ലൈംഗിക പീഡനകേസുകളില്‍ ചരിത്രപരമായ നിലപാട് സ്വീകരിച്ച് വത്തിക്കാന്‍

4575

വത്തിക്കാൻ :ലൈംഗിക പീഡനകേസുകളില്‍ ചരിത്രപരമായ നിലപാട് സ്വീകരിച്ച് വത്തിക്കാന്‍. കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനകേസുകളില്‍ സഭാ രേഖകള്‍ വെളിപ്പെടുത്തുന്നതില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കിയത്.

ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് ചരിത്രപരമായ മാറ്റം വത്തിക്കാന്‍ സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകളില്‍ നിയമപരമായ നടപടികള്‍ക്ക് സഭാരേഖകള്‍ കൈമാറുന്നതിലുള്ള വിലക്ക് ഒഴിവാക്കുന്നതായി ഇത് സംബന്ധിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലൈംഗിക പീഡനം സംബന്ധിച്ച കേസുകളില്‍ സഭാ രേഖകളില്‍ പുലര്‍ത്തുന്ന ദുരൂഹത നീക്കുന്ന നിലപാടാണിത്. അതത് രാജ്യത്തെ നിയമസംവിധാനത്തോടു സഹകരിക്കും. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറും. 18 വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിക്കുന്നു.