കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവൻബാബു ആണ് പതാകയുയര്‍ത്തിയത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, രാജ് മോഹന്‍ ഉണ്ണിത്താന് എംപി എന്നിവര്‍ സന്നിഹിതരായിരുന്നു. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടനചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ആലപിക്കുന്ന സ്വാഗതഗാനത്തിന് 120 വിദ്യാർഥികൾ ദൃശ്യഭാഷയൊരുക്കും. 28 വേദികളിലായി 239 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ 13,000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ലോവർ അപ്പീൽ കമ്മിറ്റി ഹൊസ്ദുർഗ് ജിഎച്ച്എസ്എസിലും ഹയർ അപ്പീൽ കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലുമാണു പ്രവർത്തിക്കുക. അപ്പീലുമായി വരുന്നവരെ പ്രത്യേകം രജിസ്റ്റർ ചെയ്യും.
നിലവിൽ ഡിഡിഇമാർ 280 അപ്പീൽ അനുവദിച്ചിട്ടുണ്ട്. വിധികർത്താക്കളുടെ പ്രവർത്തനം വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യുന്ന മത്സരാർഥികൾക്കെല്ലാം ട്രോഫി നൽകും. ഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും. എ ഗ്രേഡ് ലഭിക്കുന്നവർക്ക് 1,000 രൂപ കാഷ് അവാർഡ് നൽകും.