സൗദി അറേബ്യയില്‍ ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

29365

റിയാദ്: സൗദി അറേബ്യയില്‍ ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള ഡെലിവറി ആപുകളുടെ ജീവനക്കാര്‍ ആരോഗ്യ പരിശോധനയ്‍ക്ക് വിധേയരായി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയില്‍ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്‍ചയും കേള്‍വിയും പരിശോധിക്കുകയും എക്സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും.