അഖിൽ ചന്ദ്രനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.

14

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് കോളെജിലെത്തിച്ച് തെളിവെടുത്തു. വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. കോളെജിലെ ചവറുകൂനയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. മുഖ്യപ്രതി ശിവരഞ്ജിത്താണ് പൊലീസിന് കത്തി കാണിച്ചു കൊടുത്തത്.

കോളെജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു.

യൂണിവേഴ്‍സിറ്റി കോളെജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം യൂണിവേഴ്സിറ്റി കോളെജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.