മുതിര്‍ന്ന കോൺഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

2525

ന്യൂഡൽഹി : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്  എയിംസ് ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു .

റായ്പൂരിലും കൊല്‍ക്കത്തയിലുമായാണ് മോത്തിലാല്‍ വോറ പഠനം പൂര്‍ത്തിയാക്കിയത്. നവഭാരത് ടൈംസ് അടക്കമുള്ള പല പത്രങ്ങളിലും പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്നു. 1970ല്‍ മധ്യപ്രദേശത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വോറ മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ചെയര്‍മാനായി. 1977ലും 1980ലും വീണ്ടും എം എല്‍ എയായി. 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തെത്തി. 1985-1988 കാലത്താണ് വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1988 ഏപ്രിലില്‍ രാജ്യസഭാംഗമായി.1993 മുതല്‍ 1996 വരെ യു പി ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.