പുലച്ചോന്മാർ: ചരിത്രത്തിലേക്ക് ഒരു ജൈത്ര യാത്ര

241

കൊല്ലം ജില്ലയിലെ പത്തനാപുരം എന്ന സ്ഥലത്തു നിന്നും ഇറങ്ങുന്ന “ഗാന്ധിഭവൻ സ്നേഹരാജ്യം” എന്ന പ്രസിദ്ധീകരണത്തിൽ പുലച്ചോന്മാർ എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥശാല എന്ന പംക്തിയിൽ നോവൽ അർഹിക്കുന്ന തരത്തിലുള്ള ആസ്വാദന കുറിപ്പ് വന്നിട്ടുണ്ട്. “പുലച്ചോന്മാർ” എന്ന നോവലിന്റെ രചയിതാവ് ഗ്രീൻ കേരള ന്യൂസിന്റെ ചീഫ് എഡിറ്റർ എം.ആർ.അജയനാണ്. ഗാന്ധിഭവൻ സ്നേഹരാജ്യം പ്രസിദ്ധീകരിച്ച ആ ആസ്വാദനക്കുറിപ്പ് വായിക്കാം.

കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ അകംപൊരുൾ കണ്ടെത്തുന്ന കൃതിയാണ് എം ആർ അജയന്റെ പുലച്ചോന്മാർ എന്ന നോവൽ. ചരിത്രകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും സമഗ്ര ചർച്ചക്ക് വിഷയമാക്കേണ്ട കൃതിയാണിത്. ജീവിച്ചിരുന്ന കഥാപാത്രങ്ങളുടെ കാൽപ്പാടുകളിലൂടെ ചരിത്രത്തെ ആഖ്യാനം ചെയ്യുന്ന രീതിയാണ് നോവലിസ്റ്റ് അവലംബിക്കുന്നത്.സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിൽ ഓച്ചന്തുരുത്ത് എന്ന ഗ്രാമത്തിന്റെ കണ്ണിലൂടെ കേരളത്തെ നോക്കികാണുകയാണ് നോവലിസ്റ്റ്.

ലളിതമായ രചനാശൈലിയും ഭാവസാന്ദ്രമായ ഉള്ളടക്കവും വായനക്കാരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സമീപകാലത്തൊന്നും ഇത്രയും മികച്ച ഒരു ചരിത്ര നോവൽ ഉണ്ടായിട്ടില്ല. ഒരു നാടിന്റെ ചരിത്ര ഭൂമികയിൽ നിന്നുകൊണ്ട് ചായക്കടയിലെ നാട്ടു വർത്തമാനം മുതൽ ലോകമഹായുദ്ധങ്ങൾ വരെ ചർച്ച ചെയ്യപ്പെടുന്നു. ചരിത്രം മാത്രമല്ല ഭൂമിശാസ്ത്രവും പരിസ്ഥിതിയും സാമൂഹ്യ മുന്നേറ്റങ്ങളും വൈദേശിക ഇടപെടലുകളും കലയുംസാഹിത്യവുമൊക്കെ കടന്നു വരുന്നുണ്ട്. കഥാപാത്രങ്ങൾ ഏറെയുണ്ടെങ്കിലും ശ്രീനാരായണഗുരുവും സഹോദരനയ്യപ്പനും വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്രകളായി പതിയുന്നു. ആധ്യാത്മികതയിലൂന്നിയ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും യുക്തി ചിന്തയിലധിഷ്ഠിതമായ സഹോദരനയ്യപ്പന്റെ ചിന്ത സരണികളും ആത്യന്തികമായി ഒന്നാണെന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്ന സന്ദർഭം നോവലിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ്

1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് തൊട്ടു മുമ്പ് സഹോദരനയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന മിശ്ര ഭോജനം കേരളത്തിലെ ജാതിഭ്രാന്തന്മാർക്കിടയിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിച്ചു. പുലയർക്കൊപ്പം അയ്യപ്പൻ മിശ്രഭോജനം നടത്തിയത് ഈഴവർക്കിടയിൽ വൻ പ്രതിഷേധത്തിനു കാരണമായി. പുലച്ചോൻ അയ്യപ്പൻ എന്ന പുതിയൊരുവിശേഷണവും അതോടെ അദ്ദേഹത്തിനു ലഭിച്ചു .

ഇതേസമയം ഹിന്ദു മതത്തിലെ അനാചാരങ്ങളും അയിത്തവും കാരണം പുലയർ കൂട്ടത്തോടെ ക്രിസ്ത്യാനികളാകുന്ന ചരിത്ര ഘട്ടത്തെ വളരെ തന്മയത്വത്തോടെയാണ് നോവലിസ്റ്റ് എഴുതി ഫലിപ്പിക്കുന്നത്. മിശ്രഭോജനത്തിൽ പങ്കെടുത്തവർക്ക് ഈഴവ പ്രമാണിമാരുടെ സഭയായ ചെറായിലെ വിഞാനവർദ്ധിനി സഭ സാമൂഹ്യമായ വിലക്ക് ഏർപ്പെടുത്തിയപ്പോൾ അക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നാരായണനെ സഹോദരനയ്യപ്പൻ ഓച്ചന്തുരുത്തിലേക്ക് പറഞ്ഞയക്കുന്നു. നാരായണൻ ഓച്ചന്തുരുത്തിലെത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. 1968 ൽ സഹോദരനയ്യപ്പൻ മരിക്കുമ്പോൾ നാരായണൻ ആത്മഹത്യ ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു. സഹോദരന്റെ മരണശേഷം നാരായണൻ എന്ന സങ്കൽപ്പ കഥാപാത്രത്തിന് പ്രസക്തിയില്ലാത്തതുകൊണ്ടായിരിക്കണം നോവലിസ്റ്റ് നായക കഥാപാത്രത്തെ കൊന്നുകളഞ്ഞത്. എന്തായാലും ചരിത്രത്തിന്റെ അജ്ഞാതമേഖലയിലേക്കുള്ള ഒരു ജൈത്രയാത്രയാണ് ഈ നോവൽ.

പോർച്ചുഗീസുകാരുടെ തണലിൽ ക്രൈസ്‌തവ സഭ നടത്തുന്ന മുന്നേറ്റം നോവലിലെ സുപ്രധാന ഘട്ടമാണ്. ക്രിസ്ത്യാനിയായാൽ സവർണ ഹിന്ദുക്കളെ പേടിക്കേണ്ടതില്ലെന്ന മനോഭാവം മതപരിവർത്തനത്തിനു വഴിമരുന്നിടുന്നു. ഹിന്ദുക്കളെപോലെ സ്വന്തമായി കലയും സംസ്ക്കാരവും സ്വരൂപിച്ചെടുക്കാനും പോർത്തുഗീസുകാർ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് പള്ളിപ്പാട്ടുകളും ചവിട്ടു നാടകവും മാർഗംകളിയും ഉണ്ടായതത്രെ. പോർത്തുഗീസുകാരുടെ ഓപ്പറയാൻ ഒപ്പനയായി രൂപാന്തരപ്പെട്ടതെന്നും പറയപ്പെടുന്നു. പോർത്തുഗീസുകാരെ തോൽപ്പിച്ച് ഡച്ചുകാർ ആധിപത്യം സ്ഥാപിക്കുന്നതോടെ ചിത്രംമാറുന്നത്. പക്ഷെ പോർത്തുഗീസുകാർ നാട്ടിലും നാട്ടാരുടെ മനസിലും ചാർത്തികൊടുത്തതെല്ലാം ഇന്നും ഗരിമയോടെ നിലനിൽക്കുന്നു.

മൊറാഴ, കയ്യൂർ, കരിവെള്ളൂർ തുടങ്ങിയ കമ്യുണിസ്റ്റ് വിപ്ലവങ്ങളും പി കൃഷ്ണപിള്ള, സി അച്യുതമേനോൻ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളും നാടിനെ ഇളക്കിമറിക്കുന്ന കാഴ്‌ച നോവലിൽ കാണാം. രണ്ടാമത്തെ ലോകമഹായുദ്ധം സൃഷ്ടിക്കുന്ന ആശങ്കകളും ദാരിദ്ര്യവും ഒരു കാലഘട്ടത്തിന്റെ ശാപമായി മനസ്സിൽ പതിയുന്നു. ഓച്ചന്തുരുത്തിലെ അന്തേവാസിയായിരുന്ന കേശവദേവ് കമ്യുണിസ്റ്റ് പാർട്ടി വിടുന്നതോടെ ആ സ്ഥലത്തോടും വിട ചൊല്ലുന്നത് വല്ലാത്ത ഒരു സംഭവ വികാസം തന്നെയാണ്. നമ്മുക്ക് മുമ്പേ നടന്നുപോയവർ പിന്നിട്ട ചരിത്ര വഴികളിലേക്കാണ് ഈ നോവൽ നമ്മെ ആനയിക്കുന്നത്. അവർ നയിച്ച മൂല്യധിഷ്ഠിത ജീവിതം ഇന്നൊരു കടങ്കഥ മാത്രമാണെന്ന് നമ്മളറിയാതെ പോകുന്നു.

കടപ്പാട്: “ഗാന്ധിഭവൻ സ്നേഹരാജ്യം” ജൂലായ് 2019 ലക്കം