പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

273

തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്തതതിൽ പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി.

പൊലീസ് സേനയിൽ നിന്ന് പലപ്പോഴും വിവരങ്ങൾ ചോര്‍ന്നു എന്നും പിണറായി വിജയൻ പറഞ്ഞു. ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരിൽ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു. ഇത് പ്രശ്നങ്ങൾ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. പൊലീസുകാര്‍ ഉത്തരവാദിത്വം മറന്ന് സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കസ്റ്റഡി മരണത്തിന്‍റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.