മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിനു തുറക്കും

5896

പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങും. വൈകീട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും.

ഇന്ന് പ്രത്യേക പൂജകളില്ല. തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. അതേസമയം നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പി ബി നൂഹ് അറിയിച്ചിട്ടുണ്ട്. പരമ്പരാഗത കാനന പാതകളിലൂടെയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. പകല്‍ മൂന്ന് മണി വരെ മാത്രമെ തീര്‍ത്ഥാടകരെ കയറ്റിവിടുകയുള്ളൂ.

ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പ, നിലക്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പമ്പാ-നിലക്കല്‍ ചെയിന്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പമ്പ,നിലയ്ക്കല്‍, സന്നിധാനം,എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു.