കേരളത്തില്‍ പരക്കെ മഴക്ക് സാധ്യത.; അറബിക്കടലില്‍ രണ്ടാമതും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

4327

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴക്ക് സാധ്യത. അറബിക്കടലില്‍ രണ്ടാമതും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇതിനു പുറമെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.

കേരള തീരത്ത് മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വരുന്ന നാല് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.