സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നത് കേരളം ഉള്‍പ്പെടെയുള്ള തീരദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്

6411

കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നത് കേരളം ഉള്‍പ്പെടെയുള്ള തീരദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. ഈ നൂറ്റാണ്ടില്‍ വര്‍ഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളതീരങ്ങളില്‍ വലിയൊരുഭാഗം മുങ്ങും. ധ്രുവമേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാള്‍ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്.

സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളില്‍ കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളുണ്ട്. രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാള്‍ വേഗത്തിലാണ് കൊച്ചിയില്‍ സമുദ്രനിരപ്പ് ഉയരുന്നത്. ഏറ്റവും കൂടുതല്‍ അപകടഭീഷണിയുള്ളത് ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഗംഗ, ബ്രഹ്മപുത്ര പീഠഭൂമികളാകും സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവരിക. കടല്‍ത്തിരകളുടെ ശക്തി കൂടുന്നതും താഴ്ന്ന കരയും ഇവിടങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടാക്കും. വിശാഖപട്ടണം, ഭുവനേശ്വര്‍, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാകും കടല്‍ കയറി കൂടുതല്‍ തീരം നഷ്ടമാവുക.

കേരളതീരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും മാനുഷിക ഇടപെടലുകളും കൊണ്ടാണ് സമുദ്രനിരപ്പ് അസാധാരണമായ വിധത്തില്‍ ഉയരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനം കേരളതീരങ്ങളില്‍ ഉപ്പുവെള്ളം കയറാനും ശുദ്ധജല ലഭ്യതയെയും കൃഷിയെയും ബാധിക്കാനും ഇടയാക്കുമെന്നു പഠനത്തില്‍ പറയുന്നു. സമുദ്രനിരപ്പ് ഉയര്‍ന്ന് കേരളത്തില്‍ ആദ്യം മുങ്ങുക കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തായിരിക്കുമെന്നു പഠനത്തില്‍ പറയുന്നു. സമുദ്രനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ലോകത്തെ പല തീരദേശങ്ങളും രക്ഷാനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയും കേരളവും ഏറെ പിന്നിലാണെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങളിലെ പരിമിതികള്‍ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നാണു പഠനംവ്യക്തമാക്കുന്നത്‌.