കേരളത്തിൽ ഇന്ന് മുതൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

4791

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതൽ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്‍റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.