എലിയെ തോൽപ്പിക്കാൻ ഇല്ലം ചുട്ടവർ. ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയുടെ ഉള്ളറകൾ – ഭാഗം 2

3897

18 വർഷം മുൻപ് ഇല്ലത്തു നിന്നും രക്ഷപെട്ട ഏലി പേരാവൂരിൽ ഇരുന്നു ചിരിക്കുന്നു . ഇല്ലം ചുട്ടവരും, കട്ടവരും നെട്ടോട്ടം ..
രക്ഷപെടുവാനുള്ള വഴികളൊക്കെ അടച്ച ചാണക്യ തന്ത്രം .
പുലിയായി മാറിയ ഏലി പിന്നാലെ…എലിയെ തോൽപ്പിക്കാൻ ഇല്ലം ചുട്ടുവെന്നൊക്കെ നാം കേട്ടിട്ടുണ്ട് . എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു ഇല്ലം ചുടൽ ടൈറ്റാനിയം അഴിമതിയുടെ ഒരു പ്രത്യേകത ആണ് . ഒരു തൊഴിലാളി ചൂണ്ടിക്കാട്ടിയത് ശരിയാണെന്നു അംഗീകരിക്കുവാനുള്ള ചിലരുടെ ദുരഭിമാനം. അതൊരു അഴിമതി ദുരന്തം ആയി മാറി എന്നതാണ് വസ്തുത

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും, തോമസ് ഐസക് ധനകാര്യ മന്ത്രിയും, എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയും ആയിരുന്ന സമയത്തു ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ടു 1.3.2011ൽ സർക്കാർ ഇറക്കിയ ഒരു ഉത്തരവ് ആണ് ഈ രേഖ .(G.O.( Ms) NO.67/2011/ID ) ടൈറ്റാനിയം കമ്പനി മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു 2007-08 കാലഘട്ടത്തിൽ ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികളുടെ കസ്റ്റംസ് നികുതി ആയ 14.63. കോടി രൂപയും, പലിശയും, പിഴയും ഖജനാവിൽ നിന്നും നൽകാം എന്നാണു ഉത്തരവ്.17.32 കോടി രൂപയാണ് അന്ന് മൊത്തം നികുതി ഇളവ് നേടിയത്.15% പലിശ. 13 വർഷത്തെ പലിശയും, കൂട്ട് പലിശയും, 2017 ൽ വിദേശ വ്യാപാര വകുപ്പ് ചുമത്തിയ 35 കോടിയുടെ പിഴയും കണക്കാക്കുമ്പോൾ ഇപ്പോൾ നൽകേണ്ടത്ഏകദേശം 100 കോടി.

ഇത് കൂടാതെ കോടികൾ പിഴ ചുമത്താവുന്ന മറ്റു ക്രമക്കേടുകളും ഉണ്ടായി. ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ നികുതി ഇളവിന് യോഗ്യമായിരുന്നില്ല. ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉത്പാദനവും ആയി നേരിട്ടൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഉൽപ്പാദനത്തിന് അത്യാവശ്യം എന്ന് കള്ളത്തരം എഴുതി നൽകി നികുതി ഇളവ് നേടി . 62.5 കോടി വിദേശ കമ്പനിക്ക് നൽകി യന്ത്ര സാമഗ്രികൾ ഇറക്കുമതി നടത്തി കണ്ടെയ്നർ പോലും പൊട്ടിക്കാതെ പദ്ധതി ഉപേക്ഷിച്ചു. ഉൽപ്പാദനത്തിന് അത്യാവശ്യം എന്ന് പറഞ്ഞ ആസിഡ് റിക്കവറി പ്ലാന്റ് ഉപേക്ഷിക്കുകയാണെന്നും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിക്കാൻ അത് ആവശ്യമില്ലെന്നും 2009 ൽ കേരള ഹൈക്കോടതിയിൽ കമ്പനി സത്യവാങ്മൂലം നൽകി. 2010 ൽ നികുതി അടക്കുവാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ പദ്ധതി ഉപേക്ഷിച്ചതാണെന്നും, ഇൻസ്റ്റലേഷൻ സർട്ടിഫിക്കേറ്റ് ഒരിക്കലും നൽകുവാൻ കഴിയുകയില്ല എന്നും അറിയാമായിരുന്നിട്ടും കള്ളത്തരം എഴുതി നൽകി ഇൻസ്റ്റലേഷൻ സർട്ടിഫിക്കേറ്റ് സമർപ്പിക്കുവാൻ സമയം നീട്ടി ചോദിച്ചു.ഈ ക്രമക്കേടുകൾ ഒക്കെ 2010 ൽ തന്നെ കൊച്ചിൻ കസ്റ്റംസിനെയും, വിദേശ വ്യാപാര വകുപ്പിനെയും, റവന്യൂ ഇന്റലിജൻസിനെയും ഞാൻ അറിയിച്ചിരുന്നുവെങ്കിലും കേരളത്തിലെ കള്ളന്മാരായ രാഷ്ട്രീയക്കാരും, ഐ എ എസ് കാരും ഇടപെട്ടു റവന്യൂ റിക്കവറി നീട്ടിക്കൊണ്ടുപോയി . ബാന്ഗ്ലൂരിലുള്ള അപ്പലേറ്റ് ട്രിബുണലും ഈ തട്ടിപ്പിന് കൂട്ട് നിന്നു. കസ്റ്റംസ് ആക്ട് 114 AA പ്രകാരം കള്ളത്തരം കാണിച്ചാൽ ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികളുടെ വിലയുടെ അഞ്ചിരട്ടി വരെ പിഴ ചുമത്താം. അതായത് 300 കോടി വരെ. കോടികൾ പിഴ ചുമത്താൻ കഴിയുന്ന തട്ടിപ്പു അന്വേഷിക്കാതെ, വിവരം നൽകിയ എന്നെ ആക്ഷേപിക്കുകയാണ് കസ്റ്റംസ് ചെയ്തത്. എലി പിന്നാലെ തന്നെ ഉണ്ട്.

ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിനോട് എല്ലാ ബഹുമാനത്തോടും കൂടി ചോദിക്കുകയാണ് .. സംസ്ഥാനത്തിന്റെ പൊതു കടം ഒരു ലക്ഷം കോടിക്ക് മുകളിൽ. കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കർഷകരെ സഹായിക്കാൻ ഖജനാവിൽ പൈസ ഇല്ല. പ്രളയവും, ദുരിതങ്ങളും മൂലം പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുന്നു. ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുന്നു. ഈ സാഹചര്യത്തിൽ അഴിമതിയുടെ ബാധ്യതയായ 100 കോടി ഖജനാവിൽ നിന്നും നൽകാമെന്ന് പറയുന്നത് ഏതു കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും, അടവ് നയവുമാണ് ? ടൈറ്റാനിയം കമ്പനി നഷ്ടമാക്കിയ 280 കോടി വെറും ജാഗ്രത കുറവ് ആണെന്നാണോ താങ്കളുടെ പാർട്ടിയുടെ നിലപാട് ? അഴിമതിക്കാരുടെ /കോടികളുടെ പൊതുമുതൽ നഷ്ടത്തിന് ഉത്തരവാദികൾ ആയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുവാൻ രാജ്യത്തു നിയമം ഇല്ലേ ? വകുപ്പ് തല അന്വേഷണം നടത്തും എന്ന് 1.3.2011 ലെ ഉത്തരവിൽ ഉണ്ട് ? എന്ത് അന്വേഷണം നടത്തി, എന്ത് നടപടി എടുത്തു ? 100 രൂപ കൈക്കൂലി മേടിക്കുന്ന വില്ലേജ് ഓഫീസർക്ക് എട്ടു കൊല്ലം കഠിന തടവ് നൽകുന്ന നാട്ടിൽ കോടികൾ വെട്ടിച്ചാൽ കുഴപ്പം ഇല്ലേ ? പൊതു മേഖല സ്ഥാപനങ്ങൾ രാഷ്ട്രീയക്കാർക്കും , ഉദ്യോഗസ്ഥന്മാർക്കും കൊള്ളയടിക്കുവാനുള്ള സ്ഥാപനങ്ങൾ ആണോ ?

കസ്റ്റംസ് നികുതിയും , പലിശയും , പിഴയുമായ 100 കോടി കൂടാതെ ഈ ഇറക്കുമതി ഇടപാടിൽ മറ്റൊരു 100 കോടി കൂടി നഷ്ടം ആയി. വിദേശ കമ്പനിക്ക് യൂണിയൻ ബാങ്കിന്റെ കഴക്കൂട്ടം ശാഖാ വഴി നൽകിയത് 62.5 കോടി രൂപ, ഇറക്കുമതിക്ക് വേണ്ടി യൂണിയൻ ബാങ്കിന്റെ കരമന ശാഖയിൽ നിന്നും വായ്പയെടുത്ത 45 കോടി രൂപയ്ക്കു പലിശയായി നൽകിയ 30 കോടി രൂപ, മെക്കോൺ എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് നൽകിയ 5.5. കോടി രൂപ, കസ്റ്റംസ് ഡ്യൂട്ടി ആയി 2007-08 കാലഘട്ടത്തിൽ നൽകിയ 3.5 കോടി രൂപ. കൊച്ചിൻ പോർട്ടിൽ ഡെമറേജ് ആയി നൽകിയ 35 ലക്ഷം രൂപ, പദ്ധതി നേടി എടുക്കുവാൻ ഇന്ത്യയിലെ വമ്പന്മാരായ വക്കീലന്മാർക്കു ഫീസ് ആയി നൽകിയ 40 ലക്ഷം രൂപ, ആഗോള ടെണ്ടർ വിളിക്കാൻ പാഴാക്കിയ ലക്ഷങ്ങൾ. ഉദ്യോഗസ്ഥന്മാർ ടി. എ. ഡി .എ. ഇനത്തിൽ വിഴുങ്ങിയ ലക്ഷങ്ങൾ . ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ മുഴുവൻ 13 വർഷം ആയി തുരുമ്പെടുത്തു നശിക്കുന്നു. ഇറക്കുമതിയുടെ മാത്രം നഷ്ടം 200 കോടി.
ഈ പദ്ധതി നടപ്പിലാക്കാൻ കമ്പനിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടും എന്നും ആരും പറഞ്ഞിട്ടില്ല. ഈ വസ്തുത മലിനീകരണ നിയന്ത്രണ ബോർഡും, ഹൈക്കോടതിയും, കേരള വിജിലൻസും ശരി വെച്ചതുമാണ്. അപ്രായോഗികമായ, അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ ഈ പദ്ധതി 2001 മാർച്ച് 15 നു ജീവനക്കാരനായിരുന്ന സെബാസ്റ്റ്യൻ ജോർജ് ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങി കമ്പനിയുടെ തലയിൽ നിന്നും ഒഴിവാക്കി കൊടുത്തിരുന്നതാണ്. ( Complaint no 544/2000 dt 15.3.2001) എന്നാൽ ഹൈക്കോടതി അനാവശ്യമായി ഇടപെട്ടു ലോകായുക്തിന്റെ വിധി അട്ടിമറിച്ചു (OP 1472/2001 dt 23.3.2001 ). ഈ പദ്ധതിയെ എതിർത്ത് കൊണ്ട് കേരളം ഹൈക്കോടതിയിൽ ഞാൻ നൽകിയ 7 സത്യവാങ്മൂലങ്ങൾക്കു പുല്ലു വില പോലും കൽപ്പിക്കാതെ, അത് വായിച്ചു പോലും നോക്കാതെ, ഹൈക്കോടതി ജഡ്ജിമാർ ഈ പദ്ധതിക്ക് അനുവാദം നൽകി, എക്സ്റ്റൻഷൻ നൽകി . ഈ അഴിമതിയും, പൊതുമുതൽ നഷ്ടവും തടയുവാൻ ആവശ്യപ്പെട്ടു കൊണ്ട് 2003 മാർച്ചു മുതൽ അധികാര കേന്ദ്രങ്ങൾക്ക് ഞാൻ നൽകിയത് ഡസൻ കണക്കിന് പരാതികൾ. കോടികളുടെ അഴിമതി എല്ലാവരും വായും പൊളിച്ചു നോക്കി നിന്നു . എന്റെ പരാതിയിലുള്ള വിജിലൻസ് അന്വേഷണം 2009 ൽ അട്ടിമറിക്കപ്പെട്ടു . വിവരാവകാശ നിയമം ഉപയോഗിച്ച് അന്വേഷണം നടത്തി 158 അനുബന്ധ രേഖകൾ സഹിതം 900 പേജ് വരുന്ന അന്വേഷണ റിപ്പോർട്ട് 2011 ൽ വിജിലൻസിന് ഞാൻ നൽകി . പദ്ധതിയിലെ പൊതുമുതൽ നഷ്ടവും അഴിമതിയും , അഴിമതിയുടെ ഉദ്ദേശവും , അധികാര ദുർവിനിയോഗവും , കുറ്റകരമായ അനാസ്ഥയും കിറു കൃത്യമായി വ്യക്തമാക്കുന്ന , ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത റിപ്പോർട്ട് .. എന്റെ മറുവാദം കേട്ട ശേഷമേ കോടതിയിൽ റിപ്പോർട്ട്എ നൽകാവൂ എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നതാണ് എന്നിട്ടും കോടികളുടെ അഴിമതിക്ക് /പൊതുമുതൽ നഷ്ടത്തിന് ഉത്തരവാദികൾ ആയവരെ രക്ഷിക്കുവാൻ കേരള വിജിലൻസ് 2013 മാർച്ചിൽ കോടതിയിൽ റിപ്പോർട്ട് നൽകി . സെബാസ്റ്റ്യൻ ജോർജിന് അഴിമതി തെളിയിക്കുവാൻ കഴിഞ്ഞില്ല. വ്യക്തികളെ ചോദ്യം ചെയ്യുവാനോ, അവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോദിക്കുവാനോ എനിക്കധികാരം ഇല്ല. എങ്ങിനെ ആണ് ഞാൻ അഴിമതി തെളിയിക്കേണ്ടതെന്നു കേരളത്തിലെ ഐ പി എസ് കാരും , ജഡ്ജിമാരും, വക്കീലന്മാരും എനിക്കൊന്നു പറഞ്ഞു തരണം. ആരും ആവശ്യപ്പെടാത്ത ഒരു പദ്ധതി, ലോകായുക്തിന്റെ വിധിയും, എന്റെ എതിർപ്പും അവഗണിച്ചുകൊണ്ട് മുൻപോട്ടു പോയി കോടികൾ തുലച്ചത് അഴിമതി അല്ലെങ്കിൽ പിന്നെന്താണെന്നു എനിക്കൊന്നു പറഞ്ഞു തരണം .
പദ്ധതി നടപ്പിലാക്കി കമ്പനിയെയും , ജീവനക്കാരെയും , നാട്ടുകാരെയും രക്ഷിക്കുവാൻ അഹോരാത്രം പ്രയത്നിച്ചവരും , കണ്ണടച്ചുകാണിച്ചവരും , ആശംസകൾ നേർന്നവരും ആരൊക്കെ എന്ന് കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരിക്കണം .. മഹാന്മാർക്കു വല്ല പദ്മശ്രീയും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ . അഴിമതിയുടെ ഉദ്ദേശം അൽപ്പം പോലും ഇല്ലെന്നു ഇന്ത്യയിലെ ഏറ്റവും മികച്ച വിജിലൻസായ കേരള വിജിലൻസ് പറയുമ്പോൾ ഇവരെ ഒക്കെ അഴിമതിക്കാരായി/പൊതുമുതൽ നഷ്ടത്തിന് ഉത്തരവാദികൾ ആയി ജനങ്ങൾ തെറ്റിദ്ധരിച്ചേക്കരുത് .
വ്യവസായ വകുപ്പ് മന്ത്രിമാരായ കുഞ്ഞാലികുട്ടി , എളമരം കരീം , ഇബ്രാഹിം കുഞ്ഞു , ഐ എ എസ് കാരായ കെ മോഹൻദാസ് , ടി .ബാലകൃഷ്ണൻ , പി എച് കുരിയൻ .. കെ എസ് ശ്രീനിവാസ് ഐ എ എസ് ,പിന്നെ മറ്റു ചിലരും .. കമ്പനി മാനേജിങ് ഡയറക്ടർ മാരായിരുന്ന ശിവപ്രസാദ് , വി എസ് ബഷീർ, ഈപ്പൻ ജോസഫ് പിന്നെ മറ്റു ചിലരും . കമ്പനിയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ , ഐ എ എസ് കാരുടെ സമിതി ആയ ബ്യുറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് , മെക്കോണിലെ വിദഗ്ദന്മാർ , തിരുവനതപുരത്തുള്ള ടൈറ്റാനിയം കമ്പനിയെ രക്ഷിക്കുവാൻ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയ പാലാരിവട്ടംകാരൻ സി കെ ജയറാം , അയാളുടെ വക്കീൽ മുൻ ജഡ്ജി വി .ഗിരി , ലോകായുക്തിനെ തെറിപ്പിച്ചു പദ്ധതിക്ക് കളമൊരുക്കിയ ജസ്റ്റിസ് കെ കെ ഉഷ, ജസ്റ്റിസ് കുര്യൻ ജോസഫ് , 2003 ൽ പദ്ധതിക്ക് അനുവാദം നൽകിയ ജസ്റ്റിസ് ജെ എൽ ഗുപ്ത , 2006 ലും , 2007 ലും എക്സ്റ്റൻഷൻ നൽകിയ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ , ഇന്ത്യയിലെ പേരെടുത്ത വക്കീലന്മാരായ മുൻ അറ്റോർണി ജനറൽ ഗുലാം വാഹനവതി , മുൻ അഡീഷണൽ സോളിസിറ്റർ ജനറലും ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയുമായ നാഗേശ്വര റാവു , ഫാലി എസ് നരിമാൻ , തൊഴിലാളി വർഗ സംരക്ഷകരായ ആനത്തലവട്ടം ആനന്ദൻ, കടകംപള്ളി സുരേന്ദ്രൻ , ഐ എൻ ടി യു സി യുടെ നേതാക്കന്മാർ 2005 ൽ കമ്പനി രക്ഷിക്കുവാൻ സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റിക്കു കത്തയച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , ഖജനാവിൽ നിന്നും പൈസ കൊടുക്കുകയില്ല എന്ന്എ 2005 ലെ ഉത്തരവിൽ പറഞ്ഞിട്ടും പൈസ അനുവദിപ്പിച്ച മുഖ്യമന്ത്രി വി എസ് , പദ്ധതിക്ക് പണ്ട് കൊടുത്ത കോടികൾ കൂടാതെ ഇപ്പോൾ കസ്റ്റംസ് നികുതിയായി 100 കോടി കൊടുക്കാമെന്നു പറയുന്ന ഐസക് സഖാവ് , പദ്ധതിക്ക് തടസ്സം ഉണ്ടാകാതെ 2009 ൽ വിജിലൻസിനെ തടഞ്ഞ കോടിയേരി സഖാവ് , പദ്ധതിക്ക് ഒരു തടസ്സവും വരാതെ പ്രത്യേകം ശ്രദ്ധിച്ച ഹോർമീസ് തരകൻ മുതലുള്ള വിജിലൻസ് ഡയറക്ടർമാർ , 2004 ൽ ത്വരിതാന്വേഷണത്തിനു ഉത്തരവിട്ടപ്പോൾ ജാഗ്രത കുറവ് കാരണം കസേര നഷ്ടപ്പെട്ട എ കെ ആന്റണി , മഹത്തായ പദ്ധതിയുടെ കാര്യത്തിൽ അഴിമതിയുടെ ലാഞ്ചന പോലും ഇല്ലെന്നു കാട്ടി റിപ്പോർട്ട് നൽകുവാൻ പ്രത്യേകം താല്പര്യമെടുത്ത തിരുവഞ്ചൂർ , ഇത്രയും മഹത്തായ പദ്ധതിയുടെ പേരിലുള്ള വിജിലൻസ് അന്വേഷണം അനാവശ്യമെന്നു പറഞ്ഞു 2014 ൽ ഹൈക്കോടതിയെ സമീപിച്ചു ഉബൈദ് ജഡ്ജിയുടെ സംരക്ഷണം വാങ്ങിയ ആഭ്യന്തര മന്ത്രി ചെന്നിത്തല . സുഗമമായ ഇറക്കുമതിക്ക് സഹായിച്ച കസ്റ്റംസ് , വിദേശ വ്യാപാര വകുപ്പ് ഉദ്യോഗസ്ഥർ, കോടികൾ പിഴയടിക്കാതെ സഹായിച്ച റവന്യൂ ഇന്റലിജൻസ് , മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ , കുറഞ്ഞ നിരക്കിൽ തുരുമ്പെടുത്തു പോയ പദ്ധതിക്ക് വായ്പ അനുവദിച്ച യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ, പദ്ധതി ത്വരിതപ്പെടുത്താൻ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമരം നടത്തി കമ്പനി പൂട്ടിക്കുവാൻ സഹായിച്ച ബിഷപ്പും, പുരോഹിതരും, നേതാക്കന്മാരും, ഇടനിലക്കാരൻ ഗ്രിന്റക്സ് രാജീവ്, എറണാകുളത്തെ ലെ മെറിഡിയൻ ഹോട്ടലിൽ പദ്ധതിയുടെ വട്ട മേശ സമ്മേളനം നടത്താൻ സഹായിച്ച, തനിക്കു കട്ടൻ ചായയുടെ പൈസ പോലും കിട്ടിയില്ലെന്നു പറഞ്ഞ റൗഫ്, ഇരു മുന്നണിളികളും ചേർന്ന് 20 കൊല്ലം കൊണ്ട് 280 കോടിയുടെ റിക്കാർഡിട്ടപ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ബി ജെ പി കാർ, കണ്ടാലറിയാവുന്ന കുറെ പേരും …
ഈ മഹൽ വ്യക്തികളെ ഒക്കെ എങ്ങിനെ ആദരിക്കണം എന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു കാര്യത്തിൽ മാത്രം ആശ്വാസം . കോടികളുടെ നഷ്ടത്തിന് ഉത്തരവാദി പേരാവൂർകാരൻ ആണെന്ന് മാത്രം വിജിലൻസ് റിപ്പോർട്ട് നൽകിയില്ല. ഇക്കാര്യത്തിൽ എനിക്ക് നന്ദിയുണ്ട് ..
FROM THE REPORT OF THE VIGILANCE DEPT. SUBMITTED BEFORE THE COURT IN MARCH 2013
ENQUIRY : VE/30/06/SIU-1 , ORDERED ON 6.10.2006 – BASED ON THE COMPLAINT SUBMITTED BY SEBASTIAN GEORGE , BEFORE CHIEF MINISTER V.S.ACHUTHANANDAN ON 6.6.2006 ;-
Sri. Sebastian George is raising allegations mainly with regard to the management who approached High Court for vacating stay obtained by him from Lok Aykta in complaint no 544/2000 for the pollution abatement project proposed by FEDO in the year 2000 for implementing NP, CRP and ARP only. His contention was that TTP is going for implementing the project aiming at corruption as the project proposed by FEDO involves huge capital investment. After hearing, Hon’ble Lok Ayukta passed a stay order with regard to the finalization of tender for the project. But TTP approached Hon’ble High Court for vacating the stay. TTP’s then MD Sri. Sivaprakash took a stand against the move of Sri. Sebastian George and he filed counter affidavit stating that Sri. Sebastian George is an ignorant employee who wishes to sabotage the best interest of the company. But Sri. Sebastian George approached Hon’ble Lok Ayukta with a good intention to save the company but Sri. Sivaprakash took a stand against him by not supporting his contention which might have provoked him. The action of Sri. Sivaprakash and Sri. Sebastian George could be viewed only an ideological conflict between two persons with regard to the pollution problem of TTP. ( page no 139 of Enquiry report submitted by VACB on 19.3.2013)
സെബാസ്റ്റ്യൻ ജോർജ് ലോകായുക്തിനെ സമീപിച്ചത് ടൈറ്റാനിയം കമ്പനിയെ രക്ഷിക്കുക എന്ന നല്ല ഉദ്ദേശത്തോടെ ആയിരുന്നു വെന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിജിലൻസ് എന്നവകാശപ്പെടുന്ന കേരള വിജിലൻസിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. IGNORANT WORKER ക്ക് ഇതിനേക്കാൾ വലിയ എന്ത് അംഗീകാരം?

ഒരു രാജീവ് ഗാന്ധി ഖേൽ രത്ന, രണ്ട് അർജുന അവാർഡുകൾ , ഒരു ദ്രോണാചാര്യ , ഒരു പദ്മശ്രീ , ഒരു ജിമ്മി ജോർജ് അവാർഡ്, ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ മികച്ച കായിക താരത്തിനുള്ള അവാർഡ്, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ലഭിച്ച ഏക മെഡൽ, ദേശീയ – അന്തർ ദേശീയ മത്സരങ്ങളിൽ ലഭിച്ചിട്ടുള്ള നിരവധി മെഡലുകൾ – ഇതൊക്കെ സൂക്ഷിച്ചിട്ടുള്ള പേരാവൂരിലെ ജോർജ് കുടുംബത്തിൽ ഫ്രയിം ചെയ്തു സൂക്ഷിക്കാൻ കേരള വിജിലൻസിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. Thanks ഒരു അവാര്ഡിന്റെ വില നിശ്ചയിക്കുന്നത് അത് നൽകുന്നവരുടെ Integrity കൂടി കണക്കിലെടുത്താണ്. കേരള വിജിലൻസ് നൽകിയ ഈ ഗുഡ് സർട്ടിഫിക്കറിന് കേരള സമൂഹം എന്ത് വിലയാണ് കൽപ്പിക്കുക.

ഇല്ലം ചുട്ടവരും, കട്ടവരും നെട്ടോട്ടം. ഇല്ലത്തു നിന്നും രക്ഷപെട്ട എലി പേരാവൂരിൽ ഇരുന്നു ചിരിക്കുന്നു ..


സെബാസ്റ്റ്യൻ ജോർജ്ജ്