മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കി: അതിഥി തൊഴിലാളികൾ പെരുവഴിയിൽ

18837

കൊച്ചി: മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനിറങ്ങിയ അതിഥി തൊഴിലാളികൾ പെരുവഴിയിൽ. ബീഹാറിലേക്ക് തീവണ്ടിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂരില ഒരുകൂട്ടം അതിഥി തൊഴിലാളികള്‍ ശനിയാഴ്ച്ച വീടുകൾ വിട്ടിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയതറിഞ്ഞത്.

നാട്ടിലേക്ക് പോകുന്നു എന്നറിയിച്ചതോടെ തൊഴിലുടമ വീട് പൂട്ടി താക്കോൽ വാങ്ങിച്ചിരുന്നു. യാത്ര മുടങ്ങിയതോടെ തൊഴിലുടമയെ വിളിച്ചെങ്കിലും ഇനി തിരിച്ചുവരേണ്ടതില്ലെന്നാണ് മറുപടി ലഭിച്ചത്. ഇവർക്ക് താമസ സൗകര്യം ഒരുക്കാൻ തൊഴിലുടമ തയ്യാറാകുന്നില്ല.

കുട്ടികളടക്കം നൂറിലധികം പേരാണ് പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി താമസസ്ഥലം നഷ്ടമായതിനെ തുടര്‍ന്ന് റോഡരികിലും കടത്തിണ്ണയിലും കഴിയുന്നത്. സമീപത്തെ വീടുകളിലുള്ളവര്‍ എത്തിച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയം. ട്രെയിനിന്‍റെ കാര്യത്തിൽ തീരമാനമാകും വരെ ഇവരെ സംരക്ഷിക്കാൻ തൊഴിലുടമകളോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ പല തൊഴിലുടമകളും ഇത് പാലിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഇവർ പെരുവഴിയിലായത്.