രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുർമു. പ്രിതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ

38873

ഡൽഹി : ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു ആണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു.

1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനിച്ച ദ്രൗപതി മുർമു ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു.

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു.

2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു

2015 ലാണ് ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിക്കപ്പെട്ടത്.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു. ദ്രൗപതി മുർമു തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച വ്യക്തിയാണ്. അവർക്ക് സമ്പന്നമായ ഭരണപരിചയമുണ്ട് കൂടാതെ ഗവർണർ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. അവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ട് .

ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപതി മുർമുവിന്‍റെ ജീവിതത്തിൽ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപതി മുർമുവിന്‍റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ പ്രിതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥി ആയി മുൻ ബിജെപി നേതാവും പിന്നീട് തൃണമൂൽ കോൺഗ്രസിന്റെ നേതാവുമായ യശ്വന്ത് സിൻഹ യെ പ്രഖ്യാപിച്ചിരുന്നു. സംയുക്ത സ്ഥാനാർഥി ആകുവാനായി തൃണമൂൽ കോൺഗ്രസിൽ നിന്നും അദ്ദേഹം ഇന്നലെ രാജി വെച്ചിരുന്നു