ഒരു രാജ്യം ഒരു വാതക ഗ്രിഡ്; കൊച്ചി- മംഗളൂരു ഗെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

831

കൊച്ചി : കൊ​ച്ചി- ​മം​ഗ​ളൂ​രു പ്ര​കൃ​തി വാ​ത​ക പൈ​പ്പ്‌​ലൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡിയോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി നാടിന് സമര്‍പ്പിച്ചു.  രണ്ട് സംസ്ഥാനങ്ങളുടെ വ്യാവസായിക വളര്‍ച്ചക്ക് 450 കിലോമീറ്റർ വരുന്ന  പദ്ധതി ഉപകരിക്കുമെന്നും  ഇന്ത്യക്ക് ഇന്ന് സുപ്രധാന ദിനമാണെന്നും പദ്ധതിയുടെ  ഉദ്‌ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍, വി മുരളീധരന്‍ പങ്കെടുത്തു.


സാമ്പത്തിക രംഗത്ത് പ്രകൃതി വാതകത്തിന്റെ പങ്ക് വളരെ വലുതാണ്. ടൂറിസം മേഖലക്ക് കുതിപ്പുണ്ടാകും. പ്രകൃതി വാതകം മലിനീകരണം കുറക്കും. 700 സി എന്‍ ജി സ്റ്റേഷനുകള്‍ തറുക്കും. ഒരു രാജ്യം ഒരു വാതക ഗ്രിഡ് എന്നതിലേക്കുള്ള ചുവടുവെപ്പാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ 12 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സ്വയം തൊഴിലും തൊഴിൽ അവസരവും വർദ്ധിക്കുമെന്നും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി 444 കിലോമീറ്റര്‍ പൈപ്പ് ലൈലിലൂടെ കര്‍ണാടകയിലെ മംഗളൂരിലെത്തും. പെട്രോകെമിക്കല്‍, ഊര്‍ജം, രാസവളം മേഖലകള്‍ക്ക് സംശുദ്ധമായ ഇന്ധനമാണ് ലഭിക്കുക. 2013ല്‍ ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.

ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍ എന്‍ ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.

മൂവായിരം കോടി രൂപ ചെലവിൽ നിർമിച്ച ഈ പൈപ്പ് ലൈൻ പ്രവർത്തനക്ഷമമാകുന്നത് കേരളത്തിന്‍റെ വികസനത്തിൽ നിർണായക വഴിത്തിരിവാകും.  കൊ​ച്ചി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഓ​രോ ദി​വ​സ​വും 12 ദ​ശ​ല​ക്ഷം മെ​ട്രി​ക് സ്റ്റാ​ൻ​ഡേ​ഡ് ക്യൂ​ബി​ക് മീ​റ്റ​ര്‍ പ്ര​കൃ​തി വാ​ത​കം എ​ത്തി​ക്കാ​ന്‍ ഗെ​യ്‌​ല്‍ പൈ​പ്പ്‌​ലൈ​ന്‍ ഉപയോഗിക്കാം.

ഗെയിൽ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.