ചായ കുടിക്കുന്നത് ഒരപരാധമാണോ? ഒരു ചായ പുരാണം

4409

പ്രഭ പ്രമോദ്

ചായ കുടിക്കുന്നത് ഒരപരാധമാണോ?
ചായ തരുന്ന ഉന്മേഷം എനിക്കിഷ്ടമാണെന്നംഗീകരിക്കുന്നത് മോശമാണോ?
ചായ എന്റെ ഒരു ചാപല്യമാണെന്ന് സമ്മതിക്കുന്നതിൽ നാണിക്കണോ?
അതെ എന്നാണ് പ്രമോദിന്റെ അഭിപ്രായം.
“മദ്യപാനികളെ പറഞ്ഞിട്ടു കാര്യമുണ്ടോ ,ചായ കുടിച്ചില്ലെങ്കിൽ നിന്റെ കൈ വിറയ്ക്കുമല്ലോ “
എന്ന് പരസ്യമായും രഹസ്യമായും കളിയാക്കി സ്വയം ആസ്വദിച്ചു ചിരിക്കുന്ന ഒരു സ്വഭാവം ആൾക്കുണ്ട് .
എന്തൊക്കെ പറഞ്ഞാലും ചായ ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചതും പ്രമോദ് തന്നെ.
അതിനാൽ ഒന്നിച്ചു ജീവിതം തുടങ്ങിയ നാളുകളിൽ ഞാനുണ്ടാക്കിയിരുന്ന ചായയെ ബാച്ചലർ ടീ എന്നു പറയാം.

കൃത്യമായ കണക്കൊന്നും ഇല്ലാതെ കുറെ വെള്ളം ,കുറെ ചായപ്പൊടി ,കുറച്ചു പഞ്ചസാര ,കുറേ പാൽ …..എല്ലാം കൂടി ഇളക്കി അടുപ്പത്തു വെച്ച് ,അമ്മ ഉണ്ടാക്കി തന്നിരുന്ന ചായയുടെ മണവും നിറവും വരുന്നതു വരെ തിളപ്പിക്കുക.
കഴിയുമെങ്കിൽ മാത്രം രണ്ടു ഗ്ലാസ്സുകളിലാക്കി ചായക്കടയിൽ അടിക്കുന്ന തുപ്പോലെ രണ്ടോ മൂന്നോ തവണ നീട്ടി അടിക്കുക. അരിച്ചെടുത്ത് ഗ്ലാസ്സിലാക്കിയാൽ അല്പം പതയുള്ള ചായ റെഡി.
പ്രാഗത്ഭ്യം ഇല്ലാത്തതു കൊണ്ട് ചായ അടിച്ച് ഗുരുവിനെ ഇന്നുവരെ അനുകരിച്ചിട്ടില്ല എന്നുള്ളത് സത്യം.
കഴിഞ്ഞ പതിനേഴു വർഷങ്ങൾ പരിശ്രമിച്ചിട്ടും ഒരേ സ്വാദുള്ള ചായ ഉണ്ടാക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും പലപ്പോഴും നല്ല ചായ എന്ന് പ്രമോദ് അനുമോദിക്കാറുണ്ട്.
സത്യം പറഞ്ഞാൽ എനിക്കിഷ്ടമല്ല ഞാൻ ഉണ്ടാക്കുന്ന ചായ…

പണ്ടൊക്കെ തണുത്ത ചായയോടായിരുന്നു പ്രിയം. ആറിയ ചായയേ കുടിക്കൂ എന്ന് അമ്മയുടെ വഴക്ക് കേൾക്കുന്നത് ശീലമായിരുന്നു.
CA പഠനം നടന്നിരുന്ന കാലത്ത് ഫ്ലാസ്കിൽ നിറച്ച ചായ ഗ്ലാസ്സിൽ പകർന്ന് പാട കെട്ടുന്നതുവരെ അനക്കാതെ വെച്ച് ,പാട മാറ്റി ഒറ്റ വലിക്കു കുടിക്കുന്ന ഒരു സ്വഭാവവും ഉണ്ടായിരുന്നു.
ചായ ഗ്ലാസിൽ കൂടിയ പാട മാത്രം ശ്രദ്ധയോടെ ഇളക്കിയെടുത്ത് വായിലിട്ടു ചവച്ചു തിന്നുന്ന ഒരു കൂട്ടുക്കാരിയും ഉണ്ടായിരുന്നു കൂട്ടിന്

This image has an empty alt attribute; its file name is jaipur-tea100.jpg

ഇനി ചില യാത്രാ വിശേഷങ്ങൾ

ജയ്പൂരിൽ നാരങ്ങയുടെ സുഗന്ധമുയരുന്ന ഹോട്ടലിലെ ചുവന്ന മൺ കോപ്പകളിൽ നിറച്ച മസാലചായ….
ഒരു ദിവസം മുഴുവൻ അലഞ്ഞു തിരിഞ്ഞ് ചുവന്ന മൺ കോപ്പകൾ സ്വന്തമാക്കിയതും ആ യാത്രയുടെ ബാക്കിപത്രം………..


മൂന്നാറിലെ ചായ തോട്ടങ്ങളിൽ തണുത്ത പുലരിയിൽ കമ്പിളിയുടുപ്പുകൾക്കുള്ളിൽ ചുരുണ്ടു കൂടിയിരുന്ന് നുണഞ്ഞിറക്കിയ ഗ്രീൻ ടീ ….കൊടൈക്കനാലിലെ തടാകക്കരയിൽ മഞ്ഞു പുതച്ച ഒരു പ്രഭാതത്തിൽ നിശബ്ദമായ വീഥിയിലെ ആളൊഴിഞ്ഞ കോണിൽ നിന്നും ഊതിക്കുടിച്ച ഇഞ്ചിയും ഏലയ്ക്കായും ചേർത്ത ആ കട്ടൻ പകർന്ന ഉന്മേഷം ഇന്നും സിരകളിൽ……
വിരസതയകറ്റാൻ മാത്രം ചായ ക്കൂട്ടി കുടിക്കുന്ന ഒരു ഹരിയാന സ്വദേശി അയൽ വാസി ഉണ്ടായിരുന്നു എനിക്ക് …. ഋതു ….. ഇഞ്ചിയും ഏലക്കായും ചതച്ചിട്ട് നന്നായി തിളച്ചപ്പാലിൽ തേയിലയും പഞ്ചസാരയും ചേർത്ത് നല്ല കടുപ്പമുള്ള ചായ ഞങ്ങൾ ചിലപ്പോളൊക്കെ ഒന്നിച്ചാസ്വദിച്ചിരുന്നു.……

ഇനി വായിച്ചറിഞ്ഞ ചില ചായ വിശേഷങ്ങൾ …..

ഒരിക്കലൊരു ചൈനീസ് രാജകുമാരി വിനോദയാത്രക്കിടയിൽ കുറച്ച് ചൂടുവെള്ളം സഹായിയോടാവശ്യപ്പെട്ടു. കാടിന്റെ പച്ചപ്പിൽ അല്പം ചുള്ളികമ്പുകൾ ശേഖരിച്ച് തീ കൂട്ടി.വെള്ളം തിളച്ചു കൊണ്ടിരുന്നപ്പോൾ കാറ്റിൽ പറന്നെത്തിയ ഒരില തിളച്ച വെള്ളത്തിൽ വീഴുകയും പാചക കാരി അത് ആരുമറിയാതെ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ചൂടുവെള്ളം കുടിച്ച രാജകുമാരി ക്ഷീണമെല്ലാം അകന്ന് ഉന്മേഷവതിയായി. പ്രത്യേക സ്വാദുള്ള ഈ പാനീയം എന്തെന്ന ചോദ്യത്തിന് പാചകകാരിക്ക് സത്യം പറയേണ്ടി വന്നു. ഇതറിഞ്ഞ രാജകുമാരി ആ ചെടി തിരഞ്ഞു പിടിച്ച് പിഴുതെടുത്ത് സ്വന്തം തോട്ടത്തിൽ നട്ട് പരിചരിച്ചു വളർത്തി. അങ്ങനെ ചായ പ്രചാരത്തിൽ വന്നു എന്ന് ഒരു കഥ.

ഒരിക്കൽ ബോധിധർമൻ എന്ന യോഗി ഉറക്കത്തെ തടയാൻ തന്റെ കൺ പീലികൾ മുറിച്ചു കളഞ്ഞതിൽ നിന്നുമാണ് തേയില ചെടിയുടെ ഉത്ഭവം എന്ന് മറ്റൊരുക്കഥ.

ഇറാനി മാർക്കറ്റിൽ ലഭിക്കുന്ന ഉണങ്ങിയ പലതരം പൂക്കൾ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചെടുക്കുന്ന ചായ……
കടുപ്പം കുറഞ്ഞ് ചെറുനാരങ്ങ ചേർത്ത മധുരം കൂടിയ റഷ്യൻ ചായ.…
കർപ്പൂര തുളസിയുടെ സുഗന്ധം പരത്തുന്ന പേർഷ്യൻ ചായ ……
കടുപ്പം കുറഞ്ഞ മധുരം നന്നായി ചേർത്ത് റോസാ പൂവിതളുകൾ വിതറിയ ഈജിപ്ഷ്യൻ ചായ…
അങ്ങനെ അങ്ങനെ ചായ എത്ര വിധം…

അതിഥികളെ ആദരിക്കാൻ ഇന്നും ലോകമെമ്പാടും ചായ തന്നെ മുന്നിൽ ….ആസാം ടീയും സിലോൺ ടീയും യും ലോകപ്രശസ്തങ്ങൾ ………….

ദുബായ് ഗ്ളോബൽ വില്ലേജിൽ നിന്നുംനുണഞ്ഞ ഇന്ത്യൻ രുചികൾ …… മട്ക ചായയും തന്തൂരി ചായയും……

അടുത്തയിടെ കോഴിക്കോടുക്കാരി സുഹൃത്ത് പറഞ്ഞുതന്ന ഒരു സുലൈമാനി ചേരുവ ഇന്നെനിക്കു പ്രിയപ്പെട്ടതാണ്…. .
ആവശ്യമുള്ളത്ര വെള്ളം വലിയ കഷ്ണം ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച് കടുപ്പത്തിനാവശ്യമായ തേയില ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ പുതിനയില വിതറിയ സുലൈമാനി ….
പഞ്ചസാരയുടെ മധുരമില്ലാതെ പുതിനയുടെ മാസ്മരിക ഗന്ധം പകരുന്ന ഉന്മേഷം …… അത് ഒന്ന് വേറെ തന്നെ.

മഞ്ഞു പെയ്യും രാത്രികളിൽ …. കടൽ തീരത്തിനരികെയുള്ള ഫില്ലി കഫേയിലെ കുങ്കുമപ്പൂവും ഏലയ്ക്കയും നിറയെ മധുരവും ചേർത്ത കാശ്മീരി സാഫ്‌റോൺ ചായ …… മനംമയക്കുന്നതു തന്നെ …

എന്റെ പെൺകുട്ടികൾ രണ്ടാളും ചായ ഉണ്ടാക്കുന്നതിൽ മിടുക്കികളാണ്…. കല്യാണിയുടെ മാസ്റ്റർ പീസ് മസാല ചായ…. പറയാതെ വയ്യ…
ഇഞ്ചിയും ഏലയ്ക്കായും ഗ്രാമ്പൂവും കറുവപ്പട്ടയും മേമ്പൊടിക്ക് കുരുമുളകും ചതച്ചിട്ട സ്വാദിഷ്ഠമായ ചായ എനിക്ക് അവളെപ്പോലെ പ്രിയങ്കരം …

മധുരമുള്ള ചായ കപ്പുകൾക്കിരുവശത്തും ഇരുന്ന് എത്ര പ്രണയങ്ങൾ പൂത്തിട്ടുണ്ടാവാം….

ആവി പറക്കുന്ന കട്ടൻചായയുടെ പുകമറയ്ക്കുള്ളിൽ എത്ര വിപ്ലവങ്ങൾ വിരിഞ്ഞിരിക്കാം….
ചായയുടെ രുചി നുണഞ്ഞ് എത്ര സന്ധിസംഭാഷണങ്ങൾ നടന്നിരിക്കാം….
കൈയിലെ ട്രേയിൽ നിരത്തിയ ചായയുമായി എത്ര പെൺകുട്ടികൾ വിവാഹബന്ധത്തിലേയ്ക്ക് നടന്നു കയറിയിരിക്കാം…

അതെ …. ചായ കഥകൾ ഇവിടെ തീരുന്നില്ല …..

ചായ കോപ്പയിൽ നിന്നും ഉയരുന്ന സുഗന്ധം മുഴുവൻ സിരകളിലേയ്ക്ക് ആവാഹിച്ച്, കടൽ തീരത്തെ പുലരിക്കാറ്റിനോട് കഥ പറഞ്ഞ്, സൂര്യോദയം കണ്ണിൽ നിറച്ച് പതുക്കെ പതുക്കെ ഊതി ഊതി കുടിക്കാനൊരു കട്ടൻ ചായ……
അതെ ചായ എനിക്കൊരു ലഹരിയാണ്….
പെയ്തു കൊണ്ടിരിക്കുന്ന മഴ പോലെ …..
പ്രമോദിനോടുള്ള പ്രണയം പോലെ ….. എന്നും പതഞ്ഞു പതഞ്ഞുയരുന്ന ലഹരി….