കോവിഷീൽഡിനും കൊവാക്‌സിനും ഇന്ത്യയിൽ അനുമതി നൽകി

1710

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക്  അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു.

നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്സിന് നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ വാക്‌സിനുകൾ ഉപയോഗിക്കാമെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ വി.ജി സൊമാനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. സൈഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതിയുണ്ട്.

പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തിന് അകത്തും പുറത്തും നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ ഡിജിസിഐയുടെ നിർദേശത്തെ തുടർന്ന് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അനുമതി നൽകിയതെന്ന് ഡിജിസിഐ വ്യക്തമാക്കി.

കോവിഷീൽഡ് ഡോസിന് 250 രൂപയും കൊവാക്‌സിന് 350 രൂപയുമാണ് നിർദേശിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനുകളും 2 രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ബുധനാഴ്ച ആദ്യഘട്ട വാക്‌സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.