പ്രധാനമന്ത്രി ആവാസ് യോജന: 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം കേരളം നഷ്ടപ്പെടുത്തി

27244

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പാർപ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതിൽ കേരളത്തിന് വീഴ്ച്ച ഉണ്ടായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം നഷ്ടപ്പെടുത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അനുമതികൾ തേടുന്നതിലും വീഴ്ച്ച ഉണ്ടായതായി നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിൽ പറയുന്നു.

2019 -ൽ അവസാനിച്ച സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഭവന നിർമാണ പദ്ധതിയിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ 42,431 ഗുണഭോക്താക്കൾക്ക് വീട് നിർമിച്ചു നൽകാനായിരുന്നു പദ്ധതി. അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി.

കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരിൽ ക്രമരഹിതമായി വീട് അനുവദിക്കുന്നതിലും ഗുണഭോക്തക്കൾക്ക് വയ്പ് തരപ്പെടുത്തുന്നതിലും ബ്ലോക്ക് പഞ്ചായത്തുകൾ പരാജയപെട്ടു. ഗ്രാമപഞ്ചായത്തുകളിൽ നിന്നും കെട്ടിടനിർമാണ പെർമിറ്റ് ലഭിക്കാതെയും കേരളാ കോസ്റ്റൽ സോൺ മാനേജ്‌മന്റ് അതോറിറ്റിയിൽ നിന്നും സമ്മതപത്രം വാങ്ങാതെയും വീടുകൾ നിർമ്മിച്ചതായി സിഎജി കണ്ടെത്തി.