ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയുടെ ഉള്ളറകൾ – ഭാഗം 1

1358

പോത്തുകൾക്കും, കാണ്ടാമൃഗങ്ങൾക്കും എതിരെ ഒരു വോളീബോൾ താരം… നായനാർ മുതൽ പിണറായി വരെയുള്ള 6 മന്ത്രിസഭകൾ കടന്ന പോരാട്ടം…കേരളത്തിലെ പൊളിട്രിക്സ് എന്തെന്ന് മനസ്സിലാക്കിയ പോരാട്ടം…സുതാര്യ കേരളം…സാക്ഷര കേരളം … ദൈവത്തിന്റെ സ്വന്തം നാട്
വോളിബോൾ ഇതിഹാസ താരം ജിമ്മി ജോർജിന്റെ സഹോദരനും വോളിബോൾ താരവുമായിരുന്ന സെബാസ്റ്റ്യൻ ജോർജ് ടൈറ്റാനിയത്തിൽ നടന്ന അഴിമതി തുറന്നെഴുതുന്നു. ലേഖകൻ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു

ഇരുപതു വർഷം മുൻപ് ടൈറ്റാനിയം കമ്പനി നടപ്പിലാക്കാൻ ശ്രമിച്ച 108 കോടിയുടെ മലിനീകരണ നിവാരണ പദ്ധതികൾ പ്രായോഗികം അല്ല, കമ്പനിയുടെ നാശത്തിനു ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങിയപ്പോൾ അന്നത്തെ മാനേജിങ് ഡയറക്ടർ എനിക്ക് ചാർത്തി തന്ന പട്ടം. കമ്പനിയെ നശിപ്പിക്കാനും അതിന്റെ വികസനം അട്ടിമറിക്കാനും ശ്രമിച്ച വിവര ദോഷിയും, സാമൂഹ്യ ദ്രോഹിയുമായി എന്നെ ചിത്രീകരിച്ചു കൊണ്ട് അന്നത്തെ എം ഡി 13.3.2001 ൽ ലോകായുക്തിനു മുൻപാകെ പ്രസ്താവന നൽകിയിരുന്നു.( My Complaint no 544/2000) പലർക്കും കിട്ടേണ്ടിയിരുന്ന കോടികൾ നഷ്ടം ആക്കിയതിന്റെ വിരോധം ചൂണ്ടിക്കാട്ടിയത് അവഗണിച്ചുകൊണ്ട് രാഷ്ട്രീയ – ട്രേഡ് യൂണിയൻ നേതാക്കന്മാരും, ഐ എ എസ് കാരും, സാങ്കേതിക വിദഗ്ദന്മാരും ,കുതറകളായ ജഡ്ജിമാരും, വക്കീലന്മാരും, ഐ പി എസ് കാരുടെ ഒത്താശയോടെ മുൻപോട്ടു പോയി നഷ്ടം ആക്കിയത് 280 കോടി. 1951 ൽ ഒഴുകിയിരുന്നതുപോലെ ടൈറ്റാനിയം കമ്പനിയിലെ മലിനജലം 2020 ലും കടലിലേക്കൊഴുകുന്നു. 200 കോടി പാഴാക്കിയ, ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ 13 വർഷം ആയി തുരുമ്പെടുത്തു നശിക്കുന്നു. കോടികൾ വിഴുങ്ങിയവർ സമൂഹത്തിൽ മാന്യന്മാർ. ഞാൻ ഇന്നും IGNORANT WORKER. നഷ്ടം ആയതു ജീവിതത്തിന്റെ 20 വർഷം. വ്യക്തിപരമായി ലക്ഷങ്ങളുടെ നഷ്ടം. തെറ്റ് അംഗീകരിക്കാൻ, സർക്കാരും, കമ്പനിയും തയ്യാറല്ല. സാമൂഹിക പ്രതിബദ്ധത കാട്ടിയതുമൂലം ഉണ്ടായ ലക്ഷങ്ങളുടെ നഷ്ടം എങ്ങിനെ പരിഹരിക്കും എന്ന ആശയ കുഴപ്പത്തിൽ ഞാനും.

പോത്തുകൾ: ഒരു പദ്ധതി നടപ്പിലാക്കിയാൽ സ്ഥാപനം, നശിക്കും, ജീവനക്കാരും കുടുംബവും വഴിയാധാരം ആകും, അതുകൊണ്ടു പ്രായോഗികമായ പരിഹാരം എന്ത് ? ഇതായിരുന്നു വിഷയം. എക്കണോമിക്സ് പഠിച്ച ഞാൻ ചൂണ്ടിക്കാട്ടിയത് ആയിരുന്നു BEST FEASIBLE SOLUTION. ലോകായുക്തിന്റെ വിധി അട്ടിമറിക്കപ്പെട്ടു . എന്റെ എതിർപ്പിന്റെ മെറിറ്റ് പരിശോധിക്കണം എന്ന ലോകായുക്തിന്റെ ഉത്തരവും എല്ലാവരും അവഗണിച്ചു. അഴിമതി മാത്രം ആയിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. നഷ്ടം 280 കോടി. ഓരോ വർഷവും 20 കോടിയിൽ പരം എന്ന നിലയിൽ അഴിമതിയുടെ ബാധ്യത വർധിച്ചു കൊണ്ടിരിക്കുന്നു . ഇപ്പോൾ എല്ലാവരും പൊട്ടൻ ഒലക്ക വിഴുങ്ങിയതുപോലെ ഇരിക്കുന്നു. പോത്തിന് ഇതിലും ബുദ്ധിയുണ്ട്

കാണ്ടാമൃഗം: പ്രായോഗികമല്ലാത്ത പദ്ധതി നടപ്പിലാക്കാൻ ആരും കമ്പനിയോട് ആവശ്യപ്പെട്ടിരുന്നില്ല . നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരും എന്നും ആരും പറഞ്ഞിട്ടില്ല. കള്ളക്കഥകൾ ഉണ്ടാക്കി ജീവനക്കാരെ ഭീതിയിലാക്കി. പദ്ധതി പൂർത്തീകരിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 1.7.2010 ൽ അവസാനിച്ചു. 2003 ൽ ഹൈക്കോടതിയിൽ പറഞ്ഞിരുന്ന പദ്ധതിയെല്ലാം കടലാസ്സിൽ മാത്രം. കമ്പനി പൂട്ടുവാൻ കോടതിയോ, മലിനീകരണ നിയന്ത്രണ ബോർഡോ പറയുന്നില്ല. 20 വർഷമായി നാട്ടുകാരുടെ സമരങ്ങളില്ല. ദൈവത്തിന്റെ വലിയ അത്ഭുതം. പ്രാര്ഥിച്ചിട്ടു ചൊറിയും, ചിരങ്ങും ഒക്കെ മാറിയതായി കേട്ടിട്ടുണ്ട്. പൊല്യൂഷൻ മാറിയത് ലോക ചരിത്രത്തിൽ ആദ്യം. കോടികൾ പലരും വിഴുങ്ങി. വി എസ് മുഖ്യമന്ത്രി ആയിരുന്ന കാലത്തു എന്റെ പരാതിയിലുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഒരു എഫ് ഐ ആർ പോലും വിജിലൻസ് കോടതിയിൽ നൽകിയില്ല. ഖജനാവിൽ നിന്നും ടൈറ്റാനിയത്തിലെ പദ്ധതിക്ക് പണം നൽകുകയില്ല എന്ന് 19.5.2005 ലെ ഉത്തരവിൽ ഉണ്ട്. വി .എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഖജനാവിൽ നിന്നും കെ എം എം ഇൽ നിന്നും ആയി 22 കോടി നൽകി അഴിമതിക്ക് വേണ്ടി പാഴാക്കി. അഴിമതിയുടെ ബാധ്യതയായ കസ്റ്റംസ് ഡ്യൂട്ടിയും, പിഴയും, പലിശയും ഖജനാവിൽ നിന്നും നൽകും എന്ന് സമ്മതിച്ചു കൊണ്ട് 1.3.2011ൽ സർക്കാർ ഉത്തരവ് ( ഇപ്പോൾ തുക 100 കോടി ) വകുപ്പുതല അന്വേഷണം നടത്തും എന്ന് ഉത്തരവിൽ ഉണ്ടെങ്കിലും ഒരന്വേഷണവും , നടപടിയും 9 വർഷം കഴിഞ്ഞിട്ടും ഇല്ല. 2011 ഒക്ടോബർ 25 നു നിയമ സഭയിൽ ചർച്ച, ലൈവ് ടെലികാസ്റ്, ചവിട്ടു നാടകങ്ങൾ, തുണി പൊക്കി കാണിക്കൽ. നായനാർ സർക്കാരിന്റെ കാലത്താണ് പദ്ധതി കൊണ്ട് വന്നതെന്ന് ഒരു കൂട്ടർ ,കൊണ്ട് വന്നെങ്കിലും കരാർ നൽകിയത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്നു മറു പക്ഷം. കരാർ കൊടുത്തെങ്കിലും ഒരു മൊട്ടു സൂചിപോലും തങ്ങളുടെ കാലത്തു ഇറക്കുമതി ചെയ്തിട്ടില്ലെന്ന അട്ടഹാസങ്ങളും. ഒലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസുകൾ ….. അവസാനം ഒരു ലോക്ക് ഔട്ട് .

പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടത് ആരാണെന്നു മാത്രം ചർച്ച ഉണ്ടായില്ല. പ്രായോഗികം ആയിരുന്നുവോ എന്ന കാര്യവും ആരും അന്വേഷിച്ചില്ല. ഒരു പേരാവൂരുകാരൻ 2001 മാർച്ചിൽ ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങി കമ്പനിയുടെ തലയിൽ നിന്നും ഒഴിവാക്കി തന്ന പദ്ധതി അല്ലെ എന്ന് ഒരു രാഷ്ട്രീയക്കാരനും , ചാനലുകാരനും ചോദിച്ചില്ല .കോടികളുടെ നഷ്ടത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കണം എന്നും ആരും പറഞ്ഞില്ല . 2014 ൽ വിജിലൻസ് കോടതി ഉത്തരവ് വന്നപ്പോൾ ടൈറ്റാനിയം കള്ളന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കേരളം എങ്ങും സമരം. പാവപ്പെട്ട കുറെ സഖാക്കൾ തല്ലു കൊണ്ടത് മിച്ചം. കോടികളുടെ അഴിമതി വായും പൊളിച്ചു നോക്കി നിന്ന 13 വർഷം അന്വേഷിച്ചിട്ടും ആരെയെങ്കിലും അറസ്റ്റ് ചെയ്യുവാനോ, കുറ്റ പത്രം സമർപ്പിക്കുവാനോ കഴിയാത്ത കേരള വിജിലൻസ് രാജ്യത്തിന്റെ അഭിമാനം എന്നൊക്കെ ഗീർവാണങ്ങൾ. ഉദ്യോഗസ്ഥന്മാർക്ക് മെഡലുകളും, ബാഡ്ജുകളും.. കാണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ള ഏതെങ്കിലും ജീവി ലോകത്തുണ്ടോ?

സംഘടിത കൊള്ളയടി: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത / സംഘടിത കൊള്ളയടി ആണ് ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ടു നടന്നത്. അതും സാക്ഷരതയുടെ പേരിൽ അഹങ്കരിക്കുന്ന ഒരു നാട്ടിൽ . നഗ്നമായ അധികാര ദുർവിനിയോഗവും, കുറ്റകരമായ അനാസ്ഥയുമാണ് ഉണ്ടായത്. അഴിമതി തടയുന്നതിൽ വിജിലൻസ് വകുപ്പും, വിജിലൻസ് കോടതിയും, ഹൈക്കോടതിയും ഒക്കെ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് അഴിമതിക്കാരെ സംരക്ഷിക്കുവാൻ എല്ലാവരും കൂടി ഒത്തു കളിച്ചു. ഇത്രത്തോളം വലിയ ഒരു ലോബിക്കെതിരെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും, സംഘടനയുടെയും പിൻബലമില്ലാതെ സർക്കാരിന്റെയും, കോടതികളുടെയും അവഗണന നേരിട്ടു കൊണ്ട് പോരാടേണ്ടി വന്ന ഞാൻ ടൈറ്റാനിയം അഴിമതിയുടെ സത്യം ലോകത്തോട് പറയുവാൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് തന്നെ മഹാ ഭാഗ്യം.

22 വർഷം തിരുവനന്തപുരത്തുള്ള ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു ഞാൻ . 1980 നവംബറിൽ ആണ് ടൈറ്റാനിയം കമ്പനിയിൽ വോളീബോൾ ടീം രൂപീകരിക്കുന്നത്. അന്ന് എം.എ ഫൈനൽ ഇയർ വിദ്യാർത്ഥി ആയിരുന്ന ഞാനും കമ്പനിയിൽ ചേർന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീം ആയിരുന്നു ടൈറ്റാനിയം. 12 വർഷം ടീമിൽ കളിച്ചു. 1985 ൽ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു . കളിയിൽ നിന്നും വിരമിച്ചതോടെ 1992 ൽ ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 1999 -2000 കാലഘട്ടത്തിൽ അക്കാദമിക് താല്പര്യത്തിന്റെ പേരിൽ കമ്പനിയുടെ ചരിത്രവും, സാമ്പത്തിക സ്ഥിതിയും , പ്രവർത്തനങ്ങളും, മലിനീകരണ പ്രശ്നവും ഒക്കെ പഠന വിധേയമാക്കി. മണിക്കൂറുകളും, ദിവസങ്ങളും ഇതിനു വേണ്ടി ചിലവഴിച്ചു. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനം ഈ പഠനങ്ങൾ വഴി ആർജിച്ച അറിവ് ആയിരുന്നു . വലിയ വിദഗ്ദന്മാർ ഉണ്ടാക്കിയ ഒരു മലിനീകരണ നിവാരണ പദ്ധതി പ്രായോഗികം അല്ല എന്ന് ചൂണ്ടിക്കാട്ടിയത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു.
കോടികളുടെ അഴിമതി തടയുവാനും, പൊതുമുതൽ സംരക്ഷിക്കുവാനും, കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരുവാനും എ കെ ആന്റണി മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരും , കമ്പനിയുടെ ഡയറക്ടർ ബോർഡിലും, ബ്യുറോ ഓഫ് പബ്ലിക് എന്റർപ്രൈസസിലും ഉണ്ടായിരുന്ന ഐ എ എസ് കാരും, ഹോർമീസ് തരകൻ മുതൽ ജേക്കബ് തോമസ് വരെയുള്ള ഐ പി എസ് കാരും, വിജിലൻസ് കോടതിയും, ഹൈക്കോടതിയും ഒക്കെ പരാജയപ്പെട്ടത് എന്ത് കൊണ്ടാണ് ? ഇവരെയൊക്കെ നിയന്ത്രിക്കുന്ന ആ മാഫിയ ഏതാണ്?

അഴിമതിക്കെതിരെ പോരാടുവാൻ ജനങ്ങൾ മുൻപോട്ടു വരണം എന്ന് പറഞ്ഞു അണ്ണാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ചു സെക്രട്ടറിയേറ്റിനു മുൻപിൽ പായും വിരിച്ചു കിടന്നു ആഹ്വാനം നടത്തിയ നേതാക്കന്മാർ, അഴിമതി രഹിതമായ കേരളത്തെ ഉണ്ടാക്കാനായി രഥ യാത്രയും, പദ യാത്രയും, രക്ഷാ യാത്രയും ഒക്കെ നടത്തുന്ന ആദർശ ധീരന്മാർ, തന്റെ പ്രവർത്തിയിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന് ഞായറാഴ്ച തോറും കേട്ടിരുന്ന സുവിശേഷ പ്രസംഗങ്ങൾ .. എങ്ങിനെ ആവേശം വരാതിരിക്കും. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയോ ? ആദർശ ധീരന്മാർ എന്ന് കരുതിയവർ ഒക്കെ കാണുമ്പോൾ ഓടിയൊളിക്കുന്നു. 20 വർഷമായി പൊതുമുതൽ സംരക്ഷിക്കുവാൻ കേസ് നടത്തുന്ന എനിക്ക് വട്ടായോ എന്ന് ചിലർക്ക് സംശയം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് പറയുവാൻ ആത്മധൈര്യം ഇല്ലാത്തതു എനിക്ക് മനസ്സിലാകും. എന്നാൽ എനിക്ക് നീതി ലഭ്യമാക്കണം എന്ന് പറയുവാനുള്ള മാന്യത പോലും ഇല്ലാത്തതു അമ്പരപ്പിക്കുന്നത്.

കേരളം ഭരിക്കുന്നത് അഴിമതിക്കാരുടെയും, കള്ളക്കടത്തുകാരുടെയൂം, ലഹരി മരുന്നുകാരുടെയും മാഫിയ. എല്ലാത്തിനും ഒത്താശ ചെയ്യുവാനും, കുറ്റക്കാരെ സംരക്ഷിക്കാനും, രാഷ്ട്രീയക്കാരും, ഐ എ എസ് കാരും , ഐ പി എസ് കാരും, ജഡ്ജിമാരും, വക്കീലന്മാരും ഉൾപ്പെടുന്ന റാക്കറ്റ്. വൻകിട കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ആദർശ ധീരന്മാർ വെറും ഇമേജ് വീരന്മാർ മാത്രം . മാഫിയയുടെ മുൻപിൽ അവരും നിസ്സഹായർ.

ആയിരക്കണക്കിന് കോടികളുടെ പല അഴിമതികളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത് പോലെ ഒരു സംഘടിത കൊള്ളയടി ലോകത്തു ഒരിടത്തും നടന്നു കാണില്ല. ഇതുപോലുള്ള പൊട്ടന്മാരും , അഹങ്കാരികളും ലോകത്തു വേറെ എവിടെ എങ്കിലും ഉണ്ടാകുമോ എന്ന് സംശയം ആണ്. എന്നാൽ അതിനേക്കാൾ വലിയ തോന്ന്യവാസം, കോടികൾ വെട്ടിച്ച ശേഷം പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്നതാണ്. കള്ളന്മാരായ നേതാക്കന്മാർ എന്ത് പറഞ്ഞാലും അതിനെ ന്യായീകരിക്കുവാൻ കുറെ സൈബർ ഗുണ്ടകളും.

ടൈറ്റാനിയം അഴിമതി ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. പലതലത്തിൽ നടന്ന ഗൂഡാലോചന അന്തിമ രൂപം കൊണ്ടത് 20 വര്ഷം മുന്പാണെന്നു മാത്രം
പഠിക്കുവാനും മിടുക്കനായിരുന്നു എന്നത് ജീവിതത്തിൽ പറ്റിയ ഒരു അബദ്ധം ആയി പോയോ എന്നാണു ഇപ്പോൾ സംശയം. വലിയ സാങ്കേതിക വിദഗ്ദന്മാർ ഉണ്ടാക്കിയ, മുഴുത്ത ഐ എ എസ് കാരും, ക്യാബിനറ്റും അംഗീകരിച്ച ഒരു പദ്ധതി പ്രായോഗികം അല്ല, ടൈറ്റാനിയം കമ്പനിയുടെ നാശത്തിന് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടിയത് ജീവിതത്തിനു വിനയായി തീർന്നു. ഓവർ ടൈമും, ഇൻസെന്റീവ് ബോണസും, നല്ല ശാപ്പാടും, ഇഷ്ടം പോലെ ലോണും ഒക്കെ കിട്ടുന്ന ഒരു കമ്പനിയിൽ അതുകൊണ്ടൊക്കെ തൃപ്തിപ്പെട്ടു ഒരു മണ്ടൻ തൊഴിലാളി ആയി കഴിഞ്ഞിരുന്നുവെങ്കിൽ ജീവിതത്തിൽ ഇത്രത്തോളം കഷ്ടപ്പാടും ആക്ഷേപങ്ങളും, സഹിക്കേണ്ടി വരുകയില്ലായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമായിരുന്നില്ല. Knowledge is Power എന്നൊക്കെ എല്ലാവരും പറയും. എന്നാൽ അറിവ് കൂടുതൽ ചിലപ്പോൾ ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാക്കും എന്ന പാഠം ആണ് ടൈറ്റാനിയം അഴിമതി.

അഴിമതിക്കെതിരെ പോരാടി നാട് നന്നാക്കണമെന്നോ, ആദർശ ധീരൻ എന്ന പേരിൽ പ്രശസ്തി നേടണമെന്നോ, അവാർഡുകൾ നേടണമെന്നോ ഉള്ള മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനം നശിച്ചാൽ, ജീവനക്കാരനായ എന്നെയും, പാവപ്പെട്ട തൊഴിലാളികളെയും, കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും എന്നത് കൊണ്ടാണ് ഈ സാഹസത്തിനു മുതിർന്നത്. അതിനു പക്ഷെ കനത്ത വില നൽകേണ്ടി വന്നു . ഇത്രത്തോളം സംസ്കാര ശൂന്യരായ, വൃത്തികെട്ട മനസുള്ള ആളുകളുള്ള ( എല്ലാവരും അല്ല ) ഒരു സ്ഥാപനത്തെ രക്ഷിക്കുവാനും, പൊതുമുതൽ രക്ഷിക്കുവാനും ജീവിതത്തിന്റെ 20 വര്ഷം പാഴാക്കിയതിലും, 17 വര്ഷം സർവീസ് ബാക്കി നിൽക്കെ, ലക്ഷങ്ങളുടെ നഷ്ട്ടം സഹിച്ചു കൊണ്ട് ,ജോലി ഉപേക്ഷിച്ചു പുറത്തു നിന്നും പോരാടിയതിലും ഇന്ന് ദുഃഖം തോന്നുന്നു.

2000 നവംബറിൽ ഉണ്ടായ ലോക്ക് ഔട്ട് ആണ് ജീവിതം മാറ്റി മറിച്ചത്. പാവപ്പെട്ട മൽസ്യ തൊഴിലാളികളെ ഇളക്കി വിട്ടു ചിലർ നടത്തിയ സമരം കോടികളുടെ അഴിമതിക്ക് വേണ്ടിയുള്ള ഗൂഡാലോചന ആയിരുന്നു. എന്തോ ബുദ്ധി തോന്നി ലോകായുക്തയിൽ കേസ് കൊടുത്തു കമ്പനി തുറപ്പിച്ചു. ഇല്ലെങ്കിൽ പദ്ധതിക്ക് കരാർ നൽകുന്നത് വരെ കമ്പനി അടഞ്ഞു കിടക്കുമായിരുന്നു. FEDO തയ്യാറാക്കിയ മലിനീകരണ നിവാരണ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് കൈവശം വന്നത് യാദൃച്ഛികം. ഈ കേസിൽ വഴിത്തിരിവായി തീർന്നത് അതായിരുന്നു. പദ്ധതിയെ ഞാൻ എതിർക്കുന്നു വെന്ന് മനസിലാക്കിയ സാങ്കേതിക വിദഗ്ദനായ മാനേജിങ് ഡയറക്ടർ 23.12.2000 ൽ ട്രെയിനിങ് ഹാളിൽ ഒരു മീറ്റിങ് വിളിച്ചു കൂട്ടി. നടപ്പിലാക്കുവാൻ പോകുന്ന 108 കോടിയുടെ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം എന്നും പറഞ്ഞു .

അന്നത്തെ മീറ്റിങ്ങിന്റെ മിനിട്സിൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് സെബാസ്റ്റ്യൻ ജോർജ് ഉന്നയിച്ച ചോദ്യം ആണ്. ടി ടി പി യെ പോലുള്ള ഒരു ചെറിയ കമ്പനിക്ക് ആസിഡ് റിക്കവറി പ്ലാന്റ് പ്രായോഗികം ആണോ എന്നായിരുന്നു ഞാൻ സംശയം ആയി ചോദിച്ചത്. എന്നാൽ എം ഡി ക്കു അത് ഇഷ്ടപ്പെട്ടില്ല. എനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സംശയങ്ങൾ ചോദിക്കുന്നത് എന്നായിരുന്നു മറുപടി. . ചില രാജ്യങ്ങളിൽ അത് നടപ്പിലാക്കിയിട്ടുണ്ടെന്നു വിശദീകരണം. FEDO തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഉയർത്തിപ്പിടിച്ചു അങ്ങേര് ഒരു പ്രസ്താവന നടത്തി. ഇത് താൻ പത്തു മിനിട്ടു കൊണ്ടാണ് ഐ എ എസ് കാരുടെ സമിതി ആയ ബ്യുറോ ഓഫ് പബ്ലിക് എന്റർ പ്രൈസസിന്റെ അംഗീകാരം നേടിയത്. അത് വായിച്ചു പഠിക്കുവാൻ എന്നോട് ആവശ്യപ്പെട്ടു. സംശയം വല്ലതും ഉണ്ടെങ്കിൽ ചീഫ് പ്രോജക്ട് മാനേജരോട് ചോദിച്ചു കൊള്ളുവാനും പറഞ്ഞു. എം ഡി സെബാസ്റ്റ്യൻ ജോർജിനെ ഇരുത്തി കളഞ്ഞുവെന്നു മാനേജ്മെന്റിന്റെ ശിങ്കിടികളായ ചില ഉദ്യോഗസ്ഥന്മാർ അടിച്ചു പരത്തി. പിറ്റേ ദിവസം തിരികെ നൽകണം എന്ന് പറഞ്ഞാണ് പ്രോജക്ട് റിപ്പോർട്ട് നൽകിയത്. രഹസ്യ രേഖ ആയതു കൊണ്ട് ഫോട്ടോ കോപ്പി എടുക്കരുതെന്നും പറഞ്ഞു. ശരിയെന്നു ഞാനും പറഞ്ഞു. പിറ്റേ ദിവസം ഒന്നും തിരികെ നൽകിയില്ല. അത് ഇന്നും എന്റെ കൈവശം ഉണ്ട്. വോളീബോൾ കളിച്ചു നടന്ന എനിക്ക് പ്രോജക്ട് റിപ്പോർട്ട് പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയതുപോലെ ആയിരിക്കും എന്നാണു എം ഡി കരുതിയത്. ഞാൻ സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം ഉള്ള ആളാണെന്നും, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും വളരെയധികം അറിവുള്ള വ്യക്തി ആണെന്നും എം ഡി ക്കു മനസ്സിലാക്കുവാൻ കഴിയാതെ പോയി.

ഒരാഴ്ച സമയം എടുത്തു പ്രോജക്ട് റിപ്പോർട്ട് വിശദമായി പഠിച്ചു. സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള സുഹൃത്തുക്കളുടെ സഹായം തേടി. കമ്പനിയുടെ സാമ്പത്തികം എനിക്ക് മനഃപാഠം ആയിരുന്നു കമ്പനിയുടെ അമ്പതു വർഷത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയുടെ സാമ്പത്തികവും, സാങ്കേതികവും ആയ കാര്യങ്ങളെക്കുറിച്ചു ഒരു ചോദ്യാവലി തയ്യാറാക്കി 30.12.2000 ൽ ചീഫ് പ്രോജക്ട് മാനേജർക്ക് സമർപ്പിച്ചു . മാനേജ്മെന്റ് അതിനെ അഭിനന്ദിക്കും എന്നാണു ഞാൻ പ്രതീക്ഷിച്ചത്. കാരണം 100 കോടി രൂപ കമ്പനിക്ക് ലാഭിക്കാൻ ഉള്ള ഒരു അവസരം സൃഷ്ടിക്കുകയായിരുന്നു ഞാൻ ചെയ്തത് .

കത്തിന്റെ കോപ്പി എല്ലാ ട്രേഡ് യൂണിയനുകൾക്കും, ഓഫീസേഴ്സ് അസോസ്സിയേഷനും, ഉന്നത ഉദ്യോഗസ്ഥർക്കും നൽകി. ക്ഷുഭിതനായ മാനേജിങ് ഡയറക്ടർ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു പൊട്ടി തെറിച്ചു. ‘ I will dismiss that rascal ‘ വിദഗ്ദനായ എം ഡി കൊണ്ടുവന്ന ഒരു പദ്ധതി മണ്ടത്തരം ആണെന്ന് ഒരു തൊഴിലാളി ചൂണ്ടി കാണിക്കുമ്പോൾ എങ്ങിനെ പൊട്ടി തെറിക്കാതിരിക്കും. 2001 മാർച്ചിൽ പദ്ധതിക്ക് കരാർ നൽകുമെന്നും, 2002 സെപ്റ്റംബറിൽ പദ്ധതി പൂർത്തീകരിക്കുമെന്നും ലോകായുക്തിനു മുൻപാകെ പ്രസ്താവന നൽകിയിരുന്നതുമാണ്. 2001 മെയ് മാസത്തിൽ നടക്കുവാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപായി പദ്ധതിക്ക് കരാർ നൽകി കമ്മീഷൻ അടിക്കുവാൻ നോക്കി നിന്ന രാഷ്ട്രീയ-ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ സമ്മർദ്ദവും ഉണ്ടായിരുന്നിരിക്കണം. പലർക്കും കിട്ടേണ്ടിയിരുന്ന കോടികളാണ് അന്ന് ഞാൻ കാരണം നഷ്ടം ആയത്‌ . മാനേജ്മെന്റും, ചില യൂണിയനുകളും എനിക്കെതിരെ തിരിഞ്ഞതും അതുകൊണ്ടാണ്.

എന്റെ അടുത്ത സുഹൃത്തും, വോളിബോളിലെ അർജുന അവാർഡ് ജേതാവുമായ അന്തരിച്ച ഉദയകുമാർ അന്ന് കമ്പനിയിൽ സെക്യൂരിറ്റി ഓഫിസർ. എനിക്കെതിരെ നടക്കുന്ന നീക്കങ്ങൾ അപ്പപ്പോൾ തന്നെ അറിഞ്ഞു കൊണ്ടായിരുന്നു ഇരുന്നത്. ഞങ്ങൾ രണ്ടും വോളീബോളിലെ നല്ല മിഡിൽ ബ്ലോക്കർ മാർ. അടിവന്നാൽ ബ്ലോക്ക് ചെയ്യേണ്ടത് എങ്ങിനെ എന്നറിയാവുന്നവർ. അതുകൊണ്ടു ധൈര്യമായി നിന്നു. പോരാതെ ലോകായുക്തയിൽ കേസ് നിലനിൽക്കുന്ന സാഹചര്യവും. പല ഉന്നത ഉദ്യോഗസ്ഥരും എന്റെ സുഹൃത്തുക്കൾ. എന്റെ സത്യ സന്ധത എന്താണെന്ന് അറിയാവുന്നവർ.

എനിക്കെതിരെ ഉള്ള കടുത്ത നടപടി മാനേജ്മെന്റ് തൽക്കാലം മാറ്റി വെച്ചു. രണ്ടും കൽപ്പിച്ചു 2001 ജനുവരി എട്ടിന് ലോകായുക്തയിൽ സ്റ്റേ പെറ്റീഷൻ നൽകി. ടൈറ്റാനിയത്തിലെ എല്ലാ ട്രേഡ് യൂണിയനുകളെയും , ആനത്തലവട്ടം ആനന്ദൻ പ്രസിഡന്റ് ആയ ടൈറ്റാനിയം ഓഫീസേഴ്സ് അസ്സോസ്സിയേഷനെയും കേസിൽ കക്ഷി ചേർത്തു. ഇത് എന്റെ വ്യക്തിപരമായ കേസ് അല്ല. കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന സുപ്രധാനമായ കേസ് . ട്രേഡ് യൂണിയനുകൾ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി മാത്രം ഉള്ള പ്രസ്ഥാനങ്ങൾ അല്ല. സ്ഥാപനത്തിന്റെ നിലനിൽപ്പും അവരുടെ ഉത്തരവാദിത്വ മാണ്

2000 ഡിസംബർ 30 ന് 108 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിയിലെ അപ്രായോഗികത ചൂണ്ടി കമ്പനിയിലെ ചീഫ് പ്രോജക്ട് മാനേജർക്ക് ഞാൻ നൽകിയ കത്തിലെ വാചകങ്ങൾക്കു ഇന്നും പ്രസക്തിയുണ്ട്

“ It seems wiser to convince the local people, the Govt., the Pollution Control Board, the Board of Directors, the BPE, the Hon’ble Court, the employees and the Trade Unions of TTP regarding the unviability of the ETP rather than projecting only the positive side of a zero pollution plant.”

ലോകായുക്തയിലെ കേസ് വഴി ഞാൻ ചെയ്തതും അതായിരുന്നു. കമ്പനി നടപ്പിലാക്കും എന്ന് പറഞ്ഞിരുന്ന പദ്ധതികൾ പ്രായോഗികം അല്ല എന്ന വസ്തുത എല്ലാവരെയും ബോധ്യപ്പെടുത്തുക. മലിനീകരണ നിയന്ത്രണ ബോർഡും, തദ്ദേശവാസികളുടെ സംഘടനയായ കോസ്റ്റൽ അപ്ലിഫ്ട് അസോസിയേഷനും എന്റെ നിലപാടിനോട് യോജിച്ചു. കമ്പനി നിലനിന്നെങ്കിൽ മാത്രമേ ജോലി സംവരണവും ആനുകൂല്യങ്ങളും നിലനിർത്തുവാൻ കഴിയൂ എന്ന സത്യം അവരും മനസ്സിലാക്കി. അങ്ങിനെയാണ് 15.3.2001 ന് ലോകായുക്ത പദ്ധതി സ്റ്റേ ചെയ്യുന്നത്.

ജനുവരി എട്ടിന് ഉച്ചയ്ക്കാണ് ലോകായുക്തയിൽ സ്റ്റേ പെറ്റിഷൻ നൽകുവാൻ കമ്പനിയിൽ നിന്നും ഇറങ്ങിയത്. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന വോളീബോൾ താരം സിറിയക്ക് ഈപ്പനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അതൊരു യാത്ര മൊഴി ആണെന്ന് കരുതിയില്ല. പാതിരാത്രി ആയപ്പോൾ മൊബൈൽ അടിക്കുന്നു. ഡാനിക്കുട്ടിയുടെ പൊട്ടിക്കരച്ചിൽ. നമ്മുടെ കുര്യാച്ചൻ പോയി. എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തണം. ഒരു ദശാബ്ദക്കാലം കൂടെ കളിച്ച കുര്യാച്ചൻ … ഇന്നും വേദനിപ്പിക്കുന്ന ഓർമ്മ . 2014 ൽ ഉദയനും , മൂന്നു മാസം മുൻപ് ഡാനിക്കുട്ടിയും..

സ്റ്റേ പെറ്റീഷൻ നൽകി ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. പദ്ധതിക്ക് തടസ്സം നിന്നാൽ അടുത്ത ഈസ്റ്ററിനു മുൻപ് തട്ടിക്കളയും എന്ന ഭീഷണിക്കത്ത്. കുടുംബത്തിൽ ഇരിക്കുന്നവരെ വരെ തെറി വിളിച്ചു കൊണ്ടുള്ള ഒന്ന്. എന്ത് ചെയ്യണം എന്നായി . ജീവിതത്തിൽ ഒരാൾ പോലും എന്നെ തെറി വിളിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല. പുലിവാൽ പിടിച്ച അവസ്ഥ. കേസും ആയി മുൻപോട്ടു പോയാൽ ജീവന് ഭീഷണി. ഇനി വാദങ്ങൾ ലോകായുക്തിനെ ബോധ്യപ്പെടുത്തുവാനോ , സ്റ്റേ വാങ്ങിക്കുവാനോ കഴിഞ്ഞില്ലെങ്കിൽ കമ്പനിയിൽ നിന്നും വെളിയിൽ. പത്തു പൈസ പോലും ലഭിക്കുകയില്ല. കമ്പനി മാനേജ്മെന്റും, സർക്കാരും അംഗീകരിച്ച ഒരു പദ്ധതി ചോദ്യം ചെയ്യുവാൻ ജീവനക്കാരന് അവകാശം ഇല്ലെന്നും, അത് കടുത്ത അച്ചടക്ക ലംഘനം ആണെന്നുള്ള നിലപാടിൽ മാനേജ്മെന്റ്. എന്റെ നടപടി സ്വകാര്യ കമ്പനിയുമായി ചേർന്ന് ടൈറ്റാനിയം കമ്പനിയുടെ വികസനം അട്ടിമറിക്കുവാനും, അതിനെ നശിപ്പിക്കുവാനും ഉള്ള ശ്രമം എന്ന് വ്യാഖ്യാനം. ചില ഉദ്യോഗസ്ഥന്മാരും, യൂണിയൻ നേതാക്കന്മാരും ചേർന്ന് തൊഴിലാളികൾക്കിടയിൽ ദുഷ് പ്രചരണം. മനസ്സിൽ വേദന തോന്നിയ നിമിഷങ്ങൾ. 280 കോടി നഷ്ടമായിട്ടും എന്റെ കേസ് ശരിയായിരുന്നു എന്ന് അംഗീകരിക്കാത്ത പൊട്ടന്മാരെ / സംസ്കാരം ഇല്ലാത്തവരെ കരാർ നൽകുന്നതിന് മുൻപ് തന്നെ പദ്ധതി അപ്രായോഗികം ആണെന്ന് എങ്ങിനെയാണ് ബോധ്യപ്പെടുത്തുക ? ഞാൻ കേസിൽ നിന്നും പിൻവാങ്ങിയാൽ സ്ഥാപനം നശിക്കും . കുറെ തൊഴിലാളികളും, കുടുംബവും വഴിയാധാരം ആകും. കോടികളുടെ പൊതുമുതൽ നഷ്ടം. ( കേസുമായി ഞാൻ മുൻപോട്ടു പോയി എന്റെ പണിയും പോയി, ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടായി, കമ്പനിക്ക് 280 കോടിയുടെ നഷ്ടവും, 800 പേരുടെ തൊഴിൽ നഷ്ടവും എന്നത് ഈ കേസിലെ ഏറ്റവും വലിയ തമാശ )

എന്താണ് ചെയ്യേണ്ടതെന്ന് ഉദയകുമാറുമായി ആലോചിച്ചു. ഭീഷണികത്തിന്റെ കാര്യം വീട്ടിൽ അറിയിക്കേണ്ട എന്ന് തീരുമാനിച്ചു. വീണ്ടും എന്തെങ്കിലും ഭീഷണി വന്നാൽ പോലീസിൽ അറിയിച്ചു നടപടി സ്വീകരിക്കാമെന്ന് വെച്ചു. എനിക്ക് വേണമെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു. ആരും എന്നോട് ചോദിക്കാൻ വരുകയില്ല. ദൈവം നൽകിയ ബുദ്ധിയും, കഴിവും തനിക്കു വേണ്ടിയും, സമൂഹത്തിനു വേണ്ടിയും ഉപയോഗിക്കുമ്പോഴേ അതിനു അർഥം ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. 20 വർഷം വോളീബോൾ കളിച്ചു നടന്ന ഞാൻ കളി തോറ്റാലും, ജയിച്ചാലും അഞ്ചാമത്തെ ഗെയിമിന്റെ അവസാന പോയിന്റ് വരെ പോരാടുവാനാണ് പഠിച്ചിട്ടുള്ളത്. രണ്ടും കൽപ്പിച്ചു കേസുമായി മുൻപോട്ടു പോകുവാൻ തീരുമാനിച്ചു. എന്നാൽ കളി 20 വർഷം നീളുമെന്നോ, ജോലി ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നോ , കഷ്ടപ്പെടേണ്ടി വരുമെന്നോ അന്നൊന്നും പ്രതീക്ഷിച്ചില്ല. ലോകായുക്തിന്റെ വിധി അട്ടിമറിക്കപ്പെട്ടതോടെ എല്ലാം കൈവിട്ടു പോയി.

ഞാൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പരിശോധിക്കേണ്ടതിനു പകരം എനിക്കെതിരെ നടപടി എടുക്കുവാനുള്ള ശ്രമങ്ങൾ ആണ് ഉണ്ടായത്. .ടി ടി പി യെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി സാമ്പത്തികമായും , സാങ്കേതികമായും അപ്രായോഗികം ആയിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുകയാണ്. 280 കോടിയുടെ നഷ്ടം വന്നിട്ടും ഈ വസ്തുത അംഗീകരിക്കാൻ സർക്കാരോ, കമ്പനിയോ തയ്യാറല്ല .

മാനേജിങ് ഡയറക്ടർ എന്നെ ഇരുത്തി കളഞ്ഞ ആസിഡ് റിക്കവറി പ്ലാന്റിന് എന്ത് സംഭവിച്ചു എന്ന് നോക്കണം . 2007-08 കാലഘട്ടത്തിൽ യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത ശേഷം കണ്ടെയ്നർ പൊട്ടിക്കാതെ പദ്ധതി ഉപേക്ഷിച്ചു. വിദേശകമ്പനിക്കു നൽകിയ തുക, കസ്റ്റംസ് ഡ്യൂട്ടി, പലിശ , പിഴ…. ആകെ നഷ്ടം 200 കോടി . 13 വർഷമായി യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു .

WHO IS IGNORANT ? MANAGING DIRECTOR OR WORKER ?

ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം
ടൈറ്റാനിയത്തിലെ 108 കോടിയുടെ പദ്ധതി എന്ത് കൊണ്ട് അപ്രായോഗികം ആയിരുന്നു ?
എന്തൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഞാൻ എതിർത്ത് ?

സെബാസ്റ്റ്യൻ ജോർജ്ജ്