നാര്‍ക്കോട്ടിക്ക് ജിഹാദ്: വര്‍ഗീയത ആളിക്കത്തിക്കാന്‍ ബിജെപി ശ്രമമെന്ന് ചെന്നിത്തല

424

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ബിജെപി ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്തിലും വര്‍ഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് പറഞ്ഞിരുന്നു. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഇരു കൂട്ടരോടും സംയമനം പാലിക്കണമെന്നാണ് കോണ്‍ഗ്രസിന് അഭ്യര്‍ത്ഥിക്കാനുള്ളത്. എത്രയും വേഗത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. അതിനോട് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ മനസിലാക്കണം. എന്നിട്ട് വേണം നേരിടാന്‍. ഇക്കാര്യത്തില്‍ ഞങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. ഇരുവിഭാഗങ്ങളെയും വിളിച്ച് സംസാരിക്കണം. അല്ലെങ്കില്‍ വിഭാഗിയത ഇങ്ങനെ നിലനില്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.