നഴ്‌സുമാരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കേരളത്തിന് ഗുണകരമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

6399

കൊച്ചി: ചികിത്സാരംഗത്ത് ഏറ്റവുമധികം പ്രവര്‍ത്തിക്കേണ്ടിവരുന്ന നഴ്‌സുമാരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കേരളത്തിന് ഗുണകരമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. നഴ്‌സിംഗ് വേതന വ്യവസ്ഥ പുനര്‍നിര്‍ണ്ണയിച്ച നടപടികളോട് കേരത്തിന്റെ മെല്ലെപ്പോക്ക് സ്വകാര്യമാനേജ്‌മെന്റുകളെ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ദൃശ്യമാധ്യമത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നഴ്‌സുമാരുടെ വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവില്‍ പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ നയം നടപ്പായിട്ടില്ല. ആശുപത്രികളിലെ വേതനം കിടക്കകളുടെ അടിസ്ഥാനത്തിലാണെന്നത് മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ എണ്ണത്തില്‍ നടത്തുന്ന തട്ടിപ്പ് സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.ഏറ്റവുമധികം അഭ്യസ്ഥവിദ്യരും നല്ല സാങ്കേതിക മികവുള്ളവരും കേരളത്തിലാണുള്ളത്.അത് അംഗീകരിക്കാന്‍ തയ്യാറാകണം. മുരളീധരന്‍ സൂചിപ്പിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ പലതും നടപ്പാക്കാനെടുക്കുന്ന കാലതാമസം കേരളം പിന്തുടരാന്‍ പാടില്ല.മിനിമം വേതനം നടപ്പാക്കാത്തവര്‍ക്കെതിരെ നടപടി നിര്‍ത്തിവച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ഒരുതരത്തില്‍ സംസ്ഥാനത്തിന് വെല്ലുവിളിയാണ്.സര്‍ക്കാര്‍ ഇത് കണക്കാക്കി നഴ്‌സ്മാര്‍ക്ക് അര്‍ഹമായ മിനിമം വേതനം ഒരേതരത്തില്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.