അഭയ കേസ് – രൂപത ചാൻസലർ സ്ഥാനത്തു നിന്ന് പ്രതി ഫാ. കോട്ടൂരിനെ പുറത്താക്കി

10

കോട്ടയം:സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെ ക്നാനായ കത്തോലിക്ക സഭയുടെ അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും നീക്കി.ഇന്നലെയായിരുന്നു സംഭവം

വിചാരണ കൂടാതെ വെറുതെ വിടണമെന്ന ഒന്നാം പ്രതി ഫാ. കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെയും ഹർജികൾ ജൂലൈ 15 ന് സുപ്രീം കോടതി തള്ളിക്കൊണ്ട് വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. അതിനെ തുടർന്ന്‌ സുപ്രീം കോടതി പോലും കൈവിട്ട പ്രതിയെ സഭയുടെ ഉന്നതസ്ഥാനത്ത് ഇനി തുടരാൻ അനുവദിച്ചാൽ സഭാവിശ്വാസികളുടെ ചോദ്യങ്ങൾക്ക് ന്യായീകരണം പറഞ്ഞു നിൽക്കാനാവില്ല എന്നുള്ളതിനാലാണ് സഭാനേതൃത്വം അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്യിപ്പിച്ചതെന്നാണ് സിസ്റ്റർ അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്‌ക്കൽ പ്രതികരിച്ചത്

സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിനെ ഡബിൾ പ്രൊമോഷൻ കൊടുത്തു രൂപത ചാൻസലർ ആയി നിയമിക്കുകയും പിന്നിട് 2008 ൽ പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും 49 ദിവസം ജയിലിൽ കിടന്നപ്പോഴും കുറ്റപത്രം കൊടുത്തപ്പോഴും കഴിഞ്ഞ 10 വർഷത്തിനിടയിൽ ചാൻസലർ സ്ഥാനത്തു കോട്ടൂരിനെ സംരക്ഷിച്ചു നിലനിർത്തിയതിനാൽ ക്നാനായ കത്തോലിക്ക സഭയുടെ സൽപ്പേര് കളങ്കപ്പെട്ടിരുന്നു.

തിരുവനന്തപുരം CBI കോടതിയിൽ സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെയുള്ള കുറ്റവിചാരണ ഓഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കെയാണ് ഫാ. കോട്ടൂരിനെ അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.