കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ഉണ്ട’യുടെ ടീസർ റിലീസിനു വൻ വരവേൽപ്പ് .ഇതുവരെ ഒരു കോടിയിൽ പരം ആളുകളാണ് യൂട്യൂബിൽ ടീസർകണ്ടത് . വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് ഉണ്ടയുടെ ടീസര്‍ പുറത്തുവിട്ടത്. അന്ന് തന്നെയാണ് യുട്യൂബിലും റിലീസ് ചെയ്തത് .പൊലീസ് കഥകളുടെ സ്ഥിരം ശൈലിയിൽ നിന്നും മാറി വേറിട്ടൊരു പ്രമേയമായിരിക്കും ചിത്രത്തിനുള്ളത് എന്നാണ് ഉണ്ടയുടെ ടീസറിൽ നിന്നും ലഭിക്കുന്ന സൂചന.
ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്ത് തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ‘ഉണ്ട’യുടെ പ്രമേയം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹര്‍ഷാദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.