അടുത്ത കേരള ഭരണം ബിജെപിക്ക് ? അത് എങ്ങനെയെന്ന് അറിയണമെങ്കിൽ ഇത് മുഴുവനും വായിക്കുക

15294

രാഷ്ട്രീയ നിരീക്ഷണം: എം ആർ അജയൻ

കൊച്ചി: കേരളത്തിൽ അടുത്ത തവണ തുടർ ഭരണം ഉണ്ടാവുമെന്ന എൽഡിഎഫിന്റെയും ഭരണം തിരിച്ചു പിടിക്കുമെന്ന യുഡിഎഫിന്റെയും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ നിയമ സഭ തെരെഞ്ഞെടുപ്പിൽ ഏതാണ്ട് 40 ലധികം സീറ്റുകളിൽ ശക്തമായ ത്രികോണ മത്സരങ്ങളാണ് നടക്കുന്നത്. ചാനലുകൾ നടത്തിയ മിക്കവാറും സർവേകളിൽ എൽഡിഎഫിനു തുടർ ഭരണം പ്രവചിക്കുന്നുണ്ട്. അതേ സമയം 25 ശതമാനം ആളുകൾ അഭിപ്രായം പ്രകടിപ്പിക്കാത്തതിനാൽ പ്രവചനങ്ങൾ അസാധ്യമാണ്. കേരളത്തിൽ ഏതാണ്ട് 20 ശതമാനത്തിലധികം ആളുകൾ നിക്ഷ് പക്ഷരാണ്. അവരാണ് ഏത് മുന്നണി അധികാരത്തിൽ വരണമെന്ന് തീരുമാനിക്കുന്നത്.

തെരെഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങൾ എൽഡിഎഫും യുഡിഎഫും ശക്തമായി പരസ്പരം ഉന്നയിച്ചുകൊണ്ടാണ് മുന്നേറുന്നത്. സോളാറിലെ ലൈംഗിക കഥകൾ യുഡിഎഫ് നേതാക്കൾക്കെതിരെ എൽഡിഎഫും സ്വർണ ക്കടത്തിലെ ലൈംഗിക കഥകൾ എൽ ഡി എഫിനെതിരെ യുഡിഎഫും ഉന്നയിക്കുന്നു. ഇടതിനെയും വലതിനെയും 64 വർഷങ്ങളായി പരീക്ഷിക്കുന്ന കേരളത്തിലെ വോട്ടർമാർ ഒരു തവണ ബിജെപിയെ പരീക്ഷിക്കൂയെന്ന പ്രചാരണം കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ ബിജെപിക്ക് പത്തിലധികം സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാവും.അതോടെ ആർക്കും സർക്കാർ രൂപീകരിക്കാനാവില്ല. അത്തരമൊരു സാഹചര്യത്തിൽ കേരളം രാഷ്‌ട്രപതി ഭരണത്തിലെത്തും. രാഷ്‌ട്രപതി ഭരണത്തിലൂടെ കേന്ദ്ര സർക്കാർ കേരളം ഭരിക്കുമെന്ന് വ്യക്തം. കേന്ദ്ര സർക്കാർ ഭരിക്കുമെന്ന് പറഞ്ഞാൽ ബിജെപി എന്നാണ് ചുരുക്കം. അങ്ങനെയാണ് അടുത്ത മൂന്നുവർഷം കേരളത്തിൽ ബിജെപി കേരളം ഭരിക്കുക. രാഷ്‌ട്രപതി ഭരണം ഒഴിവാക്കാൻ ചിലപ്പോൾ യുഡിഎഫും എൽഡിഎഫും തമ്മിൽ സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നേക്കാം. രാഷ്‌ട്രപതി ഭരണം കഴിഞ്ഞു മൂന്നു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി വൻ ശക്തിയായേക്കാം. 1984 ൽ രണ്ടു സീറ്റുകളുമായി തുടങ്ങിയ ബിജെപി 89 ൽ 85 സീറ്റുകൾ നേടുകയും പിന്നീട് കേന്ദ്ര ഭരണം പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം. 1980 ലാണ് ബിജെപി രൂപീകരിക്കപ്പെട്ടത് .