“പുലച്ചോന്മാർ” രണ്ടാമത്തെ പതിപ്പ് ഉടനെ പ്രസിദ്ധീകരിക്കുന്നു

461

കൊച്ചി: ഗ്രീൻകേരള ന്യൂസിന്റെ ചീഫ് എഡിറ്റർ ശ്രീ എം.ആർ.അജയൻ എഴുതിയ “പുലച്ചോന്മാർ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രിസിദ്ധീകരിക്കുന്നു. ആദ്യപതിപ്പിൽ നിന്നും കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് തയ്യാറാക്കുന്നത്.

സഹോദരന്‍ അയ്യപ്പന്‍ ഒരുനൂറ്റാണ്ട് മുമ്പു നടത്തിയ മിശ്രഭോജനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു ദേശത്തിന്‍റെ കഥയാണ് ഈ നോവല്‍.

മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്‍റെ വീഡിയോ ടീസര്‍ പുറത്തിറങ്ങിയത് ഈ നോവലിനു വേണ്ടി ആയിരുന്നു.

രണ്ടാം പതിപ്പിനെ കുറിച്ചുള്ള ശ്രീ.എം.ആർ.അജയന്റെ ഫേസ്ബുക് പോസ്റ്റ് :

“കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിലാണ് എന്റെ ആദ്യത്തെ നോവലായ പുലച്ചോന്മാർ പ്രകാശനം ചെയ്തത്. എറണാകുളത്തെ ചാവറ കൾച്ചർ സെന്ററിൽ നടന്ന പ്രകാശന ചടങ്ങിൽ സ്വാമി സന്ദീപാനന്ദഗിരിയാണ് സാഹിത്യ നിരൂപകനായ എം കെ സാനു മാസ്റ്റർക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തത്. എന്റെ നോവലിന്റെ ആദ്യത്തെ പതിപ്പ് പൂർണമായും വിറ്റഴിഞ്ഞിട്ട് രണ്ടോ മൂന്നോ മാസങ്ങളായി. രണ്ടാമത്തെ പതിപ്പ് ഉടനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാമത്തെ പതിപ്പിൽനിന്നും രണ്ടാമത്തെ പതിപ്പിലെത്തുമ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. കവർ ചിത്രം മാറും. ഒപ്പം ചില ഭാഗങ്ങൾ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യും

അന്നത്തെ പ്രകാശന ചടങ്ങിൽ പ്രസംഗിച്ചവർ ഡോ.കെ എസ് രാധാകൃഷ്ണൻ, കെ വി തോമസ് എംപി സിഐസിസി ജയചന്ദ്രൻ, കെ ചന്ദ്രൻ പിള്ള, ദളിത് നേതാവായ സി എസ് മുരളി, ഫാദർ റോബിൻ കണ്ണഞ്ചിറ സി എം ഐ, അഡ്വ. ഷൈജൻ സി ജോർജ്, ടിപി സലിംകുമാർ, ജേക്കബ് ലാസർ എന്നിവരായിരുന്നു. എന്റെപുസ്തത്തിന്റെ കവർ ചിത്രവും പിന്നെ ഉൾപ്പേജുകളിലെ വരകളും നിർവഹിച്ചിട്ടുള്ളത് പ്രശസ്ത ചിത്രകാരനായ ഷാജി അപ്പുകുട്ടനാണ്. ഡി റ്റി പി യും ലേ ഔട്ടുംനിർവഹിച്ചത് തിരൂർ സ്വദേശി കൃഷ്ണകുമാറാണ്. അച്ചടി പ്രണത ബുക്‌സാണ്. പ്രസാധകൻ ഫ്രീ തിങ്കേഴ്‌സ് മലയാളം ബുക്സ്

മേൽപ്പറഞ്ഞ പ്രാസംഗികരുടെ കൂട്ടത്തിൽ സ്വാമി സന്ദീപാനന്ദഗിരിയെ മാത്രമാണ് നേരിട്ടു പരിചയമില്ലാത്തത്. ഞാൻ ഫേസ് ബുക്കിലൂടെ ചാറ്റിങ് നടത്തിയാണ് എന്റെ ആദ്യത്തെ നോവലായ പുലച്ചോൻമാരുടെ പ്രകാശനം നിർവഹിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചത്. അദ്ദേഹം നൽകിയ തീയതിയിൽ ചടങ്ങു നടത്തി .

തലേന്ന് സ്വാമി തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് എത്തി ബിടിഎച്ച് ഹോട്ടലിൽ താമസിപ്പിച്ചാണ് എന്റെ പുസ്തക പ്രകാശന കർമത്തിൽ പങ്കെടുത്തത്. ചടങ്ങ് അവസാനിച്ച ശേഷം ഞാൻ കുറച്ച് പണം കവറിലിട്ട് നല്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ആ കവർ എന്നെ തിരിച്ചേൽപ്പിച്ച ശേഷം മൂവായിരം എന്റെ കൈയിൽ തന്നശേഷം നോവലിന്റെ പത്ത് കോപ്പി നൽകാൻ ആവശ്യപ്പെട്ടു.എന്റെ കണ്ണുകൾ നനഞ്ഞ സന്ദർഭമായിരുന്നു അത്. സ്വാമിയുടെ അനുഗ്രഹം മൂലമായിരിക്കണം എന്റെ നോവൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വിറ്റു പോയി. പുസ്തകം അച്ചടിക്കാൻ അന്ന് പണം നൽകിയത് എന്റെ സുഹൃത്ത് അഡ്വ ഷൈജൻ സി ജോർജാണ്. എന്റെ മറ്റൊരു സുഹൃത്തതായ സിഐസിസി ജയചന്ദ്രന്റെ ശ്രമഫലമായാണ് പുസ്തകത്തിന്റെ വിൽപ്പന നടത്താൻ കഴിഞ്ഞത് .

സഹോദരനയ്യപ്പൻ ജാതി രാക്ഷസന്മാർക്കെതിരെ നടത്തിയ മിശ്ര ഭോജനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രം കഥപറയുന്ന നോവലാണിത്. ശ്രീനാരായണ ഗുരുദേവനും മഹാ കവി കുമാരനാശാനും സഹോദരനയ്യപ്പനും റോബർട്ട് ബ്രിസ്റ്റോയും മലയാളത്തിലെ ആദ്യത്തെ ദളിത് കവിയായ ചോതി ചാത്തനടക്കമുള്ളവർ ഈ നോവലിൽ കഥാപാത്രങ്ങളാണ്. സഹോദരനയ്യപ്പൻ കേന്ദ്ര കഥാപാത്രമായ മലയാളത്തിലെ ആദ്യത്തെ നോവലാണെങ്കിലും എം കെ സാനു മാസ്റ്റർ ചെയർമാനായ ചെറായിലെ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹോദര സ്മാരകത്തിൽ നിന്നും പ്രോത്സാഹനമായ സമീപനമുണ്ടായില്ല. അതെന്തുകൊണ്ടാണെന്ന് ഇപ്പോഴും എനിക്കറിയില്ല.

ഒന്നാമത്തെ പതിപ്പ് വിറ്റഴിക്കാൻ എന്നെ സഹായിച്ച എല്ലാ സുമനസുകളും രണ്ടാമത്തെ പതിപ്പിന്റെ കാര്യത്തിലും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”

പുലച്ചോന്മാർ നോവലിന്റെ പ്രകാശന ചടങ്ങിന്റെ വീഡിയോ: