ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

6500

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു വിദ്യാർത്ഥിക്ക് കൂടി കുത്തേറ്റിട്ടുണ്ട്‌ . പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

ധീരജിനെ കുത്തിയശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ധീരജ് മരിച്ചിരുന്നു. ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

നേരത്തെ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവം ഇതാദ്യമാണ്. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യനാണ് കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്തി ശ്രീ പിണറായി വിജയൻ പറഞ്ഞു. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ട്. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.

ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം നേതാവ് എം.എം മണി എം.എല്‍.എ. കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി ചൂണ്ടിക്കാട്ടി.

കോളെജില്‍ സംഘര്‍ഷമുണ്ടായിരുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും ആവര്‍ത്തിച്ചു. പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയത്.

പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് അറിയിച്ചു. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പൊലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

കെ.എസ്.യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്.എഫ്.ഐ. പ്രതിഷേധം ഉയര്‍ത്തും. വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.