ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി അഞ്ചിന് തുടങ്ങും

1420

ഷാർജ: പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും. ഉത്സവവേളയിൽ ഷാർജയുടെ ഏറ്റവും പ്രധാനപ്പെട്ട 19 ഇടങ്ങളിൽ പ്രത്യേക ലൈറ്റ് ഷോകൾ നടക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ.) അറിയിച്ചു.

മൂന്ന് ഇന്ററാക്ടീവ് ഷോകൾ, അൽ മജാസ് വാട്ടർഫ്രണ്ടിൽ രണ്ട് ഷോകൾ, യൂണിവേഴ്സിറ്റി ഹാളിന്റെ മുൻവശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കും. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിർച്വൽ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അൽ മജാസ് വാട്ടർഫ്രണ്ടിൽ നടക്കുക. എല്ലാ ദിവസവും രാത്രി ഒമ്പതിന് ലൈറ്റ് ഷോകളും പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ പോലീസ് അക്കാദമി, ഷാർജ സർവകലാശാല, ഷാർജ പള്ളി, ഷാർജ മുനിസിപ്പാലിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, മസ്ജിദ് അൽ നൂർ, അൽ ഖസ്ബ, ഒമ്രാൻ തര്യാം സ്ക്വയർ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അൽ ഹമ്രിയ ഏരിയ മുനിസിപ്പാലിറ്റി, അൽ വൂസ്റ്റ ടി.വി. ബിൽഡിങ് (അൽ ദൈദ്), ഷാർജ സർവകലാശാല, കൽബ ഹൗസ് ഓഫ് ജസ്റ്റിസ്, ഖോർഫാക്കൻ, അറബ് അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആൻഡ് മാരിടൈം ട്രാൻസ്പോർട്ട്, ഖോർഫാക്കൻ, മസ്ജിദ് ശൈഖ് റാഷിദ് ബിൻ അഹമദ് അൽ കാസിമി (ദിബ്ബ അൽ ഹിസ്ൻ) എന്നിവിടങ്ങളിലും പ്രകാശംകൊണ്ട് വിസ്മയങ്ങൾ വിരിയും.

ഇത്തവണ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിർവശത്തും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് മുന്നിലും ഫുഡ്ട്രക്ക് സോണുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ അർധരാത്രി 12 വരെയുമാണ് ലൈറ്റ് ഷോകൾ നടക്കുക. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 15ന് ലൈറ്റ് ഫെസ്റ്റിവെൽ സമാപിക്കും.