ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം;ശരദ് അരവിന്ദ് ബോബ്‌ഡെ പുതിയ ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേൽക്കും

4466

ന്യൂഡൽഹി: നിർണ്ണായക കേസുകളിൽ വാദം കേട്ട, ഇന്ത്യൻ ചരിത്രത്തിലിടം പിടിച്ച വിധികൾ പറഞ്ഞ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം. ഞായറാഴ്ചയാണ് ഗോഗോയ് വിരമിക്കുന്നത്. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ പുതിയ ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേൽക്കും.

വർഷങ്ങളായി വിശ്വാസികൾ കാത്തിരുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടതാണ് ഗോഗോയ് വിധി പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട കേസ്. അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്നും പള്ളി നിർമ്മിക്കാൻ പകരം ഭൂമി നൽകണമെന്നും ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ച് വിധിച്ചു.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഏഴംഗ വിശാല ബഞ്ചിന് വിട്ടതും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നതും റഫേൽ ഇടപാടിൽ അഴിമതിയില്ലെന്ന കണ്ടെത്തൽ നടത്തിയതും അദ്ദേഹം അദ്ധ്യക്ഷനായ ബഞ്ചായിരുന്നു.

അവസാന പ്രവൃത്തി ദിനമായ ഇന്ന് വൈകുന്നേരം ഗോഗോയ്ക്ക് സുപ്രീംകോടതി അങ്കണത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകും.