രൗദ്രമീ രാവുകൾ പകലുകൾ …..

324

പി.എസ്. ഷാബു, ചേന്ദമംഗലം

കഴിഞ്ഞൊരാ പേമാരി തീർത്തൊരാ പ്രളയത്തിൽ
കണ്ണീരുണങ്ങാത്ത തീരത്തു നിൽപ്പു ഞാൻ.
കദന ഭാരങ്ങൾ മറന്നു ഞാൻ നേടിയ,
കനിവാർന്ന ജീവിതം കളിപ്പാട്ടമായ് – വീണ്ടും
പുതിയ ജന്മത്തിൻറെ തിരി കൊളുത്തീടവേ,
പതിയിരുന്നാ പ്രളയംചിരി മുഴക്കി

ചിത്തിര തോണിയിൽ പാട്ടതില്ല എൻറെ,
ചിങ്ങക്കിളി കൂട്ടിൽ ഓണമില്ല
മുറ്റത്തു പൂക്കളം തീർക്കുവാൻ ചുന്ദരി-
മുക്കുറ്റി പൂവുകളൊന്നുമില്ല.
തലയാട്ടി നിന്നൊരാതുമ്പകൾ പ്രളയത്താൽ –
തായ് വേരു പോലും പിഴുതു മുങ്ങി.
വീണ്ടും വരുമൊരോണത്തിൻറെ
പുടവ ചുറ്റീടവേ
പടിയോരമാ പ്രളയ നിഴലണഞ്ഞു .

ഭാരതസ്വാതന്ത്ര്യ നാളിലല്ലോ, ഇന്നീ-
ഭാഗ്യദോഷത്തിൻറെ പ്രളയ നൃത്തം.
അമ്മയെ കാണാതെ, മക്കളെ കാണാതെ
രക്ത ബന്ധങ്ങൾ തരിച്ചുനിൽപ്പൂ
മലയിടിഞ്ഞെത്ര പേർ, പുഴ കവർന്നെത്ര പേർ,
മരണം വരിക്കുവാൻ കാത്തു നിൽപ്പൂ

ഒരു കൊടും തമസിൻറെ ഇടയിലൂടിന്നു ഞാൻ,
പ്രകൃതിയെ കണ്ടു ഭയന്നു നിന്നു
മാറിടം ആരോ മുറിച്ചെടുത്തു,
കൺകളിന്നാരോ ചൂഴ്‌ന്നെടുത്തു,
ഹൃദയത്തിലൊരു തുള്ളി രക്തമില്ല,
നാവില്ല കാതില്ല വികൃതരൂപം,
പ്രതികാര ഭാവത്തിൽ രുദ്ര രൂപം