പ്രധാൻമന്ത്രി ശ്രം യോഗി മാൻ – ധൻ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാം

4843

കാക്കനാട്: തൊഴിലാളികൾക്കായി കേന്ദ്ര സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതികൾ നിലവിൽ വന്നു. സ്വയം തൊഴിൽ, ചെറുകിട വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽഅംഗങ്ങളാകാം. അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രധാൻമന്ത്രി ശ്രം യോഗി മാൻ – ധൻ പെൻഷൻ പദ്ധതിയിലും അംഗങ്ങളാകാം.

പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റി കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ചേർന്നു. 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. അംഗത്തിന്റെ പ്രായം അനുസരിച്ചായിരിക്കും അടക്കേണ്ട തുക കണക്കാക്കുക. 18 വയസായ അംഗത്തിന് 55 രൂപയാണ് എല്ലാ മാസവും അടക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്ര സർക്കാരും നിക്ഷേപിിക്കും. 29 വയസായ അംഗം 100 രൂപയാണ് അടക്കേണ്ടത്. 15,000 രൂപയിൽ താഴെ മാസവരുമാനമുള്ളവർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാൻ കഴിയൂ.

വരുമാന നികുതി അടക്കുന്നവർക്ക് പദ്ധതിയിൽ അംഗമാകാൻ കഴിയില്ല. ക്ഷേമപെൻഷനുകൾ വാങ്ങുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അംഗം പത്തു വർഷത്തിനുള്ളിൽ മരിക്കുകയാണെങ്കിൽ പങ്കാളിക്ക് പദ്ധതിയിൽ ചേർന്ന് തുടർന്ന് കൊണ്ടുപോകാവുന്നതാണ്. 60 വയസു കഴിഞ്ഞാൽ മാസം 3000 രൂപ യാ ണ് പെൻഷനായി ലഭിക്കുക. ആധാർ കാർഡുപയോഗിച്ച് അക്ഷയ സെന്റർ വഴി അംഗങ്ങളാകാം. എൽ.ഐ. സി യുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥ്, എൽ.ഐ.സി ഡിവിഷണൽ മാനേേജർ ബി.അജിഷ്, റീജിണൽ ജോയിന്റ് ലേബർ കമീഷണർ ഡി.സുരേഷ് കുമാർ, കോമൺ സർവീസ് സെൻറർ ജില്ലാ കോ ഓഡിനേറ്റർ ഷൈൻ മൈക്കിൾ എന്നിവർ കമ്മിറ്റിയിൽ പങ്കെെടുത്തു.