പേന

6561

ശിവകുമാർ

കേരള ഹൈക്കോടതിയിലെ സാമാന്യം നല്ലനിലയിൽ കേസുകൾ നടത്തുന്നതും വളരെ സൗമ്യനും മധ്യവയസ്കനും ഭക്ഷണപ്രിയനുമായ അഭിഭാഷകനാണ് റിയാസ്. സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും എന്നും നല്ല ബന്ധങ്ങൾ നിലനിർത്തിയിരുന്ന അയാൾ കുടുംബവും കോടതിയും കുറച്ചു നല്ല കൂട്ടുകാരും സ്വല്പം കൃഷിയോടും കൂടി അല്ലലില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

മഹാമാരിയായ കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൌൺ എല്ലാവരെയും പോലെ റിയാസിനെയും വല്ലാതെ വിഷമിപ്പിച്ചു. കോടതിയും കൂട്ടുകാരും സൊറ പറച്ചിലുമൊക്കെ ഇല്ലാത്ത അവസ്ഥ അയാളെ അസ്വസ്ഥനാക്കി. കുടുംബവും കൃഷിയിലും മൊബൈലിലുമായി സമയം ചിലവഴിക്കാൻ തുടങ്ങി. മൊബൈലിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ്‌കളിൽ സജീവമായി. പല ഗ്രൂപ്പ്‌കളിലും അതിലെ സുഹൃത്തുക്കൾ അവരവരുടെ കഥകളും കവിതകളും മറ്റും പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. അയാൾ അതെല്ലാം ശ്രദ്ധയോടെ വായിക്കുവാൻ തുടങ്ങി. അയാളുടെ മനസ്സിലൊരു മോഹം പിറന്നു. ” എനിക്കും ഒരു കഥയൊ മറ്റെന്തെങ്കിലുമൊ എഴുതണം. അത് മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്ഥമായിരിക്കണം. എന്നിട്ട് ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്യണം”.

ലോക്ക്ഡൌണിന്റെ ഒന്നാം വട്ടം കഴിഞ്ഞു. റിയാസ് ഇതുവരെ കഥ എഴുതി തുടങ്ങിയിട്ടില്ല. കഥ എഴുതുവാനുള്ള തിരി ഇതുവരെ കിട്ടാത്തതാണ് കാരണം. സാഹിത്യവുമായി പറയത്തക്ക യാതൊരു ബന്ധവും അയാൾക്കുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ അമ്പിളി അമ്മാവനും ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ചതല്ലാതെ മറ്റു വായനകൾ തീരെ ഇല്ലായിരുന്നു. ക്രിക്കറ്റിന്റെ കമ്പം കൂടിയായപ്പോൾ പിന്നെ എന്തു വായന എന്തു സാഹിത്യം. എന്നാലിപ്പോൾ നാലുവരി എഴുതണമെന്ന മനസ്സിലെ തീഷ്ണത ഓരോ നിമിഷവും കൂടികൂടി വരുന്നു.

ലോക്ക്ഡൌണിന്റെ രണ്ടാം വട്ടവും കഴിഞ്ഞു. റിയാസ് കഥ എഴുതുവാൻ തുടങ്ങിയിട്ടില്ല. അയാൾ ആലോചിച്ചു. വിവിധ കോടതികളിൽ എന്തെല്ലാം തരത്തിലുള്ള സങ്കിർണ്ണമായ കേസുകൾ വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന എനിക്ക് എന്തുകൊണ്ട് ഒരു മിനിക്കഥ എഴുതുവാൻ പറ്റുന്നില്ല.
എന്തായാലും എഴുതിയെതീരൂ. അതൊരു ദൃഡനിശ്ചയമായിരുന്നു.
തന്റെ ഓഫീസിലെ അലമാരകളിലെ നിയമപുസ്തകങ്ങളെ മൊത്തത്തിലൊന്ന് വീക്ഷിച്ചുകൊണ്ട് മേശമേലുള്ള പേന കൈകൊണ്ട് വെറുതെ കറക്കി.
പേന തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. വീണ്ടും നോക്കി. പേന തന്നെ തന്നെ നോക്കി ചിരിക്കുന്നു. പെട്ടെന്ന് അയാളുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടർന്നു. കഥയെഴുതുവാൻ ഒരു തിരി കിട്ടി . “പേന”. പേനയെ പറ്റി എന്തെങ്കിലും എഴുതണം. ഇനി എങ്ങിനെ എഴുതണം. മനസ്സിൽ അത് മാത്രമായി ചിന്ത.

അടുത്ത ദിവസം രാവിലെ റിയാസ് തന്റെ കൃഷിയിടത്തിലെ വാഴകളെ പരിചരിക്കുന്നതിനിടെ പേനയെക്കുറിച്ച് എഴുതുവാൻ പലതും അയാളുടെ മനസ്സിൽ ഓടിയെത്തി. അയാൾ ഓഫീസിലെത്തി. പേനയെടുത്ത് അതിനെ മെല്ലെ തലോടി ഒരു മുത്തം കൊടുത്ത്‌ എഴുതുവാൻ തുടങ്ങി.

പേന – നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരമൂല്യവസ്തു.

വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതും
അധ്യാപകരത് പരിശോധിക്കുന്നതും
ഡോക്ടർ മരുന്ന് കുറിക്കുന്നതും
വക്കീൽ കേസ് തയ്യാറാക്കുന്നതും
ജഡ്ജി വിധിയിൽ ഒപ്പിടുന്നതും
കവി കവിതയെഴുതുന്നതും
കഥാകൃത്ത് കഥയെഴുതുന്നതും
എല്ലാം.. പേനയിലൂടെ..

ഇന്ത്യൻ പ്രസിഡന്റും ഗവർണർമാരും
മന്ത്രിമാരും ജഡ്ജിമാരും
എന്നുവേണ്ട ഏതൊരാളും
തന്റെ ഔദ്യോഗികസ്ഥാനത്ത് ജോലി ചെയ്യാൻ തുടങ്ങുന്നത് ഒപ്പിട്ടതിനുശേഷമാണ്
എല്ലാം… പേനയിലൂടെ..

വിവാഹ രെജിസ്ട്രേഷനുകളും
ബിസിനസ്‌ കരാറുകളും
രാജ്യാന്തര ഉടമ്പടികളും
ബാങ്ക് ചെക്കുകളും മറ്റും ഒപ്പിടുന്നതും
എല്ലാം… പേനയിലൂടെ..

എത്രയെത്ര അനശ്വര പ്രണയകത്തുകൾ ലേഖനങ്ങൾ
എല്ലാം… പേനയിലൂടെ…

അഞ്ചുരൂപ വിലയുള്ള പേന ചെയ്യുന്ന ജോലി പലപ്പോഴും വിലമതിക്കാൻ പറ്റാത്തതാണ്.

ഇങ്ങിനെ പേനയുടെ മഹിമ വർണ്ണിച്ചാൽ തീരുകയില്ല.

എന്നിട്ടും
പേനയ്ക്കു അതർഹിക്കുന്ന സ്ഥാനം നമ്മൾ നൽകുന്നുണ്ടോ?
നമ്മളിലെത്രെപേർ പരീക്ഷയെഴുതിയ പേനകൾ സൂക്ഷിച്ചിട്ടുണ്ട്?
നമ്മുടെ ആവശ്യം കഴിഞ്ഞാൽ പേനയെ നമ്മൾ സ്‌നേഹിക്കാറുണ്ടോ?
നമ്മുടെ പൂർവികർ പ്രാചീനകാലത്ത് തൂവൽ പേനകൾ മാത്രം ഉപയോഗിച്ചിരുന്നത് കൊണ്ട് പ്രകൃതിക്ക് യാതൊരു ദോഷവും സംഭവിച്ചിരുന്നില്ല.
പക്ഷെ ഇന്ന് ഒരു തവണ മാത്രം ഉപയോഗിച്ച് പിന്നീട് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ട് മാലിന്യമായി മാറുന്നു

പേന – ഒരമൂല്യ വസ്തുവാണ്
അതിനെ വെറുമൊരു മാലിന്യമാക്കരുത്.

അതിനാൽ മഷിപ്പേനകൾ പുനർജനിക്കട്ടെ
പേനയാൽ ഉണ്ടാകുന്ന മാലിന്യം കുറയട്ടെ .
ഭൂമീദേവി പ്രസാദിക്കട്ടെ .

താൻ ആദ്യമായി എന്തൊക്കെയൊ എഴുതിയെന്ന ആത്മസംതൃപ്തിയോടെ
ഇനിയും തനിക്ക് എഴുതുവാൻ കഴിയുമെന്നോർത്തു
പേന പോക്കെറ്റിലിട്ടു
ശരവണയിൽ രണ്ട് മസാലദോശയും രണ്ട് മുസമ്പിജൂസും ഓർഡർ ചെയ്ത് ഒരു വീരനായകനെപ്പോലെ പുഞ്ചിരിച്ചു കണ്ണുകളടച്ചു അയാൾ കസേരയിലമർന്നിരുന്നു.