പ്രബുദ്ധ കേരളമേ ലജ്ജിക്കുന്നു;ഒരു പ്രവാസി എഴുതുന്നു

2849

പ്രഭ പ്രമോദ്

ഹൃദയവേദനയോടെ തന്നെ ആണ് ഇത് എഴുതുന്നത്….
കുറച്ചു ദിവസങ്ങൾ ആയി വാർത്താമാധ്യമങ്ങളിലും മുഖപുസ്തകത്തിലും ഒക്കെ
കേൾക്കുന്ന,കാണുന്ന,ചില വാർത്തകളും അഭിപ്രായങ്ങളും തന്നെ കാരണം.
ഞാനുമൊരു പ്രവാസിയാണ്…..
കഴിയുന്നിടത്തോളം ഇവിടെ തന്നെ പിടിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു
പ്രവാസി….

പ്രവാസി എന്ന് കേൾക്കുമ്പോൾ തോന്നുന്നത് ….
എന്താ ഇവർക്കു സ്വന്തമായി ഒരു നാടില്ലേ?പൗരത്വമില്ലേ?
ഞങ്ങളും കുറെ ആളുകൾ മലയാളികൾ ആണെന്നേ ….
“ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ”
എന്ന്പാടി പഠിച്ചുതന്നെയാണ് ഞങ്ങളും വളർന്നത്.

ഇതൊക്കെ കേൾക്കുമ്പോൾ വരും ചില ചോദ്യങ്ങൾ…..
“നിങ്ങളോടാരുപറഞ്ഞു സുഖവും സൗകര്യവും തേടി മറ്റു രാജ്യങ്ങളിൽ പോകാൻ” എന്ന് ….
ഇവിടെ അങ്ങനെ ആഡംബരജീവിതം ഒന്നുമില്ല സുഹൃത്തുക്കളേ,
അധ്വാനിച്ചാലേ ജീവിക്കാൻ കഴിയൂ.നോക്കുകൂലി ഒക്കെ നമ്മുടെ നാട്ടിൽ അല്ലെ
കിട്ടുന്നെ?
ഗൾഫ് പ്രവാസികളിൽ 90 ശതമാനവും നാടിനും നാട്ടുകാർക്കും വേണ്ടി അല്ല
പ്രവാസികൾ ആയത്.സ്വന്തം കുടുംബത്തിനുവേണ്ടിയാണ്…..
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ജീവിത പങ്കാളിക്കും കുട്ടികൾക്കും
വേണ്ടിയാണ് …….

ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ അധികവും
ചികിത്സലഭിക്കാനോ മറ്റോ അല്ല ഓടിവരുന്നത് (മരുന്നില്ലാ രോഗത്തിന് എന്ത്
ചികിത്സ?) പ്രിയപ്പെട്ടവരെ ഒരുനോക്കെങ്കിലും കാണാമല്ലോ
എന്നോർത്താണ്……ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് ഉറ്റവരുടെ കൂടെയാവട്ടെ എന്ന് കരുതിയാണ്…..
അല്ലാതെ ഈ വൈറസ് അവിടെ പരത്താനല്ല……തങ്ങൾക്കു രോഗം
പിടിപ്പെട്ടെങ്കിൽ നിങ്ങൾക്കും ഇരിക്കട്ടെ എന്ന് ചിന്തിക്കാൻ ഒരു ഗൾഫ്
മലയാളിക്കും കഴിയില്ല…കാരണം,മറ്റുള്ളവർക്കുവേണ്ടി പലതും
ത്യജിച്ചവരാണിവർ …
കൊറോണ വൈറസ് മരുഭൂമിയിൽ പൊട്ടിമുളച്ചതല്ല …..

പെട്രോൾ പോലെ കുഴിച്ചെടുത്തതും അല്ല.
കേരളത്തിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ചൈനയിൽ നിന്നും
എത്തിയവർക്കായിരുന്നു എന്ന് ഇടക്കെങ്കിലും ഓർക്കുക ..
ഇനി മറ്റൊന്ന് കൂടി അറിയണം തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗവും തൊഴിൽ
നഷ്ടപ്പെട്ടവരോ തൊഴിൽ തേടി ഇവിടെ എത്തി കുടുങ്ങി പോയവരോ ജീവിത
പങ്കാളിയും കുട്ടികളും പ്രിയപ്പെട്ടവരും നാട്ടിലുള്ളവരോ ആണ്. കുടുംബമായി
ഇവിടെ ഇപ്പോൾ ജീവിക്കുന്ന ഞങ്ങളെപോലുള്ളവർ എങ്ങനെയും ഇവിടെ തന്നെ
പിടിച്ചുനില്കുവാനാണാഗ്രഹിക്കുന്നത് ….
കുറച്ചുനാൾ മുമ്പുവരെ ,

50000രൂപയുടെ സൺഗ്ലാസ് ആവശ്യപ്പെട്ടിട്ടു 5000രൂപയുടെ ചൈന സാധനം
തന്നു എന്ന് പുച്ഛിച്ചിരുന്നത് ഈ പ്രവാസിയെ ആണ് ..
എനിക്കു തന്ന പെർഫ്യൂംന് അവനുപയോഗിക്കുന്ന പെർഫ്യൂമിൻ്റെ
സുഗന്ധമില്ലെന്ന് പരിഭവപ്പെടുന്ന മലയാളികളെ അത് അവൻ്റെ വിയർപ്പിൻ്റെ
ഗന്ധം ആയിരുന്നു നിങ്ങൾക്കു സുഗന്ധമായി തോന്നിയത് എന്ന് ഇനിയെങ്കിലും
മനസിലാക്കണം .

അവൻ അവധിക്കുവന്നിട്ട് ഒരു ചോക്ലേറ്റ് മാത്രം നീട്ടിയുള്ളു എന്ന്
പരാതിപ്പെടുന്ന സുഹൃത്തുക്കളേ ഇനി അതുപോലും നിങ്ങൾ പ്രതീക്ഷിക്കരുത് ..
സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ മറന്നുപോയ പലരും ഇവിടെ
ജീവിക്കുന്നു ..അവരോടാണ്,സഹോദരങ്ങളുടെ വിവാഹമാണ് എന്നും അവരുടെ
കുഞ്ഞുങ്ങളുടെ നൂലുകെട്ടലും മാമ്മോദിസായും ആണെന്നും നീ
എത്തിയില്ലെങ്കിലും കാര്യം ഭംഗി ആയി നടന്നാൽ
മതിയെന്നുംആവശ്യപ്പെടുന്നത്.അടുത്തവീട്ടിലെ കുട്ടിയുടെ വിവാഹസമ്മാനം
25000രൂപയെങ്കിലും കൊടുക്കണം മേനിപറയാൻ …
അമ്പലത്തിലെ ഉത്സവത്തിനു തായമ്പകയും പള്ളിപെരുന്നാളിന്‌ ബാൻഡ് മേളവും സ്പോൺസർ ചെയ്യണം……..

ഓണാഘോഷമായാലും വായനശാലയുടെ ഉദ്‌ഘാടനം ആയാലും പ്രവാസി വേണം………
പ്രളയം വന്നാലും ചുഴലിക്കാറ്റാഞ്ഞടിച്ചാലും പ്രവാസി വേണം……
കാരണം സഹജീവികളുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ് മനസ്സുകനിയുന്നവൻ ആണ്
പ്രവാസി …
നാളെ ഈ മഹാമാരി പെയ്തൊഴിയും……… പ്രവാസികൾ ഇനിയുമുണ്ടാകും…….
ഞങ്ങൾ പഴയ പ്രൗഢിയോടെ നാട്ടിൽ എത്തും കാരണം അത് ഞങ്ങളുടെ
ജന്മാവകാശമാണ്.
ഞങ്ങളും ഇന്ത്യൻ പൗരന്മാരാണ്…… വോട്ട് ബാങ്കുകൾ ആണ്….
ഇനി ഞങ്ങൾ അവിടെ എത്തുമ്പോൾ പെട്ടിപൊട്ടിച്ചോ,കുപ്പി
പൊട്ടിച്ചോ,ഒന്ന് കൂടണ്ടേ…. എന്നൊന്നും ചോദിച്ചു ആരും
പ്രവാസിയുടെവാതിലിൽമുട്ടേണ്ടതില്ല…

ആ വാതിൽ ഇനി തുറക്കില്ല.
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വന്ന നീ സുരക്ഷിതയല്ലേ എന്ന ചോദ്യം
സ്നേഹകരുതലായി സ്വീകരിക്കുന്നു …നന്ദിയുണ്ട് ….മനസുതളരുമ്പോൾ
കുളിരായിപെയ്യും ആ കരുതലുകൾ..
വിയർപ്പിൻ്റെ പങ്കുപറ്റിയവരിൽ പലരും ഈ ചോദ്യം ചോദിച്ചില്ലെന്നതും
ദുഃഖം തന്നെ.
ഇവിടെ നിന്നും നാട്ടിലെത്തിയ ചില സുഹൃത്തുക്കളുടെ അനുഭവങ്ങൾ ഹൃദയത്തെ പൊള്ളിക്കുന്നു ..
സ്വന്തം വീട്ടിൽ കയറാൻ സമ്മതിക്കാതെ നാട്ടുകാർ തടഞ്ഞതും,ക്വാറന്‍റയിൻ
പീരീഡ്‌ കഴിഞ്ഞിട്ടും ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ഒരുങ്ങിയപ്പോൾ
പ്രവാസിയാണെന്ന് വിളിച്ചുകൂവി യാത്ര മുടക്കിയതും,സ്വന്തം വീട്ടുമുറ്റത്തു
ഇറങ്ങി നിന്ന പ്രവാസിയെ കണ്ടു അസഭ്യം പറഞ്ഞു വാതിലുകൾ കൊട്ടിയടച്ച
അയൽക്കാരും ……….
പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ അപരിഷ്‌കൃതമുഖം
വെളിവാക്കുന്നു.കോവിഡിനു മരുന്നുകണ്ടുപിടിക്കുവാൻ ശാസ്ത്രലോകത്തിന്
കഴിഞ്ഞെന്നുവരാം.പക്ഷെ,കേരളജനതയുടെ കണ്ണിലെ തിമിരമകറ്റാൻ ഇനി
എത്രനാൾ കാത്തിരിക്കണം.