രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി

62

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറ‌ഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി എയിംസ് ആശുപത്രിയില്‍ വച്ചാണ് സുഷമ മരണപ്പെട്ടത്.

കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016 ൽ സുഷമ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്‍ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.

പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരിയാണ് ഏക മകൾ.

സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ഡൽഹിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും