴിഞ്ഞ് അതായത് ഫെബ്രുവരി നാലിന് പ്രിൻസിപ്പല്‍ സെക്രട്ടറി ഇത് ഉത്തരവായി ഇറക്കിയത് മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടേയും സമ്മര്‍ദ്ദം കൊണ്ടാണെന്നും സൂചനയുണ്ട്.