പി സി ജോർജ് തൃക്കാക്കരയിൽ എൻ ഡി എ സ്ഥാനാർഥിയാവാൻ സാധ്യത

6267

കൊച്ചി: ജനപക്ഷം നേതാവ് പി സി ജോർജിനെ ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണി സ്ഥാനാർത്ഥിയായി തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നു. ഡൽഹിയിൽ നിന്നെത്തിയ ബിജെപിയുടെ ഒരു ദൂതൻ ഇതു സംബന്ധിച്ച് പി സി ജോർജുമായി ചർച്ചകൾ നടത്തുകയും പി സി ജോർജ് സമ്മതം അറിയിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണനെയായിരുന്നു നിശ്ചയിച്ചിരുന്നത്. മാറിയ സാഹചര്യത്തിലാണ് ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയുടെ ദേശീയ നേതാക്കൾ ആലോചിച്ചത്. ഹൈന്ദവ വികാരം ആളിക്കത്തിച്ച് ഉപതെരെഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു. ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഇത്തരമൊരു നീക്കത്തിനു ബിജെപിയുടെ സംസ്ഥാന നേതൃത്വവും സമ്മതിച്ചതായി അറിയുന്നു

മത വിദ്വേഷവുമായി ബന്ധപ്പെട്ട് പി സി ജോർജ് നടത്തിയ പ്രസംഗത്തെ തുടർന്ന് പോലീസ് കേസെടുക്കുകയും അദ്ദേഹത്തെ ജാമ്യത്തിൽ വിടുകയും ചെയ്തതോടെയാണ് പി സി ജോർജ് വീണ്ടും വിവാദ നായകനായി ചിത്രീകരിക്കപ്പെട്ടത്. ഭൂരിപക്ഷ സമുദായവും ജോർജിന്റെ സമുദായവും ജോർജിനെ പിന്തുണയ്ക്കാൻ സാധ്യത മുന്നിൽ കണ്ടാണ് ബിജെപിയുടെ ദേശീയ നേതാക്കൾ തൃക്കാക്കരയിൽ പുതിയ തന്ത്രം പയറ്റാൻ പോവുന്നത്. തൃക്കാക്കരയിൽ പി സി ജോർജ് ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സ്ഥാനാർത്ഥിയായാൽ കടുത്ത മത്സരത്തിനു അരങ്ങൊരുങ്ങും. യുഡിഎഫ് സ്ഥാനാർഥി മിക്കവാറും പി ടി തോമസിന്റെ ഭാര്യ ഉമ തോമസായിരിക്കാൻ സാധ്യതയുണ്ട്. എൽഡിഎഫ് ഒരു സ്വതന്ത്രനെ രംഗത്തിറക്കിയേക്കും