രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത് ടീം ഇന്ത്യ;കോലി മാന് ഓഫ് ദി മാച്ച്

5492

പൂനെ:രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത് ടീം ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് പുറത്താക്കി.ഉമേഷ് യാദവും രവീന്ദ്ര ജഡേജയും അശ്വനും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സന്ദർശകർക്ക് പിടിച്ചുനിൽക്കാനായില്ല.

ടീം ഇന്ത്യയുടെ നാട്ടിലെ തുടര്‍ച്ചയായ 11-ാം ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. കേശവ് മഹാരാജിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ജഡേജയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുന്നത്. ഒന്നാം ഇന്നിങ്സില്‍ 326 റണ്‍സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ പിഴച്ചിരുന്നു.

നാലാം ദിവസത്തിലെ രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ (0) മടക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. ഉമേഷ്, ത്യൂനിസ് ഡി ബ്രൂയിനെയും (8)മടക്കി. 54 പന്തുകള്‍ പ്രതിരോധിച്ച് അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ അശ്വിനും മടക്കി. 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനെയും അശ്വിന്‍ തന്നെ പുറത്താക്കി.

ടെംബ ബവുമ (38), ക്വിന്‍റണ്‍ ഡിക്കോക്ക് (5), എസ്. മുത്തുസ്വാമി (9), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (37), കാഗിസോ റബാദ (4), കേശവ് മഹരാജ് (22) എന്നിവരാണ് പുറത്തായ മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങൾ. പുറത്തായില്ലെങ്കിലും ആർനിച്ചിന് (0) റൺസൊന്നും നേടാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ വിക്കറ്റ് നേടി. ഇഷാന്ത് ശർമ്മയും മുഹമ്മദ് സമിയും ഓരോ വിക്കറ്റും വീഴ്ത്തി. എട്ട് ഓവറിലാണ് ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് പിഴുതെടുത്തത്.ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയാണ് കളിയിലെ താരം