സച്ചിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് ഏറ്റവും വേഗത്തിൽ സ്കോർ ചെയ്യുന്ന താരമായി വിരാട് കോഹ് ലി

2926

കാൻബറ: ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് ഏറ്റവും വേഗത്തിൽ സ്കോർ ചെയ്യുന്ന താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ കോഹ് ലി മറികടന്നത്. 242ാം ഇന്നിങ്സിൽ കോഹ് ലി 12,000 റൺസിലെത്തി. ഈ മത്സരം തുടങ്ങും മുൻപ് 23 റൺസിന്‍റെ കുറവായിരുന്നു ഇന്ത്യൻ നായകന് ഉണ്ടായിരുന്നത്. പതിമൂന്നാം ഓവറിൽ അബോട്ടിന്‍റെ പന്തിൽ നിന്ന് സിംഗിൾ എടുത്തുകൊണ്ടാണ് റെക്കോഡിൽ കോഹ് ലി തൊട്ടത്. സച്ചിൻ ഈ നേട്ടത്തിലെത്താൻ 300 ഗെയിമെടുത്തു.

മുപ്പത്തിരണ്ടുകാരനായ ഇന്ത്യൻ നായകൻ 251ാമത് ഏകദിനമാണു കളിക്കുന്നത്. ശരാശരി അറുപതിനടുത്ത്. 43 സെഞ്ചുറികളും 59 അർധ സെഞ്ചുറികളും. 2008ൽ ഇന്ത്യൻ ടീമിലെത്തിയ കോഹ് ലി ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും ബാറ്റിങ് മികവിന്‍റെ പര്യായമായി. 463 ഏകദിനങ്ങളിൽ നിന്ന് സച്ചിൻ 18,426 റൺസാണു നേടിയിരിക്കുന്നത്. ശരാശരി 44.83. 49 സെഞ്ചുറികളും 96 അർധ സെഞ്ചുറികളും സച്ചിന്‍റേതായി ഏകദിനത്തിലുണ്ട്.