ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

6411

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ മേഖലയിലെ രാജ്യങ്ങളില്‍ ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആത്മഹത്യയുടെ കാര്യത്തില്‍ ആഗോള ശരാശരി ഒരു ലക്ഷത്തിന് 10.5 ശതമാനമായി തുടരുമ്പോള്‍ ഇന്ത്യയില്‍ ഇത് 18.7 ശതമാനമാണ്. 2016ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,15,782 ആത്മഹത്യകളാണ് നടന്നത്. ഇതില്‍ 71.2 ശതമാനം പേരും 15നും 39നും ഇടയില്‍ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലെന്നും ലോകാരോഗ്യ സംഘടനനയുടെ റിപ്പോര്‍ട്ട് അടിവരയിടുന്നു.

കാര്‍ഷിക മേഖലയിലെ അത്മഹത്യകളാണ് തോത് വര്‍ധിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മഹാരാഷ്ട, തെലങ്കാന, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യകളുടെ തോത് ഗണ്യമായി വര്‍ധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ കര്‍ഷക ആത്മഹത്യകളില്‍ 90 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മനഹാരാഷ്ട്രയില്‍ 12,021 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2016ല്‍ 8,17,000 ആത്മഹത്യകളാണ് ലോകത്തുണ്ടായത്. ലോക ജനസംഖ്യയുടെ 18 ശതമാനം കഴിയുന്നത് ഇന്ത്യയിലാണ്. എന്നാല്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ തോത് 28.19 ശതമാനമാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്തെ ആത്മഹത്യാ നിരക്കില്‍ 40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1990ല്‍ 1,64, 404 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2016ല്‍ ഇത് 2,30,314 ആയി വര്‍ധിച്ചു.

രാജ്യത്തെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുജനാരോഗ്യ പ്രശ്‌നമായി വളരുന്നതായും യുഎന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു. യുവാക്കള്‍, കൗമാരക്കാര്‍ എന്നിവര്‍ക്കിടയിലാണ് ആത്മഹത്യാ പ്രവണത ഗണ്യമായി വര്‍ധിക്കുന്നത്. ആത്മഹത്യാ ശ്രമങ്ങളും രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെക്കാള്‍ 25 മടങ്ങ് കൂടുതലാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവര്‍. 2016ല്‍ 5.75 ദശലക്ഷം പേരാണ് ഇന്ത്യയില്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.