മഴ പ്രവാസികളുടെ ഓർമ്മകളിൽ

4177

പ്രഭ പ്രമോദ്

കടൽ, പുഴ, മഴ … ഇതൊക്കെ നമ്മൾ മലയാളികൾക്ക് എത്ര കണ്ടാലും
മതി വരാത്ത കാഴ്ചകൾ തന്നെ.പ്രത്യേകിച്ചും ഞങ്ങൾ പ്രവാസികൾക്ക്
ഗൃഹാതുരതയുടെ വേലിയേറ്റം ഉണർത്തുന്നു ഈ വാക്കുകൾ.
ജൂൺ മാസം എന്ന് കേൾക്കുമ്പോഴേ മനസിലേക്ക്കോരിചൊരിയുന്നു മഴ…
ഇടവപ്പാതി എന്ന് അമ്മയും,
കാലവർഷം എന്ന് പത്രങ്ങളും,
മൺസൂൺ എന്ന് പാഠപുസ്തകവും പറഞ്ഞ മഴക്കാലം

ജൂൺ ആദ്യവാരം തന്നെ കൃത്യമായി മൺസൂൺ മഴ ഇന്ത്യയെ തൊടുമെന്നും ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു പ്രതിഭാസമാണിതെന്നും അറിയുന്നതുവരെ, എന്നോ പഠിച്ച, അന്നേ മറന്ന വാക്കായിരുന്നു മൺസൂൺ എനിക്ക് ……..
ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട്,
രണ്ടു നനഞ്ഞ കൈകൾപോലെ ബംഗാൾ ഉൾക്കടൽ തീരത്തിലൂടെയും
അറബിക്കടലിൻ തീരത്തിലൂടെയും ഇന്ത്യയെ വാരി പുൽകി
ഡൽഹിയിൽ എത്തുമ്പോൾ കൈകോർത്തു പിടിച്ചു
ചിറാപുഞ്ചിയിൽ പാരമ്യത്തിലെത്തുന്ന മൺസൂൺ……….
വർഷംതോറും മുടങ്ങാതെ നടത്തുന്ന 21 ദിവസത്തെ യാത്രയിൽ സഹയാത്രികനായി കൂടുക എന്നതാണ് ഒരു
സ്വപ്നം എന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ , .പണ്ട് സാമൂഹ്യപാഠപുസ്തകം നേരെ ചൊവ്വേ പഠിക്കാത്തതിൽ സങ്കടം തോന്നി

മൺസൂൺ അത്ര വലിയ സംഭവം ആണോ എന്ന് അത്ഭുതപ്പെട്ടു.
“ഹാ എത്ര നല്ല ആശയം A race with the rains “
നമ്മുക്കും കൂടെ പോയാലോ എന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടുകാരി പറയുന്നു പേടിയാവില്ലേ എന്ന് .
ചിറാപുഞ്ചിയിൽ മൃതദേഹങ്ങൾ തേൻ നിറച്ച തോണികളിൽ സൂക്ഷിച്ചിരുന്നത്രെ മഴക്കാലം കഴിയും വരെ !!!
മനം മയക്കുന്ന കഞ്ചാവും ഒരു മൺസൂൺ വിള എന്നതും വായിച്ചറിവ് തന്നെ .
കൃഷിയും,ആരോഗ്യവും ഭക്ഷണ ശീലവും ഒക്കെ മഴയോട് ചേർന്ന് നില്കുന്നു,
ഊണും ഉറക്കവും പോലെ നമ്മുടെ ജീവിതത്തിൻ ഭാഗമായി.

കാളിദാസൻ മേഘദൂതിൽ വർണ്ണിക്കും പോലെ,
ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ ഒരു യാത്ര.
കന്യാകുമാരിമുതൽ ചിറാപുഞ്ചി വരെ…
മഴയെ അത്രമേൽ പ്രണയിക്കുന്ന കൂട്ടുകാരാ,
ഞങ്ങളും കൂടട്ടെ നിൻ്റെ കൂടെ….
അതെ,ചക്രവാളത്തിൽ നിന്നും ഉയർന്ന് ആകാശമാകെ നിറയുന്ന
കറുത്തമേഘങ്ങൾ, വീഞ്ഞ് പോലെ പതഞ്ഞുയരുന്ന തിരമാലകൾ,
വീശിയടിക്കുന്ന കാറ്റ്,
ഇടിയും മിന്നലും അകമ്പടി ആയി ഓടി എത്തുന്ന മഴ,
ഇന്ത്യയുടെ തെക്കേ അറ്റത്തെ ചുംബിക്കുമ്പോൾ,
ആഹ്‌ളാദത്തോടെ ആരവത്തോടെ
നമ്മുക്ക് വരവേൽക്കാം …
രണ്ടാംദിവസം കൊച്ചിയിൽ എത്തുന്ന മഴയെ കശുമാവിൻ
പൂക്കളിൽ നിന്നും തയാറാക്കിയ വീഞ്ഞ് നൽകി സല്കരിക്കാം …..
പിന്നെ,ഗോവ,ബോംബെ ,ഡൽഹി,വാരാണസി ,കൽക്കട്ട വഴി
നനഞ്ഞുനനഞ്ഞു ചിറാപുഞ്ചിയിൽ എത്തി മതിവരുവോളം മഴയുടെ
നൃത്തം കാണാം … കൂടെ ആടാം … മൽഹാരരാഗങ്ങൾ പാടാം
താൻസനെയും ഋശ്യശൃംഗനെയും അനുസ്മരിക്കാം …

നമ്മുക്ക്
തിരിച്ചുപിടിക്കാൻ കഴിയില്ലല്ലോ കഴിഞ്ഞ കാലങ്ങളെ………..
സലാല (salalah) യിൽ ഖാരിഫ് എന്നറിയപ്പെടുന്ന മൺസൂൺ മഴയിൽ
മനോഹരമായ കുന്നുകളിലും വാഴത്തോപ്പുകളിലും സ്വപ്നസദൃശ്യമായ
നനുത്ത മഴത്തുള്ളികളാൽ നനഞ്ഞതും …
ആഫ്രിക്കയിലെ സാവന്ന (savannah )പുൽമേടുകളിലെ മഴയ്ക്കു തൊട്ടുമുന്നെ
ഉള്ള മാസ്മരികങ്ങളായ സന്ധ്യകളും……… നിത്യേനയുള്ള ഈ മഴകളിൽ
നിമിഷങ്ങൾക്കുള്ളിൽ ചതപ്പുകളായി മാറുന്ന കാട്ടുവഴികളും…..
മഴപെയ്യുമ്പോൾ ചുവന്നുതുടുക്കുന്ന മരൂഭൂമിയുടെ മാറുന്ന ഭാവങ്ങൾ
തൊട്ടറിയാൻ കോർഫക്കാനില്ലേക്ക് ഡ്രൈവ് ചെയ്തതും………

“ഇപ്പോൾ ചിറാപുഞ്ചി അല്ല ,മേഘാലയയിലെ മൗസിൻറം (mawsynram )
ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന പ്രദേശം” എന്നും
“സീസൺ അഥവാ ഋതു എന്നർത്ഥം വരുന്ന മൗസിം എന്ന അറബിക്
പദത്തിൽ നിന്നുമാണ് മൺസൂൺൻ്റെ ഉത്ഭവം “എന്നും പതിനാറുകാരി
അറിവ് നിരത്തി .
പറഞ്ഞുവന്നത് ജൂൺ മാസം ഉണർത്തുന്ന
ഗൃഹാതുരത്വത്തെ കുറിച്ചായിരുന്നല്ലോ…
കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി മഴയും പുഴയും കൂട്ടുകൂടി നഷ്ടങ്ങൾ
തിരിച്ചുപിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുവല്ലേ …
നമ്മുക്ക് തിരിച്ചുപിടിക്കാൻ കഴിയില്ലല്ലോ കഴിഞ്ഞ കാലങ്ങളെ……
സലാല (salalah) യിൽ ഖാരിഫ് എന്നറിയപ്പെടുന്ന മൺസൂൺ മഴയ
മനോഹരമായ കുന്നുകളിലും വാഴത്തോപ്പുകളിലും സ്വപ്നസദൃശ്യമായ
നനുത്ത മഴത്തുള്ളികളാൽ നനഞ്ഞതും …
ആഫ്രിക്കയിലെ സാവന്ന (savannah )പുൽമേടുകളിലെ മഴയ്ക്കു തൊട്ടുമുന്നെ
ഉള്ള മാസ്മരികങ്ങളായ സന്ധ്യകളും… നിത്യേനയുള്ള ഈ മഴകളിൽ
നിമിഷങ്ങൾക്കുള്ളിൽ ചതപ്പുകളായി മാറുന്ന കാട്ടുവഴികളും…..
മഴപെയ്യുമ്പോൾ ചുവന്നുതുടുക്കുന്ന മരൂഭൂമിയുടെ മാറുന്ന ഭാവങ്ങൾ
തൊട്ടറിയാൻ കോർഫക്കാനില്ലേക്ക് ഡ്രൈവ് ചെയ്തതും…

ഏഴാറ്റുമുഖത്ത് ,പുഴയുടെ നടുവിലെ പാറക്കൂട്ടത്തിൽ കോരിച്ചൊരിയുന്ന
മഴയത്തു പെട്ടുപോയപ്പോൾ ചങ്കിടിപ്പോടെ ഞങ്ങളെ പ്രമോദ്
ചേർത്തുപിടിച്ചതും മായാത്ത ചിത്രങ്ങൾ ആയി മനസ്സിൽ
തെളിഞ്ഞിരിക്കുമ്പോളും…
എനിക്കിഷ്ടം,
മദ്ധ്യ വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ രണ്ടുദിവസം മാത്രം
ബാക്കി നിൽക്കേ ഞാനും ഉണ്ട് നിങ്ങളുടെ കൂടെന്നു പറഞ്ഞു
ആരവത്തോടെ ഓടി എത്തുന്ന മഴയെ ആണ്. പെട്ടെന്ന് ഓടി എത്തിയ
മഴയുടെ ആവേശത്തിൽ അണയുന്ന വൈദ്യുതി, മണ്ണെണ്ണവിളക്കിലെ
തിരിയുടെ വെട്ടത്തിൽ രൂപം കൊള്ളുന്ന ഭീമാകാരങ്ങളായ നിഴലുകൾ,
നിഴലുകൾ നോക്കി കളിക്കരുതെന്നുശാസിച്ചുകൊണ്ട്
അമ്മ കഞ്ഞിയും, പാകത്തിന് ഉപ്പും പുളിയും എരിവും ചേർത്ത ഇളം
ചുവപ്പു നിറമുള്ള തേങ്ങാച്ചമ്മന്തിയും മെഴുക്കുപുരട്ടിയും
മറ്റൊരുകിണ്ണത്തിൽ പൊടിച്ച പപ്പടവും ഉപ്പിലിട്ട മാങ്ങായും വിളമ്പും.
ചിലപ്പോളൊക്കെ ചിരകിയ പച്ചത്തേങ്ങ ചൂട് കഞ്ഞിയുടെ മുകളിൽ
വിതറും..അതിൽ നിന്നും ഊറിവരുന്ന തേങ്ങാപ്പാൽ കഞ്ഞിയിൽ ഒഴുകി
പരന്ന് ഹൃദ്യമായ സുഗന്ധം ഉയരും ……
അപ്പോഴും ഇടവപ്പാതിയിലെ ആ ആദ്യ മഴ കൊട്ടും
കുരവയുമായി കോരിചൊരിയുകയാവും പുറത്ത് …
മണ്ണിനടിയിൽ നിന്നും ചിറകുകൾ മുളച്ച ഈയാംപാറ്റകൾ പറന്നുയർന്നു വിളക്കിലെ തീനാളത്തിനു ചുറ്റും പറന്നു നടക്കും ….
ഇലപ്പടർപ്പിനടിയിൽ കുഞ്ഞുതവളകൾ കണ്ണുരുട്ടി ചാടിനടക്കും…..
പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് അമ്മയെ പുൽകി
ചേർന്നുകിടക്കാൻ ഇന്നും മോഹം ….

അത്ഭുതം തോന്നിയിട്ടുണ്ട്, എങ്ങനെ ഈ കാലവർഷത്തിൽ മഴ
കൃത്യമായി സ്കൂൾ തുറക്കുമ്പോൾ തന്നെ ഓടി എത്തുന്നു എന്ന്.
രാവിലെ കുളിച്ചൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ദാ
“ദാ എത്തിപ്പോയി ” എന്നും പറഞ്ഞ് ഓടിവരും കൂടെ മഴയും.
സ്കൂൾ മൈതാനത്തിലെ നടവഴിയിൽ നിരത്തിയ
ചെങ്കൽപ്പൊടികലങ്ങിയ മഴവെള്ളത്തിൽ ചെരിപ്പുകൾ ഇടാതെ
നടക്കാനായിരുന്നു അന്നൊക്കെ ഇഷ്ടം …
ചേച്ചിമാർക്ക് അത് നാണക്കേടായി… കൂട്ടുകാരികൾ ചോദിക്കില്ലേ ഈ പ്രഭ എന്താ ചെരുപ്പിടാത്തെ എന്ന് …
പുല്നാമ്പുകളുടെ തുഞ്ചത്ത് പറ്റി നിൽക്കുന്ന മഴത്തുള്ളികളെ തട്ടിത്തെറുപ്പിച്ചും, കെട്ടികിടക്കുന്ന വെള്ളത്തിൽ കാലുകൾ നനച്ചും നടക്കുന്നതിൻ്റെ ഒരു സുഖം അനുഭവിച്ചറിയുക തന്നെ വേണം …
മൈതാനത്ത് കൂട്ടം കൂടി നിൽക്കുന്ന ചെക്കന്മാരെകൊണ്ടാണ് ശല്യം ..
പെൺകുട്ടികളെ കാണുമ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ
ഓടി വന്ന് കാലുകൾ അടിച്ച് പടക്കം പൊട്ടിച്ചു വെള്ളം തെറിപ്പിക്കും
വികൃതികൾ ….
നനഞ്ഞ വസ്ത്രങ്ങളോടെ ആ പഴയ വിദ്യാലയത്തിലെ
നനഞ്ഞ മരഗോവണിയിലൂടെ ഓടി കയറുമ്പോൾ വീഴുമെന്ന് ഭയപെട്ടിട്ടില്ല
ഒരിക്കൽ പോലും…….
കോരിച്ചൊരിയുന്ന മഴയത്ത് മഴയുടെ സുഗന്ധവും സംഗീതവും ഒരുമിച്ചാസ്വദിച്ച്,
മലയാളം ഭാഷ ക്ലാസ്സിൽ വഞ്ചിപ്പാട്ടും കൃഷ്ണഗാഥയുമൊക്കെ ഒരേ
സ്വരത്തിൽ ഒരേ ഈണത്തിൽ ആലപിച്ചതും …
ചിത്രംവര പഠിപ്പിക്കുന്ന നൂറുദീൻ സാറിൻ്റെ വെളുത്ത വസ്ത്രങ്ങളിൽ
ഒരു ചെളിപ്പോലുമില്ലല്ലോ എന്ന് അത്ഭുതപ്പെട്ടതും
ഇടവേളകളിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്നും
കുത്തിയൊലിക്കുന്ന മഴ വെള്ളം തട്ടിത്തെറിപ്പിച്ചു കളിച്ചതും
കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒഴുകി ഒഴുകി അങ്ങ് പടിഞ്ഞാറു
അറബിക്കടലിൽ ചെന്ന് ചേർന്നു കാണും അല്ലേ …

ഇന്ന് , ആ വിദ്യാലയ ചുവരുകൾ തേങ്ങുകയാവും മഴയോടൊപ്പം
ആർത്തു വിളിക്കാൻ കുഞ്ഞുമക്കൾ എവിടെ എന്ന് …
ഇന്ന് ആ പുൽനാമ്പുകൾ തലയുയർത്തി നോക്കുന്നത് ബാല്യത്തിൻ്റെ
ചടുലമായ പാദസ്പർശനങ്ങൾക്കു കാതോർത്താവാം …
കറുത്ത ബോർഡുകളും പൊടിപിടിച്ച ഡസ്റ്ററുകളും നനയാതെ കിടക്കുന്ന
ആ മരഗോവണികളും വിതുമ്പുന്നുണ്ടാവും…
മഴ എത്തിയിട്ടും എന്തേ കൂടെ കൂട്ടായി ആ കുസൃതി കുരുന്നുകൾ
എത്താത്തെ എന്ന്….

ശാസ്ത്രവും ഗണിതവും ചരിത്രവുമൊക്കെ മനഃപാഠമാക്കാൻ മാത്രമല്ലല്ലോ
വിദ്യാലയങ്ങൾ ….
പെയ്തൊഴിഞ്ഞിട്ടും പച്ചിലപ്പടർപ്പിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളികളെ
കുലുക്കി വീഴ്ത്തി ഇടക്കിടെ നനയാനും മനോഹരമായ ഓർമകളും
സ്നേഹ സൗഹൃദങ്ങളും വെച്ചുനീട്ടുന്നത് വിദ്യാലയങ്ങൾ തന്നെ