ഒരു കുറ്റവാളി ജനിക്കുന്നത് എങ്ങനെയാണ്? സ്വപ്‌ന സുരേഷ് തന്റെ ആത്മകഥയിലൂടെ അക്കാര്യം പറയുന്നു.

3325

എം.ആർ.അജയൻ

ഒരു കുറ്റവാളി ജനിക്കുന്നത് എങ്ങനെയാണ്? വെറുതെ ആരും കുറ്റവാളിയായി സമൂഹത്തിൽ ജനിക്കുന്നില്ല. അവരവരുടെ സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നത്. അത് തന്നെയാണ് സ്വപ്‌ന സുരേഷിന്റെ കാര്യത്തിലും സംഭവിച്ചത്. അക്കഥ കൂടിയാണ് സ്വപ്‌ന തന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിലൂടെ ഒരു ഭാഗത്ത് അറിഞ്ഞോ അറിയാതെയോ പറഞ്ഞത് എന്നാണ് ഇത് വായിക്കുമ്പോൾ എനിക്ക് തോന്നിയത് ..ഈ പുസ്തകത്തിന്റെ പുറംചട്ടയിൽ കേരള രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്നാണ്. വാസ്തവത്തിൽ ഈ ആത്മകഥ നനഞ്ഞ പടക്കമായിപ്പോയി എന്നതാണ് യാഥാർഥ്യം. പ്രസാധകനായ കറന്റ് ബുക്സിനു കുറച്ച് ലാഭം ഉണ്ടാക്കാം. അതിലപ്പുറം ഒന്നും ഈ പുസ്തകം കൊണ്ട് സംഭവിക്കില്ല. എനിക്ക് 250 രൂപയും നഷ്ടമായി.

ഈ പുസ്തകത്തിലെ ഭാഷയാണ് മറ്റൊരു പ്രശ്നവും. ആരോ ഒരാൾ സ്വപ്‍നയ്ക്ക് എഴുതി കൊടുത്തതാണ് ഇത്. അവരുടെ കൈപ്പടയിൽ എഴുതിയതല്ല. അതിൽ ഒരു തെറ്റുമില്ല. എന്നെപ്പോലുള്ളവർ പല പ്രമുഖ വ്യക്തികളുടെയും ആത്‌മകഥ എഴുതിയിട്ടുണ്ട്. അവർ പറഞ്ഞു തരും. നമ്മൾ എഴുതും. അങ്ങനെ എഴുതുന്നവരെ വിളിക്കുന്ന പേരാണ് ഗോസ്റ്റ് റൈറ്റർ.

കേരളത്തിനു വെളിയിൽ ഗോസ്റ്റ് റൈറ്റർക്ക് നല്ല പ്രതിഫലം കിട്ടുന്നുണ്ട്. കേരളത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ദിവസ കൂലിയെക്കാൾ കുറവാണ്. ഗോസ്റ്റ് റൈറ്റർ എന്ന പേരിൽ ഞാൻ ഒരു സിനിമ സംവിധാനം ചെയ്തു. എന്റെ തന്നെയായിരുന്നു കഥയും തിരക്കഥയും സംഭാഷണവും. കോവിഡ് മൂലം പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഷൂട്ടിങ് നിർത്തേണ്ടി വന്നു. തൊണ്ണൂറു ശതമാനവും ഷൂട്ടിംഗ് കഴിഞ്ഞതാണ്. പിന്നീട് നിർമാതാവിന്റെ താൽപര്യക്കുറവ് മൂലം തുടരാൻ കഴിഞ്ഞില്ല. ഇനി തുടരുമെന്ന് തോന്നുന്നില്ല. അങ്ങനെ എന്റെ ആദ്യത്തെ സിനിമ തന്നെ മടങ്ങിപ്പോയി. വേണമെങ്കിൽ അഡ്വ.ജയശങ്കറിന്റെ പോലുള്ളവർ നിയമസഭയിൽ തോറ്റ സ്ഥാനാർത്ഥിയെ തോറ്റ എംഎൽഎ എന്നു വിളിക്കുന്ന പോലെ മുടങ്ങിപ്പോയ സിനിമയുടെ സംവിധായകൻ എന്നും എന്നെ വിളിക്കാം. ഇപ്പോഴും പുതിയ കഥകളുമായി ഓരോ ദിവസവും നിർമാതാക്കളെ കണ്ട് കഥ പറയുന്നത് മുടക്കമില്ലാതെ തുടരുന്നുണ്ട്.

അതിനിടയിലാണ് ഒരു ദിവസം എറണാകുളം സിഐസിസിയിൽ നിന്നും 250 രൂപ കൊടുത്ത് സ്വപ്‌ന സുരേഷിന്റെ പുസ്തകം വാങ്ങിയത്. സാധാരണ ഗതിയിൽ പുസ്തകം വാങ്ങുമ്പോൾ 30 ശതമാനം കമ്മീഷൻ സിഐസിസി ബുകസ് ഉടമ ജയചന്ദ്രൻ നൽകാറുണ്ട്. എന്നാൽ ഈ പുസ്തകത്തിനു കമ്മീഷൻ തരില്ലെന്ന് ജയചന്ദ്രൻ വാങ്ങുന്നതിനു മുമ്പ് പറഞ്ഞിരുന്നു. കമ്മീഷൻ കൊടുക്കേണ്ടതില്ല എന്നാണത്രെ പ്രസാധകരായ കറന്റ് ബുക്കിന്റെ നിർദേശം. പുര കത്തുമ്പോൾ ചിലർ വാഴ വെട്ടുന്നു. ഈ പുസ്തകം ഒറ്റ ദിവസം കൊണ്ട് അയ്യായിരം കോപ്പികളാണത്രെ വിറ്റഴിക്കപ്പെട്ടത്. ഇതിനു മുമ്പ് ശിവശങ്കർ എഴുതിയ പുസ്‌തകം ഡിസി ബുക്‌സായിരുന്നു പ്രസിദ്ധീകരിച്ചത്.

സ്വപ്‌ന സുരേഷ് ജനിച്ച സമയം മുതൽ ഇപ്പോഴുള്ള അനുഭങ്ങൾ വരെയാണ് ചതിയുടെ പത്മവ്യൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നാണ്അനുമാനിക്കേണ്ടത്. ഈ പുസ്തകം ചില ഭാഗങ്ങളിൽ എത്തുമ്പോൾ കൊച്ചു പുസ്തകത്തിന്റെ തരത്തിലേക്ക് തരം താഴുന്നുണ്ടെന്ന് ഇതിനകം ചിലർ പറഞ്ഞിട്ടുണ്ട്. എനിക്കും അതേ അഭിപ്രായമാണ്.

13 അധ്യായങ്ങളിൽ 155 പേജുകളിലായാണ് സ്വപ്നയുടെ ആത്മകഥ ചുരുളഴിയുന്നത്. സ്വപ്നയുടെ ജനനം ദുശ്ശകുനം പോലെയായി മാതാപിതാക്കൾ കണ്ടിരുന്നു.സോമാലിയൻ കുട്ടിയാണോ? കുട്ടി മാറി പോയതാണോ എന്ന് സംശയിക്കപ്പെട്ടു. ഇവരുടെ മൂത്ത മകൻ വെളുത്തു സുന്ദരൻ ആയിരുന്നു. മൂന്നാമത്തെ മകനും അതുപോലെയായാണ്. രണ്ടാമത്തെ കുട്ടിയായ സ്വപ്ന മാത്രമാണ് കറുത്തത്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ മാതാപിതാക്കളുടെ കടുത്ത അവഗണനയ്ക്ക് അവർ വിധേയമായി.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. അകം പൊള്ളിക്കുന്ന അനുഭവങ്ങളാണ് സ്വപ്‌നയെ ഒരു കള്ളക്കടത്തുകാരിയോ ക്രിമിനലോയാക്കിയത്. നീ പട്ടിയാണ് എന്നുവരെ മാതാപിതാക്കൾ അവരെ വിളിച്ചിട്ടുണ്ട്. ഇന്റർനാഷണൽ പ്രോസ്റ്റിറ്റൂട് എന്ന് സ്വപനയെ സ്വന്തം പിതാവ് വിളിച്ചുയെന്ന് അവർ തന്നെ ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

രണ്ടാമത്തെ അധ്യായത്തിന്റെ തലക്കെട്ട് തന്നെ ഇന്റർനാഷണൽ പ്രോസ്റ്റിറ്റൂട് എന്നാണ് .ഒരു ക്രൈസ്തവ പുരോഹിതനോടൊപ്പം ഒളിച്ച് ഓടിയതുകൊണ്ടാണ് ആ പേര് സ്വന്തം പിതാവ് അവരെ വിളിച്ചത്.ഇസ്മായിൽ എന്ന ഒരാളെ വാടക ഭർത്താവായി സ്വീകരിച്ചപ്പോൾ അവർ മുസ്‌ലിം മതം സ്വീകരിച്ചു. പൊന്നു എന്നയാളെ അവർ വിവാഹം ചെയ്‌തു. അതായിരുന്നു ആദ്യത്തെ വിവാഹം. അതിലൊരു പെൺകുട്ടി ജനിച്ചു. അയാളിൽ നിന്നും കടുത്ത പീഡനം നേരിട്ടു. അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു സിനിമ ചേട്ടനുമായി ഒളിച്ചോടി. പിന്നീട് ജയശങ്കർ എന്നയാളെ വിവാഹം ചെയ്തു. പണത്തോട് ആർത്തിയുണ്ടായിരുന്ന അയാളോടൊപ്പമുള്ള ജീവിതവും സ്വപ്നയ്ക്ക് ദുരന്തമായിരുന്നു. ഈ ബന്ധം നിലനിൽക്കെയാണ് സ്വപ്‌ന സുരേഷ് ശിവശങ്കർ ഐഎഎസുമായി അടുപ്പത്തിലായത്. ഐഎഎസുകാരനുമായി സെക്‌സിൽ ഏർപ്പെട്ടതായി പറയുന്നില്ല. അങ്ങനെ അദ്ദേഹവുമായുള്ള ബന്ധം തുടരവെയാണ് വിവാദത്തിലാക്കപ്പെടുന്നത്.

ഈ ആത്മകഥയിലൂടെ നമ്മൾ കടന്നു പോകുമ്പോൾ ഒരു കാര്യം വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് .താൻ എങ്ങനെ ക്രിമിനലായി തീർന്നു എന്ന വസ്തുത. സ്വപ്‍ന നേരിട്ട പൊള്ളുന്ന അനുഭവങ്ങളാണ് അവരെ പണം ഉണ്ടാക്കാൻ വേണ്ടി വഴിവിട്ട ബന്ധങ്ങളിലേക്ക് നയിച്ചത് എന്ന് ഈ ആത്മകഥ വായിച്ചപ്പോൾ എനിക്കു തോന്നി. കുറ്റവാളികൾ സമൂഹത്തിൽ ഉണ്ടാവുന്നത് ഇത്തരം പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ് എന്ന് തന്റെ ആത്മകഥയിലൂടെ സ്വപ്ന സുരേഷ് സ്വയം വരച്ചു കാണിക്കുകയാണ്. ഒരിക്കൽ ഒരു വിവാദ നായികയായ ഒരു വനിതയുടെ അഭിമുഖം എടുത്തപ്പോൾ സത്യസന്ധമായി അവർ ഒരു കാര്യം എന്നോട് പറഞ്ഞു.അതിങ്ങനെയാണ് ..”തന്റെ പണത്തോടുള്ള ആർത്തിയാണ് വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നു പോകാൻ തന്നെ നിർബന്ധിച്ചത് .ഇനി ഒരിക്കലും ആ വഴിയിലൂടെ താൻ സഞ്ചരിക്കില്ല ..”

കക്ഷി രാഷ്ട്രീയമല്ലാതെ നിഷ്പക്ഷമായി ഈ ആത്മകഥ വായിച്ചാൽ അവർ എങ്ങനെ കള്ളക്കടത്തുകാരിയായി എന്ന് എല്ലാവർക്കുംമനസിലാവും. യഥാർത്ഥത്തിൽ ഈ ആത്മകഥയിലൂടെ സ്വപ്‌ന സുരേഷ് സ്വയം കുഴിതോണ്ടുകയാണ് ചെയ്‌തത്‌ എന്നാണ് ഞാൻ മനസിലാക്കുന്നത് .