മഹാകവി അക്കിത്തം അന്തരിച്ചു.

5683

തൃശൂർ: ജ്ഞാനപീഠ പുരസ്‍കാര ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 .10 ന് ആയിരുന്നു അന്ത്യം.ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്  രണ്ടു ദിവസം മുൻപ്  ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.94 വയസായിരുന്നു. 1926ൽ പാലക്കാട് കുമാരനെല്ലൂരിൽ അക്കിത്തം വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ പാർവതി അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു.

പ്രസാധകനായും പത്രപ്രവർത്തകനായും ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായും എഡിറ്റർ ആയും പ്രവർത്തിച്ചു.1952 ൽ സഞ്ജയൻ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന്റെ  ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’എന്ന കൃതിയിലെയാണ്  “വെളിച്ചം ദുഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം “എന്ന ഏറേ പ്രശസ്തമായ വരികൾ.

കവിത,ചെറുകഥ,ഉപന്യാസം,നാടകം,വിവർത്തനം എന്നിങ്ങനെ 46 ഓളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട് മഹാകവി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,വെണ്ണക്കല്ലിന്റെ കഥ,ബലിദർശനം,പണ്ടത്തെ മേൽശാന്തി,മനസാക്ഷിയുടെ പൂക്കൾ,നിമിഷ ക്ഷേത്രം,പഞ്ചവർണ്ണക്കിളി,അരങ്ങേറ്റം,മധുവിധു,ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ),ഭാഗവതം,ഇടിഞ്ഞു പൊളിഞ്ഞ ലോകം,എന്നിവയാണ് പ്രധാനകൃതികൾ .

കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്,സഞ്ജയൻ പുരസ്കാരം,പത്മപ്രഭ പുരസ്കാരം,അമൃതകീർത്തി പുരസ്കാരം,എഴുത്തച്ഛൻ പുരസ്കാരം,മാതൃഭൂമി സാഹിത്യ പുരസ്കാരം,വയലാർ അവാർഡ്, പത്മശ്രീ തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

 എൺപതിലധികം വര്ഷങ്ങളുടെ കാവ്യജീവിതത്തിനൊടുവിൽ 2019 ൽ രാജ്യത്തിൻറെ ഏറ്റവും വലിയ സാഹിത്യപുരസ്‍കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിച്ചു.ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമർപ്പിച്ചത്.

കാലത്തിനനുസരിച്ച് കവിതയിൽ മാറ്റങ്ങൾ വരുത്തിമനുഷ്യ സ്നേഹത്തിന് പ്രാധാന്യം നൽകിയ  മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി പരത്തിയ ആ കാവ്യ പ്രകാശം അസ്തമിക്കുന്നില്ലല്ലോ മലയാളസാഹിത്യത്തിൽ.