സാധാരണക്കാര്‍ക്ക് നിയമ പോരാട്ടങ്ങള്‍ അപ്രാപ്യമാകുന്നുയെന്ന് രാഷ്‌ട്രപതി

5205

ജോധ്പൂർ: സാധാരണക്കാർക്ക് സൗജന്യ നിയമ സേവനം നൽകേണ്ടിതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് കേസ് നടത്തിപ്പിന് ചെലവേറുകയാണ്. സാധാരണക്കാര്‍ക്ക് നിയമ പോരാട്ടങ്ങള്‍ അപ്രാപ്യമാകുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ദരിദ്രർക്ക് സമീപിക്കാന്‍ സാധിക്കുന്നില്ലെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ടപതി.

ഇന്ന് ഏതെങ്കിലും പാവപ്പെട്ടവന് പരാതിയുമായി ഇവിടെയെത്താൻ കഴിയുന്ന സാഹചര്യം ഉണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. കോടതി വ്യവഹാരം സാധാരണക്കാരന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായി കഴിഞ്ഞു. എന്നാൽ, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

നിയമ പ്രക്രിയയിലെ ഭാരിച്ച ചെലവിനെ കുറിച്ചു മഹാത്മാ ഗാന്ധി ആശങ്കപ്പെട്ടിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ഗാന്ധിജിക്ക് ഏറ്റവും പ്രധാനം. ഗാന്ധിജിയുടെ പ്രമാണങ്ങളും ദരിദ്രരുടെയും ദുർബലരുടെയും മുഖങ്ങളും മനസ്സിലുണ്ടെങ്കിൽ ശരിയായ വഴി കാണാൻ നമ്മുക്ക് സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.