ബഹ്‌റൈനിൽ ജൂൺ 14-ന് നൃത്ത സംഗീതോത്സവം

7668

മനാമ: അഞ്ചാമത് ബഹ്‌റൈൻ ചെമ്പൈ സംഗീതോത്സവത്തോട് അനുബന്ധിച്ചു ബഹ്റൈനിൽ നൃത്ത സംഗീതോത്സവം അരങ്ങേറുന്നു . പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ജൂൺ 14ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് നടത്തപ്പെടുന്നത്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഇത്തവണ പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും. ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. വൈകിട്ട് 6 മണി മുതൽ നിളോത്സവം അരങ്ങേറും

റിഥമിക് ഡാൻസേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഇന്ത്യൻ കൊണ്ടപ്പററി നൃത്തം “പഞ്ചതത്വ ” , ” ദുബായ്ക്കൂട്ടം ’’ എന്ന കൂട്ടായ്മയിലെ പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കുന്ന പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി, പ്രശസ്ത സിനിമ താരങ്ങളും നർത്തകരുമായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നിരവധി വേദികളിൽ അവതരിപ്പിച്ചു ആസ്വാദക പ്രശംസ നേടിയിട്ടുള്ള ”ജ്ഞാനപ്പാന” യെന്ന നൃത്ത ശിൽപവും ,പാക്ട് കുടുംബത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ എന്നീ പരിപാടികളാണ് നിളോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങൾ .


പാക്‌ട് ഒരു വ്യാഴവട്ടക്കാലം കടന്നു

സ്വന്തം നാടിന്റെ കൂട്ടായ്മയിൽ പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തീയറ്റർ (പാക്ട്) ബഹ്‌റൈൻ മണ്ണിൽ ഒരു വ്യാഴവട്ടം പൂർത്തീകരിച്ചിരിക്കുകയാണ്. 2006 ജൂൺ മാസം 22 ചുരുങ്ങിയ അംഗങ്ങളുമായി തുടക്കം കുറിച്ച ഈ സാംസ്കാരിക സംഘടന ഇന്ന് പ്രവാസലോകത്ത് പാലക്കാടൻ കോട്ട പോലെ തലയുയർത്തി നിൽക്കുകയാണ്.പാലക്കാടിന്റെ കലാ സാംസ്കാരിക പാരമ്പര്യം ബഹ്‌റൈനിലും പിന്തുടരുക ഒപ്പം ബഹ്‌റൈനിലെ എല്ലാ മലയാളികൾക്കും നാടിന്റെ ഹൃദയത്തുടിപ്പ് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഡോ മോഹൻ മേനോൻ ചീഫ് കോർഡിനേറ്ററും ശ്രീ പോൾ സെബാസ്റ്റ്യൻ പ്രസിഡന്റും ശ്രീ ജ്യോതി മേനോൻ സെക്രട്ടറിയുമായ ആദ്യത്തെ കമ്മിറ്റി പാക്‌ട് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മുൻ ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ, മഹാരാഷ്ട്രാ മുൻ ഗവർണ്ണർ ശങ്കരനാരായണൻ, പാലക്കാട് മുൻ പാർലമെന്റ് അംഗം എം ബി രാജേഷ്, ഷാഫി പറമ്പിൽ എം എൽ എ തുടങ്ങിയ അതിഥികൾ മുതൽ മട്ടന്നൂർ ശങ്കരൻ കുട്ടി, പെരുവനം കുട്ടൻ മാരാർ ,ഗായകൻ ഉണ്ണി മേനോൻ, ബാല ഭാസ്കർ, കുഴൽമന്ദം രാമകൃഷ്ണനും പല്ലാവൂർ ശ്രീധരനും പല്ലാവൂർ ശ്രീകുമാറും, ജയരാജ് വാര്യർ, പ്രണവം ശശി, പല്ലാവൂർ സഹോദരങ്ങൾ, അന്തരിച്ച പ്രശസ്ത ഗായകൻ മനോജ് കൃഷ്ണൻ, പത്മഭൂഷൺ ടി വി ഗോപാലകൃഷ്ണൻ, ഗായകൻ മധു ബാലകൃഷ്ണൻ, ഗായത്രി, പ്രകാശ് ഉള്ള്യേരി തുടങ്ങിയ പ്രഗത്ഭ കലാകാരന്മാരുടെ പരിപാടികളും പാക്ടിന്റെ വർഷാവർഷമുള്ള കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി അരങ്ങിലെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലെ ചാരിറ്റി ,മറ്റു സംരംഭങ്ങളിലും പാക്ട് കയ്യൊപ്പ് പതിപ്പിച്ചത് സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉദാഹരണങ്ങളാണ്.ഐ ആർ എഫ് , ബഹ്‌റൈൻ മൈഗ്രന്റ് വർക്ക് സൊസൈറ്റിയുമായി സഹകരിച്ചുള്ള രക്ത ദാന ക്യാമ്പുകൾ നടത്തുകയും അംഗങ്ങളുടെ രക്തദാനം നടത്തുകയും ചെയ്തു.ഇന്ത്യൻ എംബസിയുമായി സഹകരിച്ചുകൊണ്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി പ്രവാസികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റുകളും നൽകാൻ സംഘടന കൈകോർത്തു. പാലക്കാട് ജില്ലയിലെ പറളി ഹൈസ്‌കൂളിലെ കായിക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകി യും പാലക്കാട് വിക്ടോറിയ കോളേജിലെ അത്‌ലറ്റുകൾക്ക് വേണ്ടി ഫണ്ട് നൽകിയും നാടിനോടുള്ള പ്രതിബദ്ധത സൂക്ഷിക്കാൻ സംഘടനയ്ക്കായി. മാതാ പിതാ ഗുരു ദൈവം എന്ന സന്ദേശത്തിലൂന്നി മാതാപിതാക്കളെ ആദരിക്കുന്ന പരിപാടിയും 10,12 ക്ലാസുകളിലെ കുട്ടികളെ ആദരിക്കുന്നതുമെല്ലാം പാക്റ്റിന്റെ പ്രോഗ്രാം കലണ്ടറിലെ ശ്രദ്ധേയ പരിപാടികളാണ്. പ്രളയക്കെടുതിയിൽ നാട് അകപ്പെട്ടപ്പോൾ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ട് ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പാക്ട് ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൂറോളം കുടുംബങ്ങൾക്കുള്ള സാധന സാമഗ്രികളും പാക്ട് നൽകി. അത് കൂടാതെ ഭാഗമായി പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട ഒരാൾക്ക് പാക്‌ട് വീട് നിർമ്മിച്ച്‌ നൽകുകയുണ്ടായി.ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി വരും വർഷങ്ങളിലും മുന്നോട്ടു പോകുമെന്ന് ചീഫ് കോഓർഡിനേറ്റർ ശ്രീ ജ്യോതി മേനോനും , പ്രസിഡന്റ് ശ്രീ ശിവദാസും സെക്രട്ടറി ശ്രീ കെ.ടി.രമേശും അറിയിച്ചു

പന്ത്രണ്ടാം വാർഷികത്തിൽ പാക്‌ട് സംഘടിപ്പിക്കുന്ന “ശ്രുതിലയം – 2019” എന്ന ഈ പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്