പാദരക്ഷകൻ

5817

ശിവകുമാർ

കൊറോണയെന്ന  മഹാമാരി  ലോകജനതയെ മുഴുവനായും  കീഴ്പെടുത്തിയിരിക്കുന്നു. പല രാജ്യങ്ങളും  പൂർണമായും ഭാഗികമായുമൊക്കെ ലോക്ക്ഡൌണിലാണ്. ഭാരതത്തിലും സ്ഥിതി വ്യത്യസ്തമല്ല.  കടകളും കംമ്പോളങ്ങളും  അടഞ്ഞുകിടക്കുന്നു.  ജനജീവിതം കുറെയേറെ നിശ്ചലമായി.

ജാക്ക്സൺ നല്ലൊരു ഗിത്താറിസ്റ്റാണ്.  ഫോർട്ട്‌കൊച്ചിയിലാണ് താമസം. കൊറോണക്കാലത്ത് ജാക്ക്സനും അയാളുടെ ചെരുപ്പിനും   നല്ല വിശ്രമം ലഭിച്ചു.  ചെരുപ്പ്   കുറച്ച് പഴയതായെങ്കിലും പോളിഷ് ചെയ്തു കൊണ്ടു നടക്കുകയായിരുന്നു. അതിനിടക്ക്  ഒരു ദിവസം കടപ്പുറത്തെ പാറക്കെട്ടിനിടയിലൂടെ നടന്നപ്പോൾ ചെരുപ്പ് മടങ്ങി കുറച്ചു ഭാഗം വിണ്ടുപോയി. ലോക്ക്ഡൗൺ  കാരണം  പുതിയ ചെരുപ്പ്  മേടിക്കുവാനും  കഴിഞ്ഞില്ല. ലോക്ക്ഡൗൺ  കഴിഞ്ഞാൽ  ഒരു പുതിയ ഷൂസ്  മേടിക്കണമെന്ന്  അയാൾ തീരുമാനിച്ചു.

ലോക്ക്ഡൗണിൽ  ഇളവുവരുത്തി. കടകൾ തുറന്നു തുടങ്ങി. ജാക്ക്സൺ    പുതിയ ഷൂസ് മേടിക്കുവാനായി  തിരിച്ചു.

എറണാകുളം പട്ടണത്തിലെ ആരെയും
അത്യധികം ആകർഷിക്കുന്ന പാദരക്ഷകളുടെ കമനീയ ശേഖരമുള്ള ഷോറൂം. പാദരക്ഷകൾ വളരെയധികം
ആകർഷണത്തോടെ കസ്റ്റമേഴ്സിന്
തിരഞ്ഞെടുക്കുവാൻ പാകത്തിൽ ക്രമമായി അലങ്കരിച്ചു വച്ചിരിക്കുന്നു.
വൃത്തിയായി  യൂണിഫോം ധരിച്ച സെയിൽസ്മാൻ  ജാക്ക്സണ്  പലതരം   ഷൂസുകൾ കാണിച്ചു  കൊടുത്ത്  അവയുടെ  സവിശേഷതകളും  ഗുണങ്ങളും വളരെ വിനീതമായി  വിവരിച്ചു കൊടുത്തു.  ജാക്ക്സൺ ഒരു ഷൂസ്   തിരഞ്ഞെടുത്ത്  അതിന്റെ  വില നൽകി അത് കാലിലണിഞ്ഞു.  പഴയ  ചെരുപ്പ്    പൊതിഞ്ഞിടുത്ത്  ഷോറൂമിൽ നിന്നും  പുറത്തിറങ്ങി.

ജാക്ക്സൺ  തന്റെ പഴയ ചെരുപ്പ്  നന്നാക്കുവാനായി  ഷോറൂമിന്  വെളിയിലിരിക്കുന്ന ചെരുപ്പ് നന്നാക്കുന്നയാളെ  ഏൽപ്പിച്ചു     അടുത്ത കടയിലേക്ക് കയറി. 

ചെരുപ്പ് നന്നാക്കുന്നയാളുടെ  കയ്യിലിരിക്കുന്ന പഴയ ചെരുപ്പ് ഷോറൂമിലേക്ക്  മെല്ലെയൊന്ന്  നോക്കി. ഷോറൂമിലെ  ആകർഷകമായിരിക്കുന്ന ചെരുപ്പുകളെ നോക്കി സ്വയം പറഞ്ഞു. 
അതെ..  ഒരിക്കൽ ഞാനും ഈ ഷോറൂമിലെ  ചില്ല് അലമാരകളിലിരുന്ന്  ആളുകളെ  ആകർഷിക്കുമായിരുന്നു. ഷോറൂമിന്റെ പുറത്തുകൂടി പോകുന്നവരും  അകത്തു  വരുന്നവരും  കൗതുകത്തോടെ  എന്നെ നോക്കുമായിരി ന്നു. ഷോറൂമിലെ ജോലിക്കാർ  എന്നും എപ്പോഴും  എന്നെ വൃത്തിയായി  സൂക്ഷിക്കുമായിരുന്നു.  സ്നേഹപൂർവ്വം  എന്നും അവരുടെ കൈകളിലാണ് എന്നെ ഇടുത്തിരുന്നത്.

ഒരു ദിവസം അവർ എന്നെ വിറ്റു.  ശീതീകരിച്ചമുറിയിൽ നിന്നും ഞാൻ പുതിയ യജമാനന്റെ  മുഴുവൻ  ഭാരവും താങ്ങി കല്ലും മുള്ളും ടാറുമൊക്കെയുള്ള  റോഡുകളിലൂടെയും  മറ്റും അഴുക്കും പൊടിയും ചൂടുമേറ്റുള്ള യാത്ര തുടങ്ങി.  എവിടെ ചെന്നാലും എനിക്ക് സ്ഥാനം വാതിലിന്  പുറത്ത്  മാത്രമായിരുന്നു. 
മനുഷ്യരുടെ ശരീരത്തെ സംരക്ഷിക്കുകയും അതിന്  സൗന്ദര്യം നൽകുകയും  ചെയ്യുന്ന വസ്തുക്കളിൽ ഞാൻ ഒഴികെ മറ്റെല്ലാ വസ്തുക്കൾക്കും സ്ഥാനം എപ്പോഴും  അകത്താണ്. മിക്കപ്പോഴും അഴുക്ക് സ്ഥലങ്ങളിലെയും  ശുചിമുറികളിലെയും അഴുക്കുകൾക്കും  ദുർഗന്ധങ്ങൾക്കും  ഞാൻ ഇരയായി.  റോഡുകളിലെ തുരുമ്പ്  പിടിച്ച ആണിയും ബ്ലേഡും  കുപ്പിച്ചില്ലുമൊക്കെ എനിക്ക്  എത്രയെത്ര  മുറിവുകൾ നൽകി .  നായകൾ  എന്നെ കടിച്ചു മുറിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.  ചിലപ്പോൾ വെയിലത്തു കിടന്നു ചുട്ടു പൊള്ളും. മറ്റു ചിലപ്പോൾ മഴയത്തു കിടന്നു നനയും.  പള്ളികളുടെ പുറത്ത് കിടക്കുമ്പോൾ   മനഃപൂർവം എന്നെ  മാറ്റിയെടുക്കുവാനും ചിലർ ശ്രമിച്ചിട്ടുണ്ട്.  പടിക്കു പുറത്ത് കിടക്കുമ്പോൾ ചിലപ്പോഴൊക്കെ മറ്റു ചെരുപ്പുകൾ  എന്നെ ചവിട്ടി മെതിച്ചിട്ടുണ്ട്. യാത്ര ചെയ്തു ചെയ്തു  ഇപ്പോൾ ഞാൻ പല കഷണങ്ങളായി കൊണ്ടിരിക്കുകയാണ്.          .

ചെരുപ്പ് നന്നാക്കുന്നയാൾ വലിയ സൂചിയും  നൂലുമിടുത്തു. വീണ്ടും എന്നെ തുന്നി കെട്ടുവാൻ പോവുകയാണ്.  ഇനിയും എത്രനാൾ  ഭാരങ്ങൾ  താങ്ങേണ്ടിവരും. യജമാനൻമാരുടെ  പാദങ്ങളെ  സംരക്ഷിക്കുന്നത്തിലൂടെ അവരുടെ ശരീരത്തെയും  ജീവനെയും കൂടിയാണ് ഞങ്ങൾ പരിരക്ഷിക്കുന്നതെന്ന  കാര്യം പലപ്പോഴും   ബോധപൂർവം അവർ മറക്കുന്നു. 

പഴയ ചെരുപ്പ് കണ്ണാടിക്കൂട്ടിലെ  ചെരുപ്പുകളെ  ദയനീയമായി  നോക്കി. നിങ്ങളുടെ ഇപ്പോഴുള്ള  സന്തോഷം   ഒട്ടും ശാശ്വതമല്ല.  ഒരിക്കൽ നിങ്ങളും ഷോറൂമിൽ നിന്നും പുറത്തുവരും. 
അന്ന് നിങ്ങളുടെ അവസ്ഥയും എന്റേതുപോലെതന്നെ.
ഒരിക്കലും അഹങ്കരിക്കാതിരിക്കുക. 

ഇന്ന് ഞാൻ നാളെ നീ…
ഹേ..  മനുഷ്യാ..
ഇതുതന്നെയാണ്  നിന്റെയും….

ചെരുപ്പ് ഒന്നുകൂടി ചെരുപ്പ് നന്നാക്കുന്നയാളെ നോക്കി മെല്ലെ കണ്ണടച്ചു.