പാലായിലെ ഇടതുപക്ഷ വിജയം സാമുദായിക സംഘടനകൾ കാരണമോ?

5753

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിജയത്തിന്റെ യഥാർഥ അടിസ്ഥാനം വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രത്യേക പിന്തുണകൊണ്ട് ഉണ്ടായതാണ് എന്ന വിശകലനം യാഥാർഥ്യബോധത്തോടെ ഉള്ളതല്ല. അവിടത്തെ ജന സംഖ്യയിൽ 38.8 % കൃസ്ത്യൻ സമൂഹം, 0.3% മുസ്‌ലിം, 60.9% ഹിന്ദു സമൂഹം അതിൽ ഈഴവ 27.6%, നായർ 25.9% വിഭാഗങ്ങളും 7.4% ദളിതുകളും ആണ്. ഈ ഡെമോഗ്രാഫിയിൽ നിന്ന് മനസിലാക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, ജാതി സമൂഹത്തിന്റെ പിന്തുണയോടെ മാത്രം പാലായിൽ ജയിക്കുവാൻ കഴിയില്ല എന്നാണ്. ശ്രീ കെ.എം മാണിക്ക് അവിടെയുള്ള വിവിധ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ട് പോകുവാൻ കഴിഞ്ഞിരുന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.എന്നാൽ മാണിസാറിന് ശേഷം അദ്ദേഹത്തെ പോലെ ഒരു കൾട് (cult) ആയി വരുവാൻ യു ഡി എഫി ൽ ആർക്കും പാലായിൽ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പാലാക്കാർക്ക് ആരോടും അമിതമായ പ്രേമം ഇല്ല. കേരളത്തിൽ തന്നെ ഏറ്റവും അധികം വിദ്യാസമ്പന്നരായ സമൂഹം ആണ് പാലയിലേത്. കർഷക സമൂഹമായ പാലക്കാർക്ക് തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേയും, സംസ്ഥാന, ദേശീയ രാഷ്ട്രീയത്തെയും വിലയിരുത്തി തീരുമാനമെടുക്കുവാൻ കഴിവുള്ളവരാണ്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹത്തിൽ നിന്ന് ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ വിഷയവുമായി ബന്ധപ്പെട്ട് വിട്ട് പോയ വിഭാഗവും, രാഹുൽ ഇഫക്ടിൽ ഇടത്പക്ഷത്തിന് വോട്ട് ചെയ്യാതിരുന്ന ന്യൂനപക്ഷ കൃസ്ത്യൻ വിഭാഗങ്ങളും തിരിച്ച് ഇടത്പക്ഷത്തിന് വോട്ട് ചെയ്തതാണ് ഈ വിജയത്തിനാധാരം. ഏറ്റവും അധികം ഹിന്ദു സമൂഹം ഉള്ള അവിടെ ബിജെപി യുടെ വോട്ട് 26000 ത്തിൽ നിന്ന് 18004ആയി കുറഞ്ഞു എന്നത് തന്നെ അവിടെത്തെ ജനങ്ങളുടെ രാഷ്ട്രീയമായ പക്വതയെയാണ് സൂചിപ്പിക്കുന്നത്.

കേരള കോൺഗ്രസിലെ തമ്മിലടി കുറച്ച് ഗുണം എൽ ഡി എഫിന് ചെയ്തിരിക്കാം. സ്ഥാനാർഥിയുടെ മികവും ഗുണം ചെയ്തിരിക്കാം. എന്നാൽ ഇതെല്ലാം മുൻപും ഉണ്ടായിരുന്നു. പക്ഷെ രാഷ്ട്രീയമായി വളരെ ശക്തമായ നിലപാടുള്ള കേരളത്തിൽ അതുകൊണ്ട് മാത്രം ആരും ജയിക്കില്ല. യുവതലമുറയിൽ വളർന്ന് വരുന്ന മതനിരപേക്ഷ ചിന്തയോടുള്ള ആഭിമുഖ്യവും, കോർപറേറ്റ് വത്കൃത സാമ്പത്തിക നയത്തോടുള്ള വിയോജിപ്പും ഇടതുപക്ഷത്തിന് അനുകൂലമാണ്. കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നാൽ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത തെറ്റുകൾ തിരുത്തി പുതിയ ദിശാബോധം സൃഷ്ടിക്കും എന്ന വ്യാമോഹം സാധാരണ ജങ്ങൾക്ക് ഉണ്ടായതാണ് ലോകസഭ തിരഞ്ഞെടുപ്പിലെ അവരുടെ വിജയത്തിന് കാരണമെങ്കിൽ, അവർ അധികാരത്തിൽ വന്നില്ല എന്ന് മാത്രമല്ല തുടർന്ന് സ്വീകരിച്ച നയസമീപനങ്ങളിലും ബിജെപി യും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല എന്നതും യു ഡി എഫിനെ കൈ വിടുവാൻ ജനസമൂഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ ആയിരിക്കാം.

പി.എം.വിപിൻ കുമാർ