ക്യാമറയിൽ പകർത്താൻ കഴിയാത്ത ഫ്രെയിമുകൾ

632

ഉണ്ണികൃഷ്ണൻ.ടി.എൻ

“തണുത്ത ഇളം കാറ്റിന് പിറകെ ചന്നം പിന്നം പെയ്തു തുടങ്ങുന്ന മഴ,
പിന്നെ തുള്ളിക്കൊരുകുടമായി ആർത്തലച്ചു ഉഷ്ണത്തിൻറെ വൃണങ്ങളിൽ ലേപനം ചെയ്യുമ്പോൾ, പൊടി പുരണ്ട മീനവും മേടവും നേർത്ത അരുവികളായി ഒലിച്ചിറങ്ങുമ്പോൾ, ഉർവ്വരമാകുന്ന ഭൂമിയുടെ സ്പന്ദനങ്ങൾ , ജീവൻറെ തുടിപ്പുകൾ മുളപൊട്ടുന്ന സമൃദ്ധിയുടെ കാഴ്ചവട്ടങ്ങൾ, മഴ മനസുകളെ ആർദ്രമാക്കുന്നു, ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ചയും അനുഭവവും മഴയാകുന്നു.”

2018 ലെ പ്രളയത്തിന് മുൻപ് എഴുതിപ്പോയ വരികളാണിത് . എനിക്ക് മുൻപേ തന്നെ കവികളും കലാകാരന്മരും ഇതിനേക്കാൾ കാല്പനികമായ വരികളെഴുതിയത് നാം വായിച്ചിട്ടുണ്ട്. പക്ഷെ തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും മലയാളിയെ മുക്കി കൊലപ്പെടുത്തിയ ദുരന്തത്തിൻറെ വക്കിൽ നിന്നും മഴയെക്കുറിച്ചുള്ള കാല്പനിക വരികൾ ഇന്ന് ഓർക്കാൻ ആരും ഇഷ്ട്ടപെടുന്നില്ലായെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മഴ അത്രമേൽ ഭീതിതമായ ദുഃസപ്നമായി എല്ലാ മനസ്സുകളിലും വ്യാപിച്ചുകഴിഞ്ഞു

20 വർഷങ്ങൾക്കുമുൻപ് ചെറിയൊരു മലവെള്ളകാലത്താണ് പെരിയാറിൻറെ മാറുകരയായ പുത്തൻവേലിക്കരയിൽ നിന്ന് ഞങ്ങൾ ചേന്ദമംഗലത്തേക്ക് മാറിത്താമസിക്കുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കിയപ്പോൾ മഴയെന്ന സുന്ദരാനുഭൂതിയെ ചേർത്തുവച്ചു, മഴയുടെ കാഴ്ചകൾക്കായി ഒരുക്കിയ കേരളീയ വസ്തു രീതിയിലുള്ള ഭവനവും ബാൽക്കണിയുമെല്ലാം അവാച്യമായ അനുഭൂതികൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട് . ഓടിട്ടു മേൽക്കൂരയൊരുക്കിയ ചാരുപടികളോടുകൂടിയ മട്ടുപ്പാവിൽ ചാഞ്ഞും ചരിഞ്ഞും മലർന്ന് കിടന്നും ഞാൻ മഴയെ എത്രവട്ടം ആസ്വദിച്ചിരിക്കുന്നു. 2018 ലെ ഓഗസ്റ്റ് 16 നു രാവിലെ മുതൽ ഗേറ്റ് കടന്നു പ്രളയത്തിൻറെ ആദ്യ വിഹിതം കാർ പോർച്ചിൽ പരന്നപ്പോഴും, ആദ്യചവിട്ടുപടിയെ നനച്ചപ്പോഴും ഞാൻ മഴ സ്നേഹിയായി തുടർന്നു. ആസ്വാദനത്തിൻറെ എല്ലാ മാനങ്ങളെയും തകർത്തുകൊണ്ട് ഭാര്യയുടെ ശകാരവും അരിശവും കലർന്ന ശബ്ദം, എന്നെ ഞെട്ടിച്ചു. എത്ര വേഗമാണ് പ്രളയം എൻറെ പാദങ്ങളെ നനച്ചുകൊണ്ട് മുറിയാകെ പരക്കുന്നത്, ഇനിയും പിടിച്ചുനിൽക്കാനാവില്ലയെന്ന അമ്പിളിയുടെ ശാസന, ഓടി രക്ഷപ്പെടാനാവില്ല, നീന്തി തന്നെ രക്ഷപെടണം …ചുറ്റുപാടിൽ നിന്നും എല്ലാവരും അഭയകേന്ദ്രങ്ങളിലേക്ക് എപ്പോഴോ പുറപ്പെട്ടുകഴിഞ്ഞു, പ്രദേശത്തു അവശേഷിക്കുന്നത് ഞാനും അമ്പിളിയും മാത്രം, രണ്ട് പെൺമക്കൾ കൊച്ചി സർവ്വകലാശാലയിൽ ഹോസ്റ്റലിൽ സുരക്ഷിതമായി കഴിയുന്നത് വലിയ ആശ്വാസമായി. കേവലം അര മണിക്കൂറിനുള്ളിൽ പ്രളയജലത്തിൻറെ അളവ് കുടുത്ത നിലയിലേക്ക് ഉയരുകയാണ്. രണ്ടാൾക്കുള്ള വസ്ത്രങ്ങൾ ചുരുക്കി കുട്ടിയ ഒരു ബാഗ് എൻറെ ചുമലിലും സന്തതസഹചാരിയായ നിക്കോൺ ക്യാമറ, സോണി മിനി ക്യാമറ എപ്പോഴോ ചാർജ്തീർന്ന മൊബിൽ ഫോണുകൾ എന്നിവ ഭാര്യയുടെ ഷോൾഡറിലുമായി, വീടുപൂട്ടി, ഗേറ്റ് മെല്ലെ ചാരി തിരിഞ്ഞു സകല സമ്പാദ്യവും ചേർത്തുവച്ച വീടിനെ നോക്കി, മൊത്തം ഓടുപാകിയ മേൽക്കൂരയിൽ നിന്ന്, മട്ടുപ്പാവിൽ നിന്ന് ഊർന്നിറങ്ങുന്ന മഴത്തുള്ളികളെ ഒരിക്കൽ കുടിനോക്കി നിസ്സംഗനായി റോഡിലേക്ക് ഇറങ്ങി, എപ്പോൾ തിരിച്ചെത്താൻ കഴിയുമെന്ന യാതൊരു ഉറപ്പുമില്ലാത്ത ഒരു യാത്ര തുടങ്ങുകയായി. കൃത്യമായി നിശ്ചയിച്ചുറപ്പിച്ച സകുടുബമായുള്ള പശ്ചിമഘട്ട യാത്രകളെ വെറുതെ ഞാൻ ഓർത്തുപോയി, മുന്നാറിലെ സൂചിമഴയും കുളിർകാറ്റും കോടയും ആർത്തലച്ചു ചിതറിത്തെറിക്കുന്ന ‘ ചിയപ്പാറ’ യും ‘ വാളറ’ യും ചിന്നക്കനാലിലെ സുന്ദരിയായ വെള്ളച്ചാട്ടവുമെല്ലാം എൻറെ നാട്ടുവഴികളിലൂടെ കടന്നുവന്നു അരയ്ക്കു മേൽ ഉയർന്നുകഴിഞ്ഞു എന്ന യാഥാർഥ്യം കാല്പനികമല്ലായെന്നു ഞാൻ തിരിച്ചറിഞ്ഞു. നുറുവാര കഴിഞ്ഞതേയുള്ളൂ കാമറ ബാഗ് പതുക്കെ വള്ളത്തിൽ മുട്ടിയപോലെ തോന്നി, പിന്നീട് അത് തലയ്ക്കു മുകളിലായി സ്ഥാനം .

വളഞ്ഞും പുളഞ്ഞും പോകുന്ന ഇടറോഡിലെ വീടുകളിൽ ആരുമില്ല , നായകളുടെ കലമ്പലുകൾ മാത്രം, പാമ്പുകൾ വലുതും ചെറുതും മാളം വിട്ടു പായുകയാണ്, വല്ലാതെ പേടിച്ച ഭാര്യ എന്നെ മുറുകെ പിടിച്ചു . മഹാ ധൈര്യശാലിയുടെ അഭിനയത്തിലൂടെ, ക്യാമറ ബാഗ് തുറന്നു ഫോട്ടോയെടുക്കാനുള്ള എൻറെ എല്ലാശ്രമവും ഭാര്യ നിർവീര്യമാക്കി . ഒഴുക്കിനൊപ്പവും ചിലപ്പോൾ എതിരെയും നീന്തി മെയിൻ റോഡിൽ പ്രവേശിച്ചു. പറവൂരിനെ ലക്ഷ്യം വച്ച് ഒരു മഹാ ജനസഞ്ചയം നീന്തി വരുന്ന കാഴ്ച, എൻറെ കൈകൾ വീണ്ടും ക്യാമറാബാഗിലേക്ക് നീങ്ങി , ഭാര്യ സകല നിയന്ത്രണവും വിട്ടു പരസ്യമായി എന്നെ ചീത്തവിളിച്ചു,” മുങ്ങിച്ചാകാൻ തുടങ്ങുന്ന മനുഷ്യരുടെ ‘ പോട്ടം ‘ പിടിക്കാൻ നടക്കുന്ന ———” അതിവിടെ പറയുന്നില്ല, എൻറെ കുലത്തെ മുഴുവൻ അടച്ചുള്ള ചീത്തവിളിയായിരുന്നു പിന്നീട്.
ഇടുക്കി ഡാമിന് താഴെ ഷട്ടർ തുറക്കുന്നതും കാത്തിരിക്കുന്ന എൻറെ അടുത്ത ഒരു സുഹൃത്തിനെ വരെ, മഴസ്‌നേഹിയായ ആ പാവം ജിപ്സൺ ഒരാഴ്ചയായി അവിടെ തപസ്സ് തുടങ്ങിയിട്ട്. ( ഇടുക്കി – ചെറുതോണി പാലത്തിലൂടെ ഒരു കുട്ടിയേയും ( വിജയദാസിൻറെ മകൻ തക്കുടു ) കൊണ്ട് രക്ഷാസേന ഓടുന്ന ചിത്രത്തിന് അവാർഡ് കിട്ടിയ വാർത്തകാണിച്ചു ഞാൻ പിന്നീട് തിരിച്ചടിച്ചു ) ജീവൻ പണയം വെച്ചു ഉരുൾപൊട്ടൽ മേഖലയിലേക്ക് പോയി മരണം വരിച്ച മനോരമ വിക്ടർ ജോർജ്നെ ഈയവസരത്തിൽ സ്മരിക്കുന്നു . ഫോട്ടോഗ്രാഫർമാരുടെ ഉത്സവമായിട്ടാണ് പ്രളയകാലത്തെ പലരും കരുതിയിരിക്കുന്നത്.

ഭീകരമായിരുന്നു റോഡിലെ കാഴ്ചകൾ, പടിഞ്ഞാറുഭാഗത്തേക്ക് മാരകമായ ഒഴുക്കാണ്, മതിലുകളും ഗേറ്റുകളുമെല്ലാം തകർന്നുകിടക്കുകയാണ് . അടിതെറ്റിയാൽ ആനപോലും മറിഞ്ഞുവീഴാൻ സാധ്യതയുള്ള ഒഴുക്കിനെ പ്രതിരോധിച്ചുകൊണ്ട് ജനം പറവൂരിലേക്ക്, ഇന്നലെ വൈകുന്നേരം വരെ കാറും ടുവീലറുകളുമായി തലങ്ങും വിലങ്ങും പാഞ്ഞവർ ഇന്ന് നെഞ്ചോപ്പം വെള്ളത്തിൽ നീന്തിവരുന്ന സീനുകൾ ,.. മുലകുടിപോലും മറാത്താ കുട്ടികളെ താരാട്ടുതൊട്ടിലിനെ അനുസ്മരിപ്പിച്ചു കൊണ്ട് വലിയ ചരുവത്തിൽ കിടത്തി പ്രളയം നീന്തിവരുന്ന അമ്മമാരുടെ തേങ്ങലുകൾ, അതിലും മുതിർന്ന കുട്ടികളെ തോളിലിരുത്തി അച്ചന്മാരുടെ അഭയാർത്ഥി യാത്ര. പ്രായമായ വൃദ്ധജനങ്ങളെ വാഴത്തടകെട്ടിഉണ്ടാക്കിയ ചങ്ങാടത്തിലൂടെ തള്ളികൊണ്ടുപോകുന്ന മക്കൾ. മുൻകരുതൽ എന്നോണം പട്ടാളക്കാർ കുറച്ചു ദിവസങ്ങൾക്ക് മുൻപേ ചേന്ദമംഗലത്തു തമ്പടിച്ചിട്ടുണ്ടായിരുന്നു. മോട്ടോർ ഘടിപ്പിച്ച അവരുടെ രക്ഷയാനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. അവരാരും റോഡിലൂടെ നീന്തി പോകുന്ന ജനങ്ങളെ ശ്രദ്ധിക്കുന്നതേയില്ല . ആർമിയിൽ നിന്നും ആയിടെ വിരമിച്ച കുടുബസുഹൃത് ‘ഫിനാൻസി” യാണ് പട്ടാളക്കാരുടെ ലോക്കൽ ഗാർഡിയൻ. ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി രോഗികളെയും പ്രായാധിക്യമുള്ളവരെയും മറുകരയിലെത്തിക്കുകയാണ് ‘ഫിനാൻസി” യുടെയും വിവിധ ദേശക്കാരും ഭാഷക്കാരുമായ പട്ടാളക്കാരുടെയും ലക്ഷ്യം. അതിനിടയ്ക്ക് ഞങ്ങളെ നോക്കാൻ പോലും എവിടെ സമയം . ഏകദേശം ഒന്നര മണിക്കൂറെടുത്തു പറവൂർ പാലത്തിനടുത്തെത്തിച്ചേരാൻ, അവിടെ നിന്നും കെ എസ് ആർ ടി സി യിൽ സൗജന്യയാത്ര നഗരത്തിലേ അഭയകേന്ദ്രത്തിലേക്ക്. ഭാര്യയെ സുരക്ഷിതമായി ഒരിടത്തിരുത്തി ക്യാമറ തുറന്നു, സമ്പൂർണ അന്ധകാരം,.ക്യാമറ പ്രവർത്തന ക്ഷമമല്ലായെന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു ലക്ഷത്തിനടുത്തു ചിലവാക്കിയിട്ടു മാസങ്ങളെ കഴിഞ്ഞുള്ളു … വീഡിയോ ക്യാമറയും അങ്ങിനെതന്നെ . നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാപ്രളയത്തെ ചരിത്രത്തോട് ചേർത്തുവയ്ക്കാനുള്ള എൻറെ എളിയ ശ്രമത്തെ പ്രളയത്തിലൂടെയുള്ള യാത്ര തന്നെ നിർവീര്യമാക്കി. ഒരു മാസത്തോളമിടുത്ത സൂര്യസ്നാനത്തിലൂടെ ക്യാമറകൾ പിന്നീട് പ്രവർത്തന ക്ഷമമായി, പക്ഷെ പ്രളയത്തിന്റെ ഒരു ഫോട്ടോപോലും എടുക്കാൻ കഴിയാതിരുന്നത് നീറ്റലായി ഇന്നും മനസ്സിനെ മദിക്കുന്നു .

എങ്കിലും രക്ഷാപ്രവർത്തനത്തെ നേരിൽ കാണാനായി ഞാൻ ചേന്ദമംഗലം കവലയിൽ പലതവണ പോയി. അറബിക്കടലിനോട് പടവെട്ടുന്ന മത്സ്യത്തൊഴിലാളികളുടെ ദുരന്തമുഖത്തേക്കുള്ള വരവ്, വലിയ യന്ത്രവൽകൃത വള്ളവുമായി അവർ തുടരെ തുടരെ എത്തികൊണ്ടിരുന്നു. സഥലത്തുള്ള സന്നദ്ധപ്രവർത്തകർ നിമിഷനേരം കൊണ്ട് ടെമ്പോ വിൽ നിന്നും വള്ളത്തെ പ്രളയത്തിലേക്ക് ഇറക്കിവിടുന്നത്, ഭീമാകാരങ്ങളായ ടോറസുകൾ ആളുകളെയും കൊണ്ട് വടക്കുനിന്നും പ്രളയത്തെ പകുത്തു നീന്തിവരുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്താനായില്ലെങ്കിലും അതിനേക്കാൾ മികവോടെ ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടാനാവാത്ത ഹാർഡ് ഡിസ്ക്കിലേക്ക് പകർത്തിവയ്ക്കാൻ കഴിഞ്ഞു .

ഞങളുടെ കുടുബ സുഹൃത്തായ അശോക് കുമാർ – സീമ ദമ്പതികളാണ് പ്രളയകാലത്ത് അഭയകേന്ദ്രമായത്, ഇവരുടെ മകൻ ലിറ്റിൽ ചെസ്സ് മാസ്റ്റർ , പ്രണവ്, മനു എന്നിവരോടൊത്തുള്ള ചെസ്സായിരുന്നു മൊത്തം വിനോദം . അഞ്ചു ദിവസം ഞങ്ങൾക്കും കൂടാതെ ബ്രിജേഷിൻറെ കുടുബത്തിനും അഭയമായത്തും അവിടെത്തന്നെയായിരുന്നു, ഓർമയിൽ നിന്നും ഒരിക്കലും നഷ്ട്ടമാകാത്ത ഈ ചിത്രങ്ങളും ഒരിക്കലും ക്യാമറയുടെ ഫ്രെയ്‌മിനകത്തു പകർത്താനാവാത്തതാണ്