ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനം; രാഷ്ട്ര പിതാവിനു ഗ്രീൻകേരള ന്യൂസിന്റെ പ്രണാമം

1316

കൊച്ചി:ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.

സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാര്‍ഗ ദീപമായി നിലക്കൊണ്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്വങ്ങള്‍ പിന്തുടര്‍ന്ന ബാപ്പുജി, രാമരാജ്യമായിരുന്നു സ്വപ്നം കണ്ടത്.രാഷ്ട്ര പിതാവിനു മുന്നിൽ ഗ്രീൻകേരളന്യൂസിന്റെ പ്രണാമം അർപ്പിക്കുന്നു